ബംഗളൂരു: ഗൃഹലക്ഷ്മി പദ്ധതിയിൽ രജിസ്റ്റർ ചെയ്ത ഗുണഭോക്താക്കളുടെ പുനഃപരിശോധന ബയോമെട്രിക്, ഫേഷ്യൽ ഓതന്റിക്കേഷൻ എന്നിവ മുഖേന നടത്തുമെന്ന് അധികൃതർ അറിയിച്ചു. ആഗസ്റ്റ് 28 നാണ് ഇത് സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. പദ്ധതി പ്രകാരം ഗുണഭോക്താക്കളുടെ വീടുതോറുമുള്ള പുനഃപരിശോധന ആഗസ്റ്റ് 30 മുതൽ ആരംഭിക്കുകയും ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കുകയും ചെയ്യും.
യോഗ്യരല്ലാത്ത ഗുണഭോക്താക്കളെ പദ്ധതിയിൽ നിന്ന് നീക്കം ചെയ്യും. ഡയറക്ടറേറ്റ് ഓഫ് ഇലക്ട്രോണിക് ഡെലിവറി ഓഫ് സിറ്റിസൺസ് സർവിസസ് (ഇ.ഡി.സി.എസ്) വികസിപ്പിച്ചെടുത്ത വെബ് ആപ്ലിക്കേഷൻ/മൊബൈൽ ആപ്ലിക്കേഷൻ മുഖേനയാണ് പ്രക്രിയ നടപ്പാക്കുക. വീടുതോറുമുള്ള സർവേകളിലൂടെയും ഗ്രാമ വൺ, കർണാടക വൺ, ബംഗളൂരു വൺ, സി.എസ്.സി എന്നിവ മുഖേനയും പരിശോധന നടത്താം.
പുനഃപരിശോധന പ്രക്രിയയുടെ മേൽനോട്ടം നിര്‍വഹിക്കാൻ വനിതാ-ശിശു വികസന വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇ-ഗവേണൻസ് വകുപ്പ് സാങ്കേതി പിന്തുണ നൽകും. ഗുണഭോക്താക്കളെ അവരുടെ വീടുകളിൽ സന്ദർശിച്ച് അച്ചടിച്ച എണ്ണൽ ഫോമുകൾ നൽകും. അവർ അത് പൂരിപ്പിച്ച് തിരികെ നൽകണം. ഒരു ഗുണഭോക്താവ് വീട്ടില്‍ ഇല്ലെങ്കില്‍ മറ്റൊരു കുടുംബാംഗത്തിന് ഫോം പൂരിപ്പിക്കാം. മറ്റ് സ്രോതസ്സുകളിലൂടെ ആവശ്യമായ വിവരങ്ങൾ ലഭ്യമാണെങ്കിൽ പോലും ഗൃഹ സന്ദർശനങ്ങൾ, ഫോം വിതരണം, എണ്ണൽ ഫോമുകൾ ശേഖരിക്കൽ എന്നിവ നിര്‍ബന്ധമായും നടത്തണമെന്ന് സർക്കാർ ഇറക്കിയ ഉത്തരവില്‍ പറയുന്നു.
ഗ്രാമം, നഗരം എന്നിവ തിരിച്ചുള്ളതുമായ ഗൃഹലക്ഷ്മി ഗുണഭോക്താക്കളുടെ പട്ടികകൾ അടങ്ങിയ മൊബൈൽ ആപ്ലിക്കേഷൻ ഉദ്യോഗസ്ഥര്‍ പുനഃപരിശോധന പ്രക്രിയക്കായി ഉപയോഗിക്കും. സന്ദർശന വേളയിൽ ഗുണഭോക്താവിന്‍റെ ഫോട്ടോ ശേഖരിക്കുകയും വീടിന്‍റെ ജി.പി.എസ് കോഓഡിനേറ്റുകൾ ആപ്ലിക്കേഷന്‍ സ്വയം രേഖപ്പെടുത്തുകയും ചെയ്യും.
ഗാർഹിക സന്ദർശന വേളയിൽ മുഖ പരിശോധന പൂർത്തിയാക്കാൻ സാധിക്കാത്ത ഗുണഭോക്താക്കളുമായി ഉദ്യോഗസ്ഥര്‍ നിരന്തരം ബന്ധപ്പെടുകയും അവർക്ക്സൗകര്യപ്രദമായ രീതിയില്‍ കർണാടക വൺ, ഗ്രാമ വൺ, ബംഗളൂരു വൺ എന്നീ കേന്ദ്രങ്ങളില്‍ ബയോമെട്രിക് പരിശോധന പൂർത്തിയാക്കാൻ ആവശ്യപ്പെടുകയും ചെയ്യും.
സംസ്ഥാനത്തെ സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്. പ്ദ്ധതി മുഖേന ഗൃഹനാഥക്ക് എല്ലാ മാസവും 2,000 രൂപ ലഭിക്കും. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ മരണമടഞ്ഞ, സംസ്ഥാനത്ത് നിലവില്‍ താമസമില്ലാത്ത ഗുണഭോക്താക്കൾ, ആദായനികുതി റിട്ടേണുകളും ജി.എസ്.ടി റിട്ടേണുകളും സമർപ്പിക്കാൻ തുടങ്ങിയ ഗുണഭോക്താക്കളോ അവരുടെ ഭർത്താക്കന്മാരോ ഉൾപ്പെട്ട നിരവധി കേസുകൾ എന്നിവ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ പദ്ധതിയിൽ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ ഗുണഭോക്താക്കളുടെയും മൊത്തത്തിലുള്ള പുനഃപരിശോധന ആവശ്യമാണെന്ന് അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.