മാലിന്യ മുക്ത ബംഗളൂരു കാമ്പയിൻ ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കെട്ടിടം അവശിഷ്ടങ്ങൾ തലയിലേറ്റി നീക്കം ചെയ്യുന്നു
ബംഗളൂരു: ബംഗളൂരു നഗരത്തിലെ റോഡരികുകളിൽ തള്ളിയ നിർമ്മാണ അവിശിഷ്ടങ്ങളും മാലിന്യങ്ങളും നീക്കം ചെയ്യുന്നതിനായി കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ‘ഫ്രീഡം ഫ്രം വേസ്റ്റ്’ (മാലിന്യമുക്ത) കാമ്പയിന് തുടക്കം കുറിച്ചു. മുതിർന്ന മന്ത്രിമാരുടെയും എം.എൽ.എമാരുടെയും സാന്നിധ്യത്തിൽ കാമ്പയിൻ ഫ്ലാഗ് ഓഫ് ചെയ്തു. നഗരസഭകൾ, ബെസ്കോം, വാട്ടർ ബോർഡ് , നമ്മ മെട്രോ തുടങ്ങി വിവിധ ഏജൻസികൾ സംയുക്തമായാണ് നഗരം വൃത്തിയാക്കാനുള്ള ബൃഹത് പദ്ധതി നടപ്പിലാക്കുന്നത്.
ബംഗളൂരു സർക്കാരിന്റെ മാത്രം സ്വത്തല്ലെന്നും പൗരന്മാർക്കും ഇതിൽ തുല്യ പങ്കാളിത്തമുണ്ടെന്നും ഉദ്ഘാടനച്ചടങ്ങിൽ ഡി.കെ. ശിവകുമാർ പറഞ്ഞു. കാമ്പയിനിലൂടെ നഗരം വൃത്തിയാക്കുന്നത് സർക്കാരിന്റെ ചുമതലയാണെങ്കിലും ശുചിത്വം നിലനിർത്താൻ ജനങ്ങൾ പൗരബോധവും ഉത്തരവാദിത്തവും കാണിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. നഗരത്തിലെ ചില റോഡുകൾ ദത്തെടുത്ത് സംരക്ഷിക്കാൻ എൻ.ജി.ഒകളോടും മറ്റ് സ്ഥാപനങ്ങളോടും മുഖ്യമന്ത്രി ആഹ്വാനം ആവശ്യപ്പെട്ടു.
ഇത്തരം സംഘടനകളെ സർക്കാരിന്റെ സർട്ടിഫിക്കറ്റ് നൽകി ആദരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രാഥമിക കണക്കനുസരിച്ച് നഗരത്തിലെ 1616 കേന്ദ്രങ്ങളിലായി 22,732 ടണ്ണിലധികം മാലിന്യം കെട്ടിക്കിടക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ.
എന്നാൽ യഥാർത്ഥ മാലിന്യത്തിന്റെ അളവ് ഇതിലും വളരെ കൂടുതലായിരിക്കുമെന്ന് ഗ്രേറ്റർ ബംഗളൂരു വികസന മന്ത്രി കൃഷ്ണ ബൈരെ ഗൗഡ അഭിപ്രായപ്പെട്ടു. വർഷങ്ങളായി അനധികൃതമായി തള്ളുന്ന ഇത്തരം മാലിന്യങ്ങൾ ജനങ്ങൾക്ക് ഗുരുതരമായ ആരോഗ്യഭീഷണിയാണ് ഉയർത്തുന്നത്. വ്യാജമായി മാലിന്യം തള്ളുന്ന വാഹനങ്ങൾ കണ്ടെത്തി പിടിച്ചെടുക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.