ട്രെയിൻ യാത്രക്കാരിയുടെ ബാഗ് കവർന്ന ഡൽഹി സ്വദേശി അറസ്റ്റിൽ; സ്വർണവും പണവും പിടിച്ചെടുത്തു

മംഗളൂരു: തിരുനെൽവേലി-ദാധർ എക്സ്പ്രസ് ട്രെയിൻ യാത്രക്കാരിയുടെ പണവും ആഭരണങ്ങളും അടങ്ങിയ ബാഗ് കവർന്ന ഡൽഹി സ്വദേശിയെ ഉഡുപ്പി റെയിൽവേ പൊലീസും റെയിൽവേ സുരക്ഷാ സേനയും ചേർന്ന് അറസ്റ്റ് ചെയ്തു. സണ്ണി മൽഹോത്രയാണ് (30) അറസ്റ്റിലായത്. 4.67 ലക്ഷം രൂപ, 93.17 ഗ്രാം സ്വർണാഭരണങ്ങൾ എന്നിങ്ങനെ 6.75 ലക്ഷം മൂല്യം കണക്കാക്കുന്ന സാധനങ്ങൾ പിടിച്ചെടുത്തു.

ബാഗ് കാണാനില്ലെന്ന വിവരം യാത്രക്കാരി ടി.ടി.ഇയെ അറിയിക്കുകയായിരുന്നു. തുടർന്ന് ടി.ടി.ഇ നൽകിയ വിവരം അനുസരിച്ച് പൊലീസ്, ആർ.പി.എഫ് സേനകൾ ഉടൻ അന്വേഷണം ആരംഭിച്ചു. ഉഡുപ്പി റെയിൽവേ പ്ലാറ്റ്ഫോമിന്റെ അറ്റത്ത് ആളൊഴിഞ്ഞ ഭാഗത്ത് നിൽക്കുകയായിരുന്ന യുവാവിന്റെ തിരിച്ചറിയൽ കാർഡ് ചോദിച്ചു വാങ്ങിയ പൊലീസ് കൂടുതൽ വിവരങ്ങൾ തേടി.

മംഗളൂരുവിൽ നിന്ന് മഡ്ഗോവയിലേക്കുള്ള ടിക്കറ്റാണ് അയാളുടെ കൈയിൽ ഉണ്ടായിരുന്നത്. പരിസരത്തെ പുല്ലിൽ വലിച്ചെറിഞ്ഞ നിലയിൽ കണ്ട എ.ടി.എം കാർഡ് തുമ്പായെടുത്ത് എ.എസ്.ഐ സുധീർ യാത്രക്കാരന്റെ ദേഹപരിശോധന നടത്തിയപ്പോൾ പണവും സ്വർണവും കണ്ടെത്തി.

തൊകൂർ സ്റ്റേഷനിൽ കവർച്ച നടത്തി ട്രെയിനിന്‍റെ വേഗം കുറഞ്ഞപ്പോൾ ചാടിയിറങ്ങി പണവും ആഭരണങ്ങളും കൈക്കലാക്കി ബാഗ് വലിച്ചെറിയുകയായിരുന്നു. ഇതിൽ നിന്ന് വീണതാണ് എ.ടി.എം കാർഡ്. പ്രതിയെയും പണവും ആഭരണങ്ങളും മണിപ്പാൽ പൊലീസിന് കൈമാറി.

Tags:    
News Summary - Delhi man arrested for robbing train passenger's bag; Gold and money were seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.