ഫാ. പിന്റോ
മംഗളൂരു: സെന്റ് അലോഷ്യസ് യൂനിവേഴ്സിറ്റി പ്രോ-ചാൻസലറും സെന്റ് അലോഷ്യസ് ഇൻസ്റ്റിറ്റ്യൂഷൻസ് റെക്ടറും മംഗളൂരു ജെസ്യൂട്ട് എജുക്കേഷനൽ സൊസൈറ്റി (എംജെഇഎസ്) വൈസ് പ്രസിഡന്റുമായ ഫാ. മെൽവിൻ ജെ പിന്റോ എസ്ജെ(63) വെള്ളിയാഴ്ച നിര്യാതനായി. 1963 ൽ ജനിച്ച മെൽവിൻ പിന്റോ, 1981 ജൂൺ 20 ന് ജെസ്യൂട്ട് സഭയിൽ ചേരുന്നതിന് മുമ്പ് സെന്റ് അലോഷ്യസിൽ സ്കൂൾ വിദ്യാഭ്യാസവും കോളേജ് വിദ്യാഭ്യാസവും പൂർത്തിയാക്കി. 1997 ഏപ്രിൽ 14 ന് ജെസ്യൂട്ട് വൈദികനായി അഭിഷിക്തനായി. ഇംഗ്ലീഷിൽ എംഎ, വിദ്യാഭ്യാസത്തിൽ ബിരുദാനന്തര ബിരുദം, മനഃശാസ്ത്രത്തിലും കൗൺസലിങ്ങിലും ഡിപ്ലോമകൾ, സ്കൂൾ അഡ്മിനിസ്ട്രേഷൻ എന്നിവയുൾപ്പെടെ നിരവധി അക്കാദമിക് യോഗ്യതകൾ അദ്ദേഹം നേടി.പിന്നീട് സെന്റ് ജോസഫ്സ് ഇന്ത്യൻ പി.യു കോളജ് സ്ഥാപിക്കുകയും 2007 വരെ അതിന്റെ പ്രിൻസിപ്പലായി സേവനമനുഷ്ഠിക്കുകയും ചെയ്തു. തുടർന്ന് 2007 മുതൽ 2011 വരെ മംഗളൂരുവിലെ സെന്റ് അലോഷ്യസ് ഹൈസ്കൂളിന്റെ ഹെഡ്മാസ്റ്ററായും പിന്നീട് 2012 വരെ ഹാസനിലെ സെന്റ് ജോസഫ്സ് പി.യു കോളജിന്റെ പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചു. റോമിലെ വത്തിക്കാൻ കമ്യൂണിക്കേഷൻസ്, റേഡിയോ എന്നിവയിലും ഫാദർ മെൽവിൻ പിന്റോ പ്രവർത്തിച്ചു, 2017 മേയ് മുതൽ രണ്ട് വർഷം വലൻസിയയിലെ ഫാത്തിമ റിട്രീറ്റ് ഹൗസിന്റെ സുപ്പീരിയറായും ഡയറക്ടറായും സേവനമനുഷ്ഠിച്ച അദ്ദേഹം ധാർവാഡിലെ ‘വിദ്യാനികേതൻ’ എന്ന ജെസ്യൂട്ട് പഠന ഭവനത്തിന്റെ സുപ്പീരിയറായി നിയമിതനായി. വിദ്യാഭ്യാസ നവീകരണത്തിനായുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ വ്യാപകമായി അംഗീകരിക്കപ്പെട്ടു. ഫാദർ മെൽവിൻ ജെ. പിന്റോയുടെ വിയോഗം വിദ്യാഭ്യാസ, മത മേഖലകൾക്ക് വലിയ നഷ്ടമാണെന്നും സമൂഹത്തിൽ വലിയൊരു ശൂന്യത സൃഷ്ടിച്ചുവെന്ന് ഇവാൻ ഡിസൂസ എംഎൽസി പ്രസ്താവനയിൽ പറഞ്ഞു. ദക്ഷിണ കന്നട ജില്ല ചുമതലയുള്ള മന്ത്രി ദിനേശ് ഗുണ്ടു റാവു ദുഃഖം രേഖപ്പെടുത്തി, വിദ്യാഭ്യാസത്തിന് അദ്ദേഹം നൽകിയ സേവനങ്ങളും സംഭാവനകളും എന്നും ഓർമിക്കപ്പെടുമെന്ന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.