ഐ.ടി.പി.ബിയിലേക്ക് നേരിട്ട് നടപ്പാത

ബംഗളൂരു: വൈറ്റ്ഫീൽഡ് ഇന്‍റർനാഷനൽ ടെക് പാർക്ക് ബംഗളൂരുവിലേക്ക് (ഐ.ടി.പി.ബി) മെട്രോ സ്റ്റേഷനിൽനിന്ന് നേരിട്ട് നടപ്പാത വരുന്നു. 55,000ത്തിൽ അധികം വരുന്ന ടെക്കികൾ അടക്കമുള്ള ജോലിക്കാർക്ക് ഇത് ഏറെ പ്രയോജനകരമാകും. പട്ടന്തൂർ അഗ്രഹാരയിലെ മെട്രോസ്റ്റേഷനുമായാണ് ഐ.ടി.പി.എൽ കാമ്പസിനെ നടപ്പാതയിലൂടെ ബന്ധിപ്പിക്കുന്നത്. 75 മീറ്റർ നീളമുള്ള നടപ്പാത നിർമിക്കാൻ ഐ.ടി.പി.ബിക്ക് ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ) അനുമതി നൽകിയിട്ടുണ്ട്.

ഇതുസംബന്ധിച്ച ധാരണപത്രം ബി.എം.ആർ.സി.എൽ മാനേജിങ് ഡയറക്ടർ അഞ്ജും പർവേസും ഐ.ടി.പി.ബി ഡയറക്ടർ നാഗഭൂഷണം ഗൗരി ശങ്കറും തമ്മിൽ ഒപ്പുവെച്ചു. തങ്ങളുടെ ജീവനക്കാർക്ക് മാത്രം പ്രയോജനമുള്ള പ്രവൃത്തി എന്ന നിലയിൽ ഐ.ടി.പി.ബി ബി.എം.ആർ.സി.എല്ലിന് 10 കോടി രൂപ നൽകും.

പദ്ധതി പൂർത്തിയായാൽ മെട്രോ സ്റ്റേഷനിൽനിന്ന് റോഡ് മുറിച്ചുകടക്കാതെ തന്നെ ആയിരക്കണക്കിനുള്ള ഐ.ടി.പി.ബി ജീവനക്കാർക്ക് കാമ്പസിലെ വിവിധ ഓഫിസുകളിലേക്ക് നേരിട്ട് നടന്നെത്താൻ കഴിയും. സാദരമംഗല സ്റ്റേഷനും കടുകോഡി സ്റ്റേഷനും ഇടയിലായാണ് പട്ടന്നൂർ അഗ്രഹാര സ്റ്റേഷൻ ഉള്ളത്. ഇത്തരത്തിൽ ബൈയപ്പനഹള്ളി-വൈറ്റ്ഫീൽഡ് മെട്രോ ലൈനിലുള്ള ആദ്യ കരാർ ആണിത്.

Tags:    
News Summary - Direct footpath to ITPB

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.