ബംഗളൂരു: വിദ്യാര്‍ഥികളുടെ പ്രശ്നങ്ങൾ പരിശോധിക്കുന്നതിനും വിദ്യാഭ്യാസ പരിഷ്കാരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി കർണാടക സര്‍ക്കാര്‍ അഞ്ചംഗ മന്ത്രിസഭാ ഉപസമിതി രൂപവത്ക്കരിച്ചു. ആഗസ്റ്റ് 21 ലെ മന്ത്രിസഭാ തീരുമാനത്തെ തുടർന്നാണ് കമ്മിറ്റി രൂപവത്കരിച്ചത്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രി യു.ടി. ഖാദറിനെ ഉപസമിതിയുടെ ചെയർമാനായി നിയമിച്ചു. ബസവരാജ് രായറെഡ്ഡി, പ്രിയങ്ക് ഖാർഗെ, ശരൺ പ്രകാശ് പാട്ടീൽ, മധു ബംഗാരപ്പ എന്നിവരാണ് മറ്റ് അംഗങ്ങള്‍.
ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടും തടയുന്നതിനുള്ള നടപടികൾ കമ്മിറ്റി പരിശോധിക്കും. നിശ്ചിതവും സമയബന്ധിതവുമായ പരീക്ഷാ, നിയമന കലണ്ടർ സ്ഥാപിക്കുന്നത് പരിഗണിക്കും. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും കോച്ചിങ് സെന്ററുകളും ഈടാക്കുന്ന ഫീസ് നിയന്ത്രണം, സർക്കാർ സ്കൂളുകൾ, പി.യു കോളജുകൾ, സർവകലാശാലകൾ എന്നിവയിലെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തൽ, അധ്യാപക ഒഴിവുകൾ നികത്തൽ, ലബോറട്ടറികൾ, ലൈബ്രറികൾ, ഹോസ്റ്റലുകൾ എന്നിവ നൽകൽ എന്നിവ സമിതി പരിശോധിക്കും. വര്‍ധിച്ചുവരുന്ന തൊഴിലവസരങ്ങൾക്കും വ്യവസായ ആവശ്യകതകൾക്കും അനുസൃതമായി പാഠ്യപദ്ധതികൾ ക്രമീകരിക്കുക, നൈപുണ്യ വികസനം, അപ്രന്റീസ്ഷിപ്പുകൾ, ഇന്റേൺഷിപ്പുകൾ എന്നിവ പ്രോത്സാഹിപ്പിക്കുക, വ്യവസായ-സ്ഥാപന പങ്കാളിത്തം ശക്തിപ്പെടുത്തുക എന്നിവ ഇതിൽ ഉൾപ്പെടും. കോച്ചിങ് ഹബുകൾ, ഹോസ്റ്റലുകൾ, റെസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിലെ കൗൺസിലിങ്, അക്കാദമിക്, പരീക്ഷാ സംബന്ധിയായ സമ്മർദം, ആത്മഹത്യ തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കുക, സ്കോളർഷിപ്പുകളും സാമ്പത്തിക സഹായവും, പെൺകുട്ടികളുടെ വിദ്യാഭ്യാസം, എസ്.സി,എസ്.ടി, ഒ.ബി.സി, ന്യൂനപക്ഷ സമൂഹങ്ങളിലെ വിദ്യാര്‍ഥികൾക്കുള്ള പിന്തുണ എന്നിവ കമ്മിറ്റി പരിശോധിക്കും.
ഭരണപരമായ അവലോകനത്തിൽ മാത്രമായി കമ്മിറ്റി പ്രവർത്തനം പരിമിതപ്പെടുത്തില്ലെന്ന് സർക്കാർ അറിയിച്ചു. സംസ്ഥാനത്തുടനീളമുള്ള വിദ്യാര്‍ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, സ്ഥാപനങ്ങൾ, മറ്റ് പങ്കാളികൾ എന്നിവരുമായി കമ്മിറ്റി വിശദമായ കൂടിയാലോചനകൾ നടത്തും. ബന്ധപ്പെട്ട മേഖലകളിൽ വിദഗ്ധരെ സമിതിയിലേക്ക് കൊണ്ടുവരും. കമ്മിറ്റിക്ക് റിപ്പോർട്ട് സമർപ്പിക്കാൻ ഒരു മാസത്തെ സമയം നൽകിയിട്ടുണ്ട്. ഓരോ യുവാക്കളുടെയും ഉള്ളിൽ സ്വപ്നമുണ്ട്. ആ സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കാൻ ആവശ്യമായ അറിവും നൈപുണ്യവും അവസരങ്ങളും അവരുടെ വിദ്യാഭ്യാസത്തിലൂടെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ട ഉത്തരവാദിത്വം സർക്കാറിനുണ്ടെന്ന് മുഖ്യമന്ത്രി സാമൂഹിക മാധ്യമത്തിലൂടെ പറഞ്ഞു. വിദ്യാര്‍ഥികളുമായി സമിതി ആശയവിനിമയം നടത്തുകയും അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കുകയും ചെയ്യും.
0കൂടാതെ അവര്‍ നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ പര്യാപ്തമായ മാറ്റങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്യും. നാളെയെ നേരിടാൻ മാത്രമല്ല നാളെയെ നയിക്കാൻ കൂടി കർണാടകയിലെ യുവതലമുറയെ പ്രാപ്തരാക്കുന്ന വിദ്യാഭ്യാസ സംവിധാനം ഒന്നിച്ച് കെട്ടിപ്പടുക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.