ബംഗളൂരു: മേയ് ഒന്നു മുതൽ 13 വരെ സംസ്ഥാനത്തുടനീളമായി ലഭിച്ചത് 31 ശതമാനം അധികമഴ. അതേസമയം, കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ കണക്കുപ്രകാരം ഏപ്രിൽ മാസത്തിൽ ബംഗളൂരു അർബൻ, ബംഗളൂരു റൂറൽ, മാണ്ഡ്യ, മൈസൂരു, ബെലഗാവി, ചിക്കമംഗളൂരു, രാമനഗര, ചിക്കബല്ലാപുര, തുമക്കുരു, ചിത്രദുർഗ, ഹാസൻ, ദക്ഷിണ കന്നട, കുടക്, ചാമരാജ്നഗർ എന്നിവിടങ്ങളിലടക്കം സംസ്ഥാനത്ത് 99 ശതമാനം കുറവ് മഴയാണ് ലഭിച്ചിരുന്നത്. കഴിഞ്ഞ 41 വർഷത്തിനിടയിൽ ആദ്യമായിട്ടാണ് ബംഗളൂരുവിൽ ഇത്തവണ ഏപ്രിൽ മാസത്തിൽ മഴ ലഭിക്കാതിരുന്നത്. നീണ്ട ഇടവേളക്കുശേഷമെത്തിയ മഴ സംസ്ഥാനത്തുടനീളം തകർത്തുപെയ്യുകയാണ്.
തുമക്കുരു, ചിത്രദുർദ, റെയ്ച്ചൂർ, ബിദർ എന്നിവിടങ്ങളിൽ 60 ശതമാനത്തിലധികം മഴ ലഭിച്ചു. കർണാടകയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ഈ ജില്ലകളിലാണ്. എന്നാൽ ഉടുപ്പി, ശിവമൊഗ്ഗ, ബെള്ളാരി, ബാഗൽകോട്ട് എന്നിവിടങ്ങളിൽ മഴ താരതമ്യേന കുറവാണ്. സാധാരണ ലഭിക്കേണ്ടതിലും 60 ശതമാനം കുറവ് മഴയാണ് ഇവിടങ്ങളിൽ ലഭിച്ചിട്ടുള്ളത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ബംഗളൂരുവിൽ 196 ഇടങ്ങളിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. നഗരത്തിലെവിടെയും അതിതീവ്ര മഴ ലഭിച്ചിട്ടില്ലെന്ന് ബൃഹത് ബംഗളൂരു മഹാനഗര പാലികെ ചീഫ് കമീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. ബി.ബി.എം.പിയുടെ എട്ട് സോണുകളിൽ മഹാദേവപുരയിലാണ് ഏറ്റവും കൂടുതൽ വെള്ളക്കെട്ടുള്ളത്. കഴിഞ്ഞ ദിവസം വീണ 171 മരങ്ങളിൽ 162 എണ്ണവും മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഴയെയും കാറ്റിനെയും തുടർന്ന് വീഴുന്ന മരങ്ങൾ ബി.ബി.എം.പിയുടെ കീഴിലുള്ള വനം വകുപ്പിന്റെ തടി ഡിപ്പോകളിലേക്കാണ് മാറ്റുന്നത്. ഞായറാഴ്ച ശിവാജിനഗർ ബസ് സ്റ്റാൻഡിലെ മേൽക്കൂരയിൽ വിള്ളൽ വീണത് യാത്രക്കാരിൽ ആശങ്ക സൃഷ്ടിച്ചിരുന്നു. ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ ഒന്നാംനില കാർ പാർക്കിങ് ഏരിയയാണ്. വിള്ളൽ ഗുരുതര സ്വഭാവത്തിലുള്ളതല്ലെന്നും ബി.എം.ടി.സിയുടെ സിവിൽ എൻജിനീയറിങ് ടീം പ്രശ്നം ഉടൻ പരിഹരിക്കുമെന്നും മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
കഡുഗോടി ട്രീ പാർക്ക് മെട്രോ സ്റ്റേഷനിനു മുന്നിൽ വെള്ളക്കെട്ട് രൂപപ്പെട്ടത് യാത്രക്കാർക്ക് പ്രയാസം സൃഷ്ടിച്ചിരുന്നു. കോമ്പഗൗഡ ഇന്റർനാഷനൽ എയർപോർട്ടിൽ റൺവേയിലെ വെള്ളക്കെട്ടും ശക്തമായ മഴയെത്തുടർന്ന് കാലാവസ്ഥ പ്രതികൂലമായതും കാരണം 11 വിമാനങ്ങളാണ് ചെന്നൈയിലേക്ക് വഴിതിരിച്ചുവിട്ടത്. മെയ് 17 വരെ ബംഗളൂരുവിൽ മഴയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റുമുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.