വ്യാജ ഒപ്പിട്ട് കരാര്‍: ബി.എം.ടി.സി ജീവനക്കാര്‍ക്കെതിരെ സി.സി.ബി അന്വേഷണം

 ബംഗളൂരു: വ്യാജ ഒപ്പിട്ട് കരാറുകൾ അനർഹമായി കമ്പനികൾക്ക് നൽകിയ കേസ് അന്വേഷണം സെന്‍ട്രൽ ക്രൈംബ്രാഞ്ചിന് (സി.സി.ബി.) കൈമാറും. ഉന്നത ഉദ്യോഗസ്ഥരുടെ വ്യാജ ഒപ്പിട്ട് അനര്‍ഹരായ കമ്പനികള്‍ക്ക് വിവിധ നിര്‍മാണ പ്രവൃത്തികള്‍ കരാര്‍ നല്‍കിയ ബി.എം.ടി.സി ജീവനക്കാര്‍ക്കെതിരെയാണ് അന്വേഷണം. 2020 മാര്‍ച്ച് മുതല്‍ ഈ വര്‍ഷം സെപ്റ്റംബര്‍ വരെയാണ് ആറ് ഉദ്യോഗസ്ഥര്‍ വ്യാജ ഒപ്പിട്ട് തട്ടിപ്പ് നടത്തിയത്.

ഇവരെ വിത്സൻ ഗാര്‍ഡന്‍ പൊലീസ് നേരത്തേ അറസ്റ്റ്ചെയ്തിരുന്നു. സെന്‍ട്രല്‍ ഡിപ്പോയിലെ ഉദ്യോഗസ്ഥരായ ഇവര്‍ ബി.എം.ടി.സി മാനേജിങ് ഡയറക്ടര്‍ സി. ശിഖ, സെക്യൂരിറ്റി-വിജിലന്‍സ് വിഭാഗം ഡയറക്ടര്‍ കെ. അരുണ്‍ എന്നിവരുടെ വ്യാജ ഒപ്പിട്ടാണ് ചില കമ്പനികള്‍ക്ക് കരാര്‍ നല്‍കിയത്. ഈയിനത്തില്‍ വലിയ തുക ഇവര്‍ക്ക് കൈക്കൂലിയായി ലഭിച്ചെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. കഴിഞ്ഞമാസം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച കണക്കുകള്‍ പരിശോധിക്കുന്നതിനിടെയാണ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തട്ടിപ്പ് കണ്ടെത്തിയത്.

മതിയായ യോഗ്യതയില്ലാത്ത കമ്പനികള്‍ക്ക് കരാര്‍ നല്‍കിയതിലൂടെ ബി.എം.ടി.സി.ക്ക് 17 കോടി രൂപയുടെ നഷ്ടമുണ്ടായതായും കണ്ടെത്തി. തട്ടിപ്പുനടത്തിയ ജീവനക്കാരുടെ മുന്‍ ഇടപാടുകളും വിശദമായി പരിശോധിക്കണമെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. ഇതോടെയാണ് കേസ് സി.സി.ബിക്ക് വിടാൻ തീരുമാനമുണ്ടായത്. കേസന്വേഷണം കൈമാറുന്നതിന് ധാരണയായതായും വരുംദിവസങ്ങളില്‍ ആഭ്യന്തര വകുപ്പ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കുമെന്നും ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു.

Tags:    
News Summary - Forged contract: CCB probe against BMTC employees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.