ബംഗളൂരു : നെലമംഗല അടകമരഹള്ളിയിൽ വ്യാഴാഴ്ച പാചകവാതക സിലിണ്ടർ ചോർന്നതിനെത്തുടർന്നുണ്ടായ തീപിടിത്തത്തിൽ രണ്ട് പേർ വെന്തുമരിക്കുകയും നാല് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. നാഗരാജു(50), ശ്രീനിവാസ്(50) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ അഭിഷേഖ് ഗൗഡ, ശിവശങ്കർ, ലക്ഷ്മിദേവി, ബസന ഗൗഡ എന്നിവരെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ മദനായകനഹള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു. വീടിനുള്ളിലെ ഗ്യാസ് ചോർച്ചയാണ് തീപിടിത്ത കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
ബല്ലാരി സ്വദേശിയായ നാഗരാജു ഭാര്യ ലക്ഷ്മിദേവിക്കും മക്കളായ അഭിഷേഖ് ഗൗഡ, ബസന ഗൗഡ എന്നിവരോടൊപ്പം വാടക വീട്ടിലാണ് താമസിച്ചിരുന്നത്. ഒഴിഞ്ഞ സിലിണ്ടർ മാറ്റി പുതിയത് സ്ഥാപിക്കുന്നതിനിടെ വാതക ചോർച്ച അഭിഷേക് ശ്രദ്ധിച്ചില്ല. ദേവന്റെ ഫോട്ടോക്ക് മുന്നിൽ കത്തിച്ച വിളക്കിൽ നിന്ന് വാതകത്തിലേക്ക് തീപിടിച്ചു. തീ പെട്ടെന്ന് വീടാകെ പടരാൻ ഇത് കാരണമായി. വീടിന് തീ പിടിച്ചതോടെ ലക്ഷ്മിദേവിയും ബസന ഗൗഡയും രക്ഷപ്പെട്ടു. എന്നാൽ നാഗരാജുവും അഭിഷേകും അകത്ത് കുടുങ്ങി. അയൽവാസിയായ ശ്രീനിവാസും വീട്ടുടമസ്ഥനായ ശിവശങ്കറും ഓടിയെത്തി തീ അണക്കാനും ഇരകളെ രക്ഷിക്കാനും ശ്രമിച്ചു. നാഗരാജുവിനെയും അഭിഷേകിനെയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ശ്രീനിവാസ് തീയിൽ കുടുങ്ങി വെന്തുമരിച്ചു. അഭിഷേക് തീയിൽ നിന്ന് രക്ഷപ്പെട്ട് വീട്ടിൽ നിന്ന് പുറത്തിറങ്ങിയെന്നുമാണ് പൊലീസ് പറയുന്നത്. പരിക്കേറ്റവർ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.