ബംഗളൂരു: മാനനഷ്ടക്കേസിന് പിറകെ കോടതി കയറുന്നത് അവസാനിപ്പിച്ച് ആ സമയം സമൂഹത്തിന് ഉപയോഗപ്പെടുത്തൂ എന്ന് ഐ.എ.എസ്, ഐ.പി.എസ് വനിതകളോട് കോടതി. രോഹിണി സിന്ധുരി ഐ.എ.എസ്, രൂപ മൗദ്ഗിലി ഐ.പി.എസിനെതിരെ നൽകിയ മാനനഷ്ടക്കേസ് പരിഗണിച്ച വേളയിലാണ് ബംഗളൂരു അഞ്ചാം എ.സി.എം.എം കോടതിയുടെ പരാമർശം. കോടതിയിൽ സമയം ചെലവഴിക്കുന്നതിനു പകരം ഒത്തുതീർപ്പിനെക്കുറിച്ച് ചിന്തിക്കാൻ പറഞ്ഞ ജഡ്ജി വിജയ് കുമാർ ജട്ല ‘വൺ മിനിറ്റ് അപ്പോളജി’ എന്ന പുസ്തകം വായിക്കാൻ ഇരുവർക്കും നിർദേശവും നൽകി. ‘‘നിങ്ങൾ രണ്ടുപേരും നല്ല പ്രശസ്തിയുള്ള മുതിർന്ന ഉദ്യോഗസ്ഥരാണ്. നിങ്ങളുടെ സമയം സമൂഹത്തെ സേവിക്കുന്നതിനായി നീക്കിവെക്കണം.
കോടതി നടപടികളിൽ ചെലവഴിക്കുന്നതിനുപകരം, ഒരു ഒത്തുതീർപ്പ് പരിഗണിക്കുക’’ -ജഡ്ജി പറഞ്ഞു. കേസ് വാദം കേൾക്കൽ ഈ മാസം 12ലേക്ക് മാറ്റിവെച്ചു. കർണാടക ഐ.എ.എസ് ഉദ്യോഗസ്ഥ രോഹിണി സിന്ധൂരിയും ഐ.പി.എസ് ഉദ്യോഗസ്ഥ ഡി. രൂപയും തമ്മിലുള്ള സംഘർഷം ആരംഭിച്ചത് രൂപ സിന്ധൂരിയുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തതോടെയാണ്. തർക്കം പ്രാദേശിക കോടതികളിലൂടെയും ഹൈകോടതിയിലൂടെയും സുപ്രീംകോടതിയിലേക്കും എത്തി. എന്നാൽ, സുപ്രീംകോടതിക്ക് പോലും വിഷയം പരിഹരിക്കാൻ കഴിഞ്ഞില്ല. ഒടുവിൽ വിചാരണ കോടതിയിൽ അത് പരിഹരിക്കാൻ നിർദേശിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.