ബംഗളൂരു: ഇൻഫോസിസ് ഫൗണ്ടേഷൻ ചെയർപേഴ്‌സൺ സുധാ മൂർത്തിയുടെ പേരിൽ അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത ബംഗളൂരു വൈദികനെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ 34 കാരനായ അരുൺ കുമാർ ബംഗളൂരു മല്ലേശ്വരം സ്വദേശിയാണ്. ജയനഗർ പൊലീസ് സൈബർ ക്രൈം കേസ് രജിസ്റ്റർ ചെയ്തതിന് ശേഷമാണ് കുമാറിനെ അറസ്റ്റ് ചെയ്തത്. സുധാ മൂർത്തിയുടെ പേര് ദുരുപയോഗം ചെയ്ത രണ്ട് വ്യത്യസ്ത കേസുകളുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകൾക്കെതിരെ കേസെടുത്തിരുന്നു. അന്വേഷണത്തിനൊടുവിൽ രണ്ട് തട്ടിപ്പുകളുടെയും മുഖ്യ സൂത്രധാരൻ കുമാറാണെന്ന് തെളിഞ്ഞു. ഈ സാഹചര്യത്തിലാണ് അരുൺ കുമാറിനെ അറസ്റ്റ് ചെയ്തത്.
നോർത്തേൺ കാലിഫോർണിയയിലെ കന്നഡ കൂട്ടയിൽ നിന്ന് 50ാം വാർഷിക പരിപാടിയിൽ സുധാ മൂർത്തിയെ മുഖ്യാതിഥിയായി പങ്കെടുപ്പിക്കുമെന്ന് അരുൺ കുമാർ ഉറപ്പ് പറഞ്ഞിരുന്നു. തുടർന്നാണ് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തത്. എന്നാൽ ഏപ്രിലിൽ തന്നെ കന്നഡ കൂട്ടയുടെ ക്ഷണം സുധാ മൂർത്തി നിരസിച്ചിരുന്നു. എന്നാൽ കുമാറിന്‍റെ കൂട്ടാളിയായ സ്ത്രീ പരിപാടിയുടെ അംഗമായി വേഷം കെട്ടി സുധ മൂർത്തി വരുമെന്ന് ഉറപ്പ് നൽകുകയും പണം തട്ടിയെടുക്കുകയുമായിരുന്നെന്ന് അന്വേഷണത്തിൽ വ്യക്തമായി. സുധാ മൂർത്തിയെ മുഖ്യാതിഥിയായി ചൂണ്ടിക്കാണിക്കുന്ന ചിത്രങ്ങളും വിഡിയോകളും പുറത്തുവന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. സുധയുടെ എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ് മമത സഞ്ജയ് നൽകിയ പരാതിയെ തുടർന്നാണ് ഇവർക്കെതിരെ കേസെടുത്തത്. ലാവണ്യ, ശ്രുതി എന്നിവരാണ് മറ്റ് പ്രതികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.