വേദവ്യാസ് കാമത്ത് എം.എൽ.എ
മംഗളൂരു: ശക്തിനഗരക്കടുത്തുള്ള ശ്രീകൃഷ്ണ ഭജന മന്ദിരത്തിൽ നടന്ന മതപരമായ പരിപാടിക്കിടെ കോൺഗ്രസ് പ്രവർത്തകനെ ആക്രമിച്ച കേസിൽ മംഗളൂരു സിറ്റി സൗത്ത് എം.എൽ.എ വേദവ്യാസ കാമത്ത് ഉൾപ്പെടെ 12 പേർക്കെതിരെ കങ്കനാടി പൊലീസ് കേസെടുത്തു.ഞായറാഴ്ച രാത്രി വൈകിയാണ് സംഭവം നടന്നത്. ബ്രഹ്മകലശോത്സവ ചടങ്ങിൽ അതിഥികളെ സ്വാഗതം ചെയ്യുന്നതിൽ വളണ്ടിയറായി സഹായിക്കുന്നതിനിടെയാണ് സംഭവം നടന്നതെന്ന് കോൺഗ്രസ് പ്രവർത്തകനായ യശ്വന്ത് പ്രഭു നൽകിയ പരാതിയിൽ പറയുന്നു.
അവിടെ എത്തിയപ്പോൾ എം.എൽ.എ കാമത്ത് തന്നെ നേരിട്ടു. ‘ക്ഷേത്രങ്ങളിൽ കല്ലെറിഞ്ഞിട്ട് നിങ്ങൾക്ക് ഇവിടെ എന്ത് ജോലി’ എന്ന് ചോദിച്ചുവെന്ന് പ്രഭു ആരോപിച്ചു. ഇതേത്തുടർന്ന് വാക്കുതർക്കമുണ്ടായി. അശ്വിത് കൊട്ടാരി, മണി, ജയപ്രകാശ് എന്നിവരുൾപ്പെടെയുള്ള സംഘം മർദിക്കുകയും ഷർട്ട് വലിച്ചുകീറുകയും ചെയ്തു. ജയപ്രകാശ് തനിക്കെതിരെ വധഭീഷണി ഭീഷണി മുഴക്കിയതായും പരാതിയിലുണ്ട്.
ആരോപണങ്ങൾ തെറ്റാണെന്ന് ബി.ജെ.പി വക്താവ് രാജ് ഗോപാൽ റായ് പറഞ്ഞു. ബി.ജെ.പി നേതാക്കൾക്കെതിരെ കോൺഗ്രസ് അപവാദ പ്രചാരണം നടത്തുകയാണെന്ന് ആരോപിച്ചു. കോൺഗ്രസ് അധികാരത്തിൽ വന്നതിനുശേഷം എം.എൽ.എമാർ ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കൾക്കെതിരെ വ്യാജ കേസുകൾ ഫയൽ ചെയ്യുന്ന രീതി ഉണ്ടായിട്ടുണ്ട്.
സമാധാനപരമായ പരിപാടിയിൽ കുഴപ്പങ്ങൾ സൃഷ്ടിക്കാനും ബി.ജെ.പിയെ കുറ്റപ്പെടുത്താനുമുള്ള മറ്റൊരു ശ്രമമാണിതെന്ന് റായ് ആരോപിച്ചു. എം.എൽ.എ കാമത്ത് മതപരമായ ഒത്തുചേരലിൽ സംസാരിക്കുക മാത്രമായിരുന്നു. പിന്നീട് പ്രസാദം വിതരണം ചെയ്ത് സ്ഥലംവിട്ടു. എന്നാലും ചില കോൺഗ്രസ് പ്രവർത്തകർ എം.എൽ.എയെ വളയാൻ ആളുകളെ പ്രേരിപ്പിച്ചുകൊണ്ട് അസ്വസ്ഥത സൃഷ്ടിക്കാൻ ശ്രമിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.