ബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ മതവിഭാഗങ്ങൾക്കായുള്ള പ്രകടനപത്രികയും കോൺഗ്രസ് പുറത്തിറക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ പ്രശ്നങ്ങളും ആവശ്യങ്ങളും അടങ്ങിയ പ്രധാന പ്രകടനപത്രികക്ക് പുറമെയാണിത്. 2023 ആദ്യത്തിലാണ് കർണാടകയിൽ നിയമസഭ തെരഞ്ഞെടുപ്പ്. സംസ്ഥാനത്തിന്റെ വിവിധ മേഖലകളിലെ ജനങ്ങൾ അനുഭവിക്കുന്നത് വ്യത്യസ്ത പ്രശ്നങ്ങളാണ്. അതിനാലാണ് പ്രാദേശിക വിഷയങ്ങൾ ഉള്ള വ്യത്യസ്ത പത്രികകൾ ഇറക്കുന്നത്.
തീരദേശ കർണാടക, മലനാട് കർണാടക, തെക്കൻ കർണാടക, കിറ്റൂർ കർണാടക (മുംബൈ കർണാടക), കല്യാണ കർണാടക (ഹൈദരാബാദ് കർണാടക) എന്നീ മേഖലകൾക്കായി വ്യത്യസ്ത പത്രികകളും തയാറാക്കുമെന്ന് കെ.പി.സി.സി ഒ.ബി.സി സെൽ പ്രസിഡന്റും പാർട്ടി പ്രകടനപത്രിക വിഭാഗം കമ്മിറ്റി വൈസ് ചെയർമാനുമായ മധു ബംഗാരപ്പ പറഞ്ഞു. ആരോഗ്യം, വിദ്യാഭ്യാസം, കൃഷിക്കാർ, യുവജനങ്ങൾ, മറ്റു വിഭാഗം ആളുകൾ എന്നിവരുടെയും പ്രശ്നങ്ങൾ പത്രികയിൽ ഉൾപ്പെടുത്തും.
പഞ്ചമിശാലി, വൊക്കലിഗ വിഭാഗങ്ങളുടെ സംവരണം സംബന്ധിച്ച ആവശ്യങ്ങൾ പ്രകടനപത്രികയിൽ ഉൾപ്പെടുന്നതു സംബന്ധിച്ച ചോദ്യത്തിന് അക്കാര്യം മുതിർന്ന പാർട്ടി നേതാക്കളുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംവരണവിഷയം ഏറെ സൂക്ഷ്മമായി കൈകാര്യംചെയ്യേണ്ട കാര്യമാണ്. ഒരു സമുദായത്തിന്റെയും താൽപര്യങ്ങളെ ഹനിക്കാത്ത വിധത്തിലാകണം സംവരണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.