ബംഗളൂരു: ചാമരാജ് നഗർ ജില്ലയിലെ മലെ മഹാദേശ്വര ഹിൽസ് വന്യജീവി സങ്കേത പരിധിയിലെ ഹാനൂർ രാമപുരയിൽ കുട്ടിയാനയുടെ മൃതദേഹം കണ്ടെത്തി. ബുധനാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. എം.എം ഹിൽസിൽ തുടർച്ചയായി വന്യജീവി മരണം റിപ്പോർട്ട് ചെയ്യപ്പെടുന്നത് തുടരുകയാണ്.
രാമപുരയിലെ ഹുനസബെയ്ലു വനമേഖലയിൽ പട്രോളിങ് നടത്തുകയായിരുന്ന വനംവകുപ്പ് ജീവനക്കാരാണ് ജഡം കണ്ടെത്തിയത്. എട്ടു മുതൽ 10 വരെ വയസ്സു മതിക്കുന്ന ആനയാണ് ചെരിഞ്ഞത്. ഒരാഴ്ച മുമ്പായിരിക്കാം ഇത് മരണപ്പെട്ടതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം. സ്വാഭാവിക മരണമാകാമെന്നും അവർ ചൂണ്ടിക്കാട്ടി.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ യഥാർഥ കാരണം അറിയാനാവൂ. പോസ്റ്റ്മോർട്ടത്തിന് ശേഷം കുട്ടിയാനയുടെ ജഡം വനമേഖലയിൽ സംസ്കരിച്ചു. കഴിഞ്ഞദിവസം ചാമരാജ് നഗർ ജില്ലയിലെത്തന്നെ ബന്ദിപ്പൂർ വനമേഖലയുടെ ബഫർസോണിൽ 20ലേറെ കുരങ്ങുകളുടെ ജഡം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയിരുന്നു. ഇവയെ ആരോ കൊലപ്പെടുത്തി വനമേഖലക്ക് സമീപം തള്ളിയതാണെന്നാണ് കരുതുന്നത്. സംഭവത്തിൽ വനംവകുപ്പിന്റെ അന്വേഷണം നടന്നുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.