ഇദ്രീസ് പാഷയുടെ കൊലപാതകത്തിലെ പ്രതികൾ.
മധ്യത്തിൽ നീല ഷർട്ടിട്ടയാളാണ് പുനീത് കീരെഹള്ളി
ബംഗളൂരു: തീവ്ര ഹിന്ദുസംഘടനയുടെ നേതാവും കുപ്രസിദ്ധ ഗോരക്ഷാ ഗുണ്ടയുമായ ബംഗളൂരു സ്വദേശി പുനീത് കുമാർ എന്ന പുനീത് കീരെഹള്ളി (32) കർണാടക ഗുണ്ട നിയമ പ്രകാരം അറസ്റ്റിൽ. കാലികളെ കൊണ്ടുപോകുന്നവരെ ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തുവന്ന ഇയാൾ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്. വെള്ളിയാഴ്ച രാത്രി സെൻട്രൽ ക്രൈം ബ്രാഞ്ചാണ് പിടികൂടിയത്. ‘രാഷ്ട്ര രക്ഷണ പദെ’ (ദേശ സുരക്ഷ സേന) എന്ന പേരിൽ പ്രത്യേക സംഘം രൂപവത്കരിച്ചാണ് ഇയാൾ പ്രവർത്തിച്ചിരുന്നത്. കാലിക്കച്ചവടക്കാർ, മാംസവ്യാപാരികൾ, കാലികളെ കൊണ്ടുപോകുന്നവർ തുടങ്ങിയവരെയാണ് ലക്ഷ്യം വെച്ചിരുന്നത്.
അനധികൃത കാലിക്കടത്ത് ആരോപിച്ച് മുസ്ലിം കാലിക്കച്ചവടക്കാരനായ മാണ്ഡ്യ സ്വദേശി ഇദ്രിസ് പാഷ(40)യെ കൊലപ്പെടുത്തിയ കേസിൽ ഇയാൾ മുഖ്യപ്രതിയാണ്. രാമനഗര ജില്ലയിൽ ഏപ്രിൽ ഒന്നിനാണ് പാഷയെ കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടത്. ഈ കേസിൽ ശിവമൊഗ്ഗയിലെ പവൻകുമാർ (23), യാദ്ഗിറിലെ പിലങ്കപ്പ (20), രാമനഗരയിലെ ഗോപി (23), റായ്ചൂരിലെ സുരേഷ് (21) എന്നിവരും പിടിയിലായിരുന്നു. കർണാടകയിൽ ബി.ജെ.പി സർക്കാർ കൊണ്ടുവന്ന ഗോവധ നിരോധനനിയമം പ്രാബല്യത്തിൽ വന്നതിന് ശേഷമുള്ള ഇതുമായി ബന്ധപ്പെട്ട ആദ്യ കൊലയായിരുന്നു ഇദ്രീസ് പാഷയുടേത്.
മാർച്ച് 31ന് രാത്രി 11.40ഓടെയാണ് അനധികൃത കാലിക്കടത്തെന്ന് ആരോപിച്ച് പുനീത് കീരെഹള്ളിയുടെ നേതൃത്വത്തിലുള്ള ഗോരക്ഷാഗുണ്ടകൾ ഇദ്രീസ് പാഷയുടെയും സഹപ്രവർത്തകരുടെയും ലോറി തടഞ്ഞ് മർദിച്ചത്. കന്നുകാലികളെ കൊണ്ടുപോകാനുള്ള രേഖകൾ ഇവരെ ഇദ്രീസ് കാണിച്ചുവെങ്കിലും കീരെഹള്ളി രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടു. ഇതിന് കഴിയില്ലെന്ന് പറഞ്ഞതോടെ ‘പാകിസ്താനിലേക്ക് പോകൂ’ എന്ന് ആക്രോശിച്ച് ഗുണ്ടകൾ ആക്രമിക്കുകയായിരുന്നു. രക്ഷപ്പെടാനായി ഓടിയ പാഷയുടെ മൃതദേഹം പിറ്റേദിവസമാണ് റോഡരികിൽ കണ്ടത്. കീരെഹള്ളി ഇദ്രീസിനെ ഇലക്ട്രിക്ക് ഉപകരണം കൊണ്ട് ഷോക്കേൽപിക്കുന്നതടക്കമുള്ള ദൃശ്യങ്ങൾ പിന്നീട് പുറത്തുവന്നിരുന്നു. കേസിലെ മുഖ്യ പ്രതി പുനീത് കീരെഹള്ളിയേയും നാല് കൂട്ടാളികളെയും രാജസ്ഥാനിൽ നിന്നാണ് പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്ക് ഉന്നത ബി.ജെ.പി നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. സൗത്ത് ബംഗളൂരു ബി.ജെ.പി എം.പി തേജസ്വി സൂര്യ, ബി.ജെ.പി ദേശീയ സെക്രട്ടറി സി.ടി. രവി, ശ്രീരാമസേന തലവൻ പ്രമോദ് മുത്തലിക് തുടങ്ങിയവരോടൊപ്പം ഇയാൾ നിൽക്കുന്ന നിരവധി ഫോട്ടോകൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ, അഞ്ചു പ്രതികൾക്കും ഈയടുത്ത് കർണാടക ഹൈകോടതി ജാമ്യം അനുവദിച്ചിരുന്നു. മൃതദേഹത്തിൽ മരണകാരണമായ പരിക്കുകൾ ഇല്ലെന്നും മരണകാരണം സംബന്ധിച്ച് കൂടുതൽ പരിശോധന വേണമെന്നും പറഞ്ഞായിരുന്നു ജാമ്യം അനുവദിച്ചത്.
വിവിധ പൊലീസ് സ്റ്റേഷനുകളിലായി കീരെഹള്ളിക്കെതിരെ പത്ത് കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. സാമുദായിക സൗഹാർദം തകർക്കുന്ന രൂപത്തിലായിരുന്നു ഇയാളുടെ പ്രവൃത്തികളെന്നും സമാധാന-സ്വൈരജീവിതത്തിന് നിരന്തരം തടസ്സമുണ്ടാക്കിയെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.