ബംഗളൂരു: ഹേമാവതി എക്സ് പ്രസ് ലിങ്ക് കനാൽ പ്രവൃത്തി സ്ഥലത്ത് നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധത്തിൽ പങ്കെടുത്തതിന് മൂന്ന് സിറ്റിങ് എം.എൽ.എമാർ, ബി.ജെ.പി, ജെ.ഡി (എസ്) നേതാക്കൾ, സന്യാസിമാർ, കർഷക നേതാക്കൾ, കന്നട പ്രവർത്തകർ എന്നിവരുൾപ്പെടെ നൂറിലധികം പേർക്കെതിരെ ഗുബ്ബി പൊലീസ് തിങ്കളാഴ്ച കേസെടുത്തു. എം.എൽ.എമാരായ ബി. സുരേഷ് ഗൗഡ-ബി.ജെ.പി(തുംകൂർ റൂറൽ), ജി.ബി ജ്യോതി ഗണേഷ് -ബി.ജെ.പി(തുംകൂർ സിറ്റി), എം.ടി കൃഷ്ണപ്പ-ജെ.ഡി.എസ്, എം.എൽ.എ മസാലെ ജയറാം, നേതാക്കളായ എസ്.ഡി ദിലീപ് കുമാർ, എ. ഗോവിന്ദരാജു, എച്ച്.എസ് രവിശങ്കർ എന്നിവർക്കെതിരെയാണ് നിരോധനാജ്ഞ ലംഘിച്ചതിനും പൊതുസ്വത്തിന് നാശനഷ്ടം വരുത്തിയതിനും പ്രകോപനപരമായ പ്രസംഗം നടത്തിയതിനും കേസെടുത്തത്.
എഫ്.ഐ.ആറിൽ സന്യാസിമാരുടെ പേരുകൾ പരാമർശിച്ചിട്ടില്ല. ശനിയാഴ്ച കർഷകരും കന്നഡ അനുകൂല സംഘടനകളും ഉൾപ്പെടെ നൂറുകണക്കിനാളുകൾ ലിങ്ക് കനാൽ ജോലി സ്ഥലത്തിന്റെ 10 കിലോമീറ്റർ ചുറ്റളവിൽ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധ പ്രകടനം നടത്തിയെന്ന് എഫ്.ഐ.ആറിൽ പറഞ്ഞു.
പ്രതിഷേധത്തിനിടെ അവർ കൂറ്റൻ പൈപ്പുകൾ ഒരു കിടങ്ങിലേക്ക് വലിച്ചെറിഞ്ഞു. തൊഴിലാളികളെ തടസ്സപ്പെടുത്തി. ബസുകളുടെ മുൻവശത്തെ ചില്ലുകളും ജനൽ ചില്ലുകളും തകർത്തു- എഫ്.ഐ.ആറിൽ പറയുന്നു. ഗുബ്ബി പൊലീസ് 13 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഹേമാവതിയിലെ വെള്ളം മഗഡിയിലേക്കും രാമനഗരയിലേക്കും തിരിച്ചുവിടുന്നത് തുംകൂരു നദീതട ജില്ലയിൽ ജലക്ഷാമത്തിന് കാരണമാകുമെന്ന് ആരോപിച്ച് പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ശനിയാഴ്ച പ്രതിഷേധം സംഘടിപ്പിച്ചത്. പദ്ധതിയുടെ സാധ്യതാ പഠനം നടത്താൻ ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രൂപവത്കരിച്ച സാങ്കേതിക സമിതി വെറും കണ്ണിൽ പൊടിയിടൽ മാത്രമാണെന്ന് ഗുബ്ബി കോൺഗ്രസ് എം.എൽ.എ എസ്.ആർ ശ്രീനിവാസ് പറഞ്ഞു.
. അവർ അവരുടെ ആളുകളെ സാങ്കേതിക സമിതിയിൽ ഉൾപ്പെടുത്തും. ഇത് ലക്ഷ്യത്തെ പരാജയപ്പെടുത്തും. ആദ്യ ദിവസം മുതൽ താൻ പദ്ധതിയെ എതിർക്കുകയാണ്. അശാസ്ത്രീയമായ പദ്ധതി നടപ്പിലാക്കാൻ മുന്നോട്ട് പോകരുതെന്ന് മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും നേരിട്ടുകണ്ട് ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്ന് കെ.എസ്.ആർ.ടി.സി ചെയർമാൻ കൂടിയായ ശ്രീനിവാസ് തുംകൂരുവിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.