ബംഗളൂരു: കര്‍ണാടക ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ (കെ.എഫ്.എസ്.ഡി.എ) സംസ്ഥാനവ്യാപകമായി നടത്തിയ പരിശോധനയിൽ റെയിൽവേ സ്റ്റേഷന് പരിസരത്ത് നിന്നും പഴകിയ ഭക്ഷണ സാധനങ്ങളും അസംസ്കൃത വസ്തുക്കളും പിടികൂടി. 36 റെയിൽവേ സ്റ്റേഷനുകളും കാന്റീനുകൾ, പ്ലാറ്റ്ഫോം സ്റ്റാളുകൾ, ട്രെയിൻ പാന്റി എന്നിവയുൾപ്പെടെ 112 ഭക്ഷണ സ്ഥാപനങ്ങളും സംഘം പരിശോധിച്ചു. ഭക്ഷ്യ സുരക്ഷ, സംഭരണം, ലേബലിങ്, ഭക്ഷണം കൈകാര്യം ചെയ്യുന്ന രീതികൾ എന്നിവയാണ് പ്രധാനമായും പരിശോധിച്ചത്.
ഹാവേരി റെയിൽവേ സ്റ്റേഷനിൽ കാലാവധി കഴിഞ്ഞ തൈര്, പാൽ പാക്കറ്റുകൾ കണ്ടെത്തി. മൈസൂരു റെയിൽവേ സ്റ്റേഷനിൽ പ്ലാസ്റ്റിക് വസ്തുക്കൾ ഉപയോഗിച്ച് ഇഡ്ഡലി തയ്യാറാക്കുതായും വൃത്തിഹീനമായ സാഹചര്യത്തില്‍ ഹാർഡ്ബോർഡ് പെട്ടികളില്‍ സമൂസ സൂക്ഷിച്ചിരുന്നതും ഭക്ഷ്യയോഗ്യമല്ലാത്ത പ്ലാസ്റ്റിക് ബക്കറ്റുകളിൽ ചട്ണി സൂക്ഷിച്ചെന്നും കണ്ടെത്തി.
കെ.ആര് പുരം റെയില്‍വേ സ്റ്റേഷനിലെ ഭക്ഷണ സ്റ്റാളുകളില്‍ നിന്നാണ് ഏറ്റവുമധികം പഴകിയ ഭക്ഷണ സാധനങ്ങള്‍ കണ്ടെത്തിയത്. പഴകിയ ഇഡലി,സമൂസ, പൂപ്പല്‍ പിടിച്ച പച്ചക്കറികൾ സൂ ക്ഷിച്ചത് വൃത്തിഹീനമായ സാഹചര്യത്തിലാണെന്ന് കണ്ടെത്തി. ചില സ്ഥാപനങ്ങളിൽ കാലാവധി കഴിഞ്ഞ ഭക്ഷണ സാധനങ്ങൾ വിൽപ്പനക്കായി സൂക്ഷിച്ചിരുന്നു. അനുവദനീയമല്ലാത്ത സിന്തറ്റിക് നിറങ്ങൾ ജിലേബി, ഖോവ, പേഡ എന്നിവയില്‍ ഉപയോഗിക്കുന്നതായും വ്യക്തമായി.
ഭക്ഷണ പാക്കറ്റുകളിൽ ലേബലിങ് വിശദാംശങ്ങൾ നല്കിയിരുന്നില്ലയെന്നും പല സ്ഥാപനങ്ങളിലും ഭക്ഷ്യ ബിസിനസ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ പൊതുജനങ്ങള്‍ക്ക് കാണത്തക്കവിധത്തില്‍ പ്രദർശിപ്പിച്ചിട്ടില്ലെന്നും ഫുഡ് ഇൻസ്പെക്ടർമാർ കണ്ടെത്തി. മംഗളൂരു-കേരള, ഹുബ്ബള്ളി- ബംഗളൂരു റൂട്ടുകളിൽ സർവിസ് നടത്തുന്ന രണ്ട് വന്ദേ ഭാരത് ട്രെയിനുകളിൽ നടത്തിയ പരിശോധനയിൽ പാൻട്രി സൗകര്യങ്ങൾ വൃത്തിയുള്ളതും ശുചിത്വമുള്ളതുമാണെന്ന് കണ്ടെത്തി.
നിയമം പാലിക്കാത്ത ഓപ്പറേറ്റർമാർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനായി പരിശോധനയില്‍ കണ്ടെത്തിയ വിവരങ്ങള്‍ റെയിൽവേ അധികാരികളുമായും നിയുക്ത ഉദ്യോഗസ്ഥരുമായും പങ്കിടുമെന്ന് കെ.എഫ്.എസ്.ഡി.എ അധികൃതര്‍ അറിയിച്ചു
അടുത്തിടെ ആഢംബര ഹോട്ടലുകള്‍, കെ.എഫ്.സി, മെക് ഡൊണാള്‍ഡ് തുടങ്ങിയിടങ്ങളിലും വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യാപക പരിശോധന നടത്തിയിരുന്നു. നിരവധി പഴകിയ ഉല്‍പ്പങ്ങള്‍ പിടിച്ചെടക്കുകയും കടയുയടമകള്ക്ക് നോട്ടീസ് നല്കയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.