അ​ബ്ദു​ൽ ജ​ബ്ബാ​ർ എം​.എ​ൽ​.സി

ദക്ഷിണ ദാവൻഗരെ കോൺഗ്രസിൽ പൊട്ടിത്തെറി; കർണാടക ന്യൂനപക്ഷ വിഭാഗം പ്രസിഡന്റ് ജബ്ബാർ രാജിവെച്ചു

ബംഗളൂരു: ദക്ഷിണ ദാവൻഗരെ നിയമസഭ മണ്ഡലത്തിൽ സ്ഥാനാർഥി നിർണയം സംബന്ധിച്ച തർക്കം ഉപതെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിൽ പൊട്ടിത്തെറിയിലെത്തി. ഔദ്യോഗിക സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൻ സ്വന്തം പാർട്ടിയിലെ അംഗങ്ങൾ ഗൂഢാലോചന നടത്തിയെന്ന് ഒരു കൂട്ടം മുസ്‌ലിം നേതാക്കൾ ആരോപിച്ചു.

തൊട്ടുപിന്നാലെ കർണാടക കോൺഗ്രസ് ന്യൂനപക്ഷ വകുപ്പ് പ്രസിഡന്റ് കെ അബ്ദുൾ ജബ്ബാർ എം.എൽ.സി രാജിവെച്ചു. കെ.പി.സി.സി ന്യൂനപക്ഷ വകുപ്പിന്റെ ചെയർമാനായി സേവനമനുഷ്ഠിക്കാൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനമുണ്ട്. 2023 ലെ നിയമസഭ തെരഞ്ഞെടുപ്പിലും തുടർന്ന് പാർലമെന്റ് തെരഞ്ഞെടുപ്പിലും പാർട്ടിക്ക് ന്യൂനപക്ഷ വകുപ്പ് ആവശ്യമായി വന്നപ്പോഴെല്ലാം എന്റെ കഴിവിന്റെ പരമാവധി പ്രവർത്തിച്ചിട്ടുണ്ട്.

ഫലം കാണിച്ചുതന്നിട്ടുമുണ്ട്. കർണാടക സംസ്ഥാനം മുഴുവൻ ഞാൻ പര്യടനം നടത്തി, ന്യൂനപക്ഷങ്ങളെ കോൺഗ്രസ് മൂല്യങ്ങളോടും തത്വങ്ങളോടും പൊരുത്തപ്പെടുത്താൻ പ്രവർത്തിച്ചിട്ടുണ്ട്. അതിൽ ഭൂരിഭാഗവും പൊതുസഞ്ചയത്തിൽ ലഭ്യമാണ്," ജബ്ബാർ പാർട്ടിക്ക് അയച്ച കത്തിൽ പറഞ്ഞു. ന്യൂനപക്ഷ വോട്ടർമാരും ന്യൂനപക്ഷ ഭാരവാഹികളുമാണ് നമ്മുടെ മഹത്തായ കോൺഗ്രസ് പാർട്ടിയുടെ നട്ടെല്ല്, തീർച്ചയായും അവർ ഇതിലും മികച്ചത് അർഹിക്കുന്നെന്നും പറഞ്ഞു.

കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കൂടിയായ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ജബ്ബാറിന്റെ രാജി സ്ഥിരീകരിച്ചു. ഇതേക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നും ചില റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ടെന്നും ന്യൂനപക്ഷ പ്രസിഡന്റ് രാജി സമർപ്പിച്ചിട്ടുണ്ട് പ്രാദേശിക നേതാക്കളിൽനിന്ന് റിപ്പോർട്ട് തേടും, അതിനുശേഷം പറയാമെന്ന് ശിവകുമാർ പറഞ്ഞു.

കർണാടകയിലെ ബഗൽകോട്ട്, ദക്ഷിണ ദാവൻഗരെ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് വ്യാഴാഴ്ച നടന്നതിന്റെ പിറ്റേന്നാണ് മുസ്‌ലിം നേതാക്കൾ ആരോപണം ഉന്നയിച്ചത്. ദക്ഷിണ ദാവൻഗരെ ഔദ്യോഗിക സ്ഥാനാർഥിയെ പരാജയപ്പെടുത്താൻ തങ്ങളുടെ സ്വന്തം മുതിർന്ന പാർട്ടി നേതാക്കൾ ഗൂഢാലോചന നടത്തിയെന്നായിരുന്നു ആരോപണം. അബ്ദുൽ ജബ്ബാർ ദക്ഷിണ ദാവൻഗരെയിൽ സീറ്റ് ആഗ്രഹിച്ചിരുന്നതിനാൽ ഈ ആരോപണം അദ്ദേഹത്തിന് കൊണ്ടു.

കോൺഗ്രസ് മുസ് ലിംകളെ വഞ്ചിച്ചെന്ന് പ്രചരിപ്പിക്കാൻ ചിലർ ശ്രമിച്ചിട്ടും ഗണ്യമായ സാന്നിധ്യമുള്ള മണ്ഡലമായ ദക്ഷിണ ദാവണഗരെയിൽ പാർട്ടി സ്ഥാനാർഥി സമർഥ് മല്ലികാർജുൻ വിജയിക്കുമെന്ന് ആരോപണം ഉന്നയിച്ച നേതാക്കൾ ഉറപ്പിച്ചു പറഞ്ഞു. എല്ലാ ഘടകങ്ങളും പരിഗണിച്ചും എല്ലാ മുസ്‌ലിം നേതാക്കളെയും വിശ്വാസത്തിലെടുത്തുമാണ് പാർട്ടി ഒടുവിൽ സമർഥ് മല്ലികാർജുനനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതെന്ന് നേതാക്കൾ അവകാശപ്പെട്ടു.

Tags:    
News Summary - Explosion in Dakshina Davangere Congress; Karnataka Minority Wing President Jabbar resigns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.