കരാർ പ്രവൃത്തികൾ സഹോദരന്; ബി.ജെ.പി പഞ്ചായത്ത് അംഗത്തെ അയോഗ്യനാക്കി

മംഗളൂരു: ബെൽത്തങ്ങാടി താലൂക്കിലെ അണ്ടിഞ്ചെ ഗ്രാമപഞ്ചായത്ത് അംഗം ജഗദീഷ് ഹെഗ്‌ഡെയെ അയോഗ്യനാക്കുകയും അടുത്ത ആറ് വർഷത്തേക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്തു.

ഗ്രാമവികസന, പഞ്ചായത്ത് രാജ് വകുപ്പിന്റെ (ഗ്രാമപഞ്ചായത്ത്) പ്രിസൈഡിങ് ഓഫിസർ ശിവകുമാറാണ് ഉത്തരവിറക്കിയത്. സഹോദരന് പഞ്ചായത്ത് പ്രവൃത്തികൾ ചെയ്യാൻ ക്രമരഹിതമായി അനുവദിച്ചുവെന്ന കുറ്റം തെളിയിക്കപ്പെട്ടതിനെ തുടർന്നാണ് നടപടി.

ബി.ജെ.പി പിന്തുണയുള്ള അംഗമായ ജഗദീഷ് ഹെഗ്‌ഡെ സഹോദരൻ അമരേഷ് ഹെഗ്‌ഡെക്ക് പഞ്ചായത്ത് പ്രവൃത്തികൾ നേടിക്കൊടുക്കുന്നതിനും നടപ്പിലാക്കുന്നതിനും സൗകര്യമൊരുക്കിയതായി സ്ഥിരീകരിച്ചതായി ഗ്രാമവികസന, പഞ്ചായത്ത് രാജ് വകുപ്പ് ഉത്തരവിൽ പറഞ്ഞു. ജഗദീഷ് ഹെഗ്‌ഡെ കർത്തവ്യ ലംഘനം നടത്തിയെന്നും സഹോദരന് പഞ്ചായത്ത് കരാറുകൾ നേടാൻ പ്രാപ്തമാക്കിയതിലൂടെ മാനദണ്ഡങ്ങൾ ലംഘിച്ചുവെന്നും അതുവഴി ഔദ്യോഗിക സ്ഥാനം ദുരുപയോഗം ചെയ്തുവെന്നും വകുപ്പ് ഉദ്യോഗസ്ഥൻ നിഗമനത്തിലെത്തി.

കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ, 1993ലെ കർണാടക ഗ്രാമ സ്വരാജ് ആൻഡ് പഞ്ചായത്ത് രാജ് ആക്ടിലെ സെക്ഷൻ 43(എ)(1)(വി) പ്രകാരമാണ് നടപടി സ്വീകരിച്ചത്. ജഗദീഷ് ഹെഗ്‌ഡെക്കെതിരെ പ്രദേശവാസിയായ ഹരീഷ് കുമാർ നൽകിയ പരാതിയെ തുടർന്നാണ് വകുപ്പുതല അന്വേഷണം നടത്തിയത്.

Tags:    
News Summary - Contract work for brother; BJP panchayat member disqualified

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.