ഡി.ശിവകുമാർ,തേജസ്വി സൂര്യ എം.പി
ബംഗളൂരു: സർക്കാർ കരാറുകളിൽ മുസ്ലിംകൾക്ക് നാല് ശതമാനം സംവരണം നൽകാനുള്ള കർണാടക സർക്കാറിന്റെ നീക്കത്തെ കോടതിയിൽ നേരിടുമെന്ന് ബി.ജെ.പി എം.പി തേജസ്വി സൂര്യ ഡൽഹിയിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഭരണഘടന വിരുദ്ധമായ നീക്കമാണിതെന്നും ബിൽ സിദ്ധരാമയ്യ സർക്കാർ ഉടൻ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുസ്ലിംകളെ പ്രീണിപ്പിക്കുകയാണ് സിദ്ധരാമയ്യ സർക്കാറിന്റെ ലക്ഷ്യം.
ഇതിന് കോൺഗ്രസ് നേതൃത്വത്തിന്റെ പ്രത്യേകിച്ച്, രാഹുൽ ഗാന്ധിയുടെ പിന്തുണയുണ്ട്. ഇത് ഭരണഘടനാവിരുദ്ധമാണ്. കർണാടകയിൽ നിയമസഭക്കകത്തും പുറത്തും ഇതിനെതിരെ ബി.ജെ.പി പോരാടും. പാർലമെന്റിലും ഈ വിഷയം ഉന്നയിക്കുകയും പാർലമെന്റിന് പുറത്ത് പ്രതിഷേധിക്കുകയും ചെയ്യും- എം.പി പറഞ്ഞു.
അതേസമയം, ബി.ജെ.പിയുടെ ആരോപണങ്ങളെ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തള്ളി. സംവരണത്തെ ന്യായീകരിച്ച അദ്ദേഹം, മുസ്ലിംകളും ക്രിസ്ത്യാനികളും സിഖുകാരും ബുദ്ധമതക്കാരും ഈ രാജ്യത്തെ പൗരന്മാരാണെന്ന് ചൂണ്ടിക്കാട്ടി.
‘ന്യൂനപക്ഷങ്ങളെയും പിന്നാക്ക സമുദായങ്ങളെയും ഞങ്ങൾക്ക് പരിഗണിക്കേണ്ടതുണ്ട്. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകണമെന്ന് പറയുന്ന ബി.ജെ.പി, ക്രിസ്ത്യൻ, മുസ്ലിം മന്ത്രിമാരെ നിയമിക്കട്ടെ. അപ്പോൾ മാത്രമേ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ബി.വൈ. വിജയേന്ദ്രക്ക് സമത്വത്തെക്കുറിച്ച് സംസാരിക്കാൻ അവകാശമുള്ളൂ.
കുവെമ്പു എഴുതിയ സംസ്ഥാനഗീതം അദ്ദേഹം വായിക്കട്ടെ. അപ്പോൾ കർണാടകയെ സമാധാനപരമായ പൂന്തോട്ടമാക്കുന്നത് എന്താണെന്ന് അദ്ദേഹത്തിന് മനസ്സിലാകും’- ശിവകുമാർ ബംഗളൂരുവിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.