പിടിയിലായ ശഹീർ ബാബു, മുഹമ്മദ് ഇഖ്ബാൽ, സിറാജുദ്ദീൻ, അനിൽ ഫെർണാണ്ടസ്
ഇ.ഡി ഉദ്യോഗസ്ഥർ ചമഞ്ഞ് റെയ്ഡ് മറവിൽ കവർച്ച
മംഗളൂരു: എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥന് ചമഞ്ഞ് ദക്ഷിണ കന്നട ജില്ലയിലെ ബീഡിക്കമ്പനി ഉടമയുടെ വീട്ടില് റെയ്ഡ് നടത്തി 45 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കേരള പൊലീസ് ഓഫിസർ അറസ്റ്റില്. കൊടുങ്ങല്ലൂര് പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ ഏര്വാടിക്കാരന് ഷഹീര് ബാബുവിനെയാണ് (50) വിട്ള പൊലീസ് സ്റ്റേഷനില്നിന്നുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ഷഹീറിനൊപ്പം വ്യാജ റെയ്ഡില് പങ്കെടുത്ത മൂന്നുപേരെ കൊല്ലത്തുനിന്ന് കഴിഞ്ഞ മാസം പിടികൂടിയിരുന്നു.ഷഹീര് ബാബു ഉള്പ്പെടെ ആറംഗ സംഘമാണ് കഴിഞ്ഞ മാസം മൂന്നിന് ദക്ഷിണ കന്നടയിലെ ബണ്ട്വാള് കോള്നാട് നര്ഷ സ്വദേശിയായ വ്യവസായി എം. സുലൈമാന്റെ വീട്ടില് കവര്ച്ച നടത്തിയത്.രാത്രി എട്ടോടെ തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാറിലെത്തിയ ആറംഗ സംഘം ഇ.ഡി ഉദ്യോഗസ്ഥരാണെന്നു സ്വയം പരിചയപ്പെടുത്തി വീട്ടിലേക്ക് കയറുകയായിരുന്നു. വീടാകെ അരിച്ചുപെറുക്കിയ സംഘം 45 ലക്ഷം രൂപയും അഞ്ച് മൊബൈല് ഫോണുകളും പിടിച്ചെടുത്തു. രേഖകള് ഹാജരാക്കിയാല് പണം തിരികെ നല്കാമെന്ന് പറഞ്ഞാണ് സംഘം മടങ്ങിയത്.സുലൈമാന്റെ മകന് നടത്തിയ അന്വേഷണത്തിലാണ് എത്തിയത് വ്യാജ സംഘമാണെന്ന് തിരിച്ചറിഞ്ഞത്.
കൊല്ലത്ത് പിടിയിലായവരാണ് ഷഹീര് ബാബുവിന്റെ പങ്ക് വെളിപ്പെടുത്തിയത്. ഇതോടെ പൊലീസ് സംഘം കേരളത്തിലെത്തി തൃശൂര് റൂറല് പൊലീസ് മേധാവി ബി. കൃഷ്ണകുമാറിനെ വിവരമറിയിച്ചു. ഷഹീര് ഒരാഴ്ചയായി അവധിയിലാണെന്നു കണ്ടതോടെ ഇയാളെ തിരഞ്ഞു കണ്ടെത്തി അറസ്റ്റ് ചെയ്യാന് റൂറല് പൊലീസ് സഹായമൊരുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.