ബംഗളൂരു: ബംഗളൂരു കെംപെഗൗഡ വിമാനത്താവളം വഴിയുള്ള പ്രധാന അന്താരാഷ്ട്ര സ്വർണ കള്ളക്കടത്ത് സംഘത്തിലെ അഞ്ചുപേരെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) പിടികൂടി. അഞ്ച് കോടി രൂപ വിലവരുന്ന സ്വർണം പിടിച്ചെടുത്തു.
പ്രത്യേക ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ഡി.ആർ.ഐയുടെ ബംഗളൂരു സോണൽ യൂനിറ്റിലെ ഉദ്യോഗസ്ഥർ വിമാനത്താവളത്തിന്റെ ടെർമിനൽ രണ്ടിൽ നിരീക്ഷണം ഏർപ്പെടുത്തി വിദേശ പൗരന്മാരും പ്രാദേശിക സഹായികളും ഉൾപ്പെടുന്ന ശൃംഖലയെ തടഞ്ഞ് പരിശോധിക്കുകയായിരുന്നു. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും നടത്തിയ ഓപറേഷനിൽ 3.356 കിലോഗ്രാം സ്വർണ്ണം പിടിച്ചെടുത്തു. കാപ്സ്യൂൾ ആകൃതിയിലുള്ള പാക്കറ്റുകൾക്കുള്ളിൽ പേസ്റ്റ് രൂപത്തിൽ സ്വർണം സമർത്ഥമായി ഒളിപ്പിച്ചിരിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
വിദേശത്ത് നിന്ന് എത്തുന്ന വിമാനക്കമ്പനികൾ ബംഗളൂരുവിനെ ഒരു ട്രാൻസിറ്റ് പോയിന്റായി മനഃപൂർവ്വം തെരഞ്ഞെടുത്തുവെന്നും വിമാനത്താവള പരിസരത്ത് രഹസ്യമായി യാത്ര ചെയ്യാൻ സൗകര്യമൊരുക്കുന്നതിനായി ദീർഘമായ ലേഓവറുകൾ ഉപയോഗപ്പെടുത്തിയെന്നും അന്വേഷണത്തിൽ വ്യക്തമായെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ശരീരത്തിൽ ഒളിപ്പിച്ച് കൊണ്ടുവന്ന സ്വർണം മുൻകൂട്ടി ക്രമീകരിച്ച പാസ്കോഡ് സംവിധാനം ഉപയോഗിച്ച്, ശുചിമുറികൾ, പുകവലി മേഖലകൾ തുടങ്ങിയ സെൻസിറ്റീവ് പ്രദേശങ്ങൾക്കുള്ളിലെത്തിച്ച് അതുവഴി കസ്റ്റംസ് പരിശോധന ഒഴിവാക്കുന്നതാണ് സംഘത്തിന്റെ ശൈലി.
നിയന്ത്രിത മേഖലകളിൽ കോഡഡ് എക്സ്ചേഞ്ചുകൾ ഉപയോഗിക്കുന്നതിനാൽ സംഘത്തിന് പതിവ് പരിശോധനകളിൽ നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞതായും ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.