ചില്ലറ നൽകിയില്ല; കർണാടകയിൽ മന്ത്രിയെ ബസിൽ നിന്ന് ഇറക്കി വിട്ട് കണ്ടക്ടർ

ബംഗളൂരു: ബംഗളൂരുവിലെ പൊതുഗതാഗത സംവിധാനത്തിലെ യാഥാർത്ഥ്യങ്ങൾ നേരിട്ടറിയാൻ മിന്നൽ പരിശോധനക്കെത്തിയതാണ് കർണാടക ഗതാഗത മന്ത്രി ഭൈരതി സുരേഷ്. ബസിൽ കയറിയ അദ്ദേഹത്തെ ടിക്കറ്റ് എടുക്കാൻ ചില്ലറ നൽകാത്തതിന് ബി.എം.ടി.സി (BMTC) ബസിൽ നിന്ന് കണ്ടക്ടർ ഇറക്കി വിട്ടു. ശനിയാഴ്ച വൈകുന്നേരമാണ് തന്‍റെ ഔദ്യോഗിക പദവി വെളിപ്പെടുത്താതെ മന്ത്രി മിന്നൽ പരിശോധന നടത്തിയത്. ഫേസ് മാസ്ക് ധരിച്ച് ഒരു സാധാരണ യാത്രക്കാരനെപ്പോലെ എത്തിയ മന്ത്രിയുടെ ഉദ്ദേശ്യം ബി.എം.സി.ടി ബസിലെ സാധാരണ ജനങ്ങളുടെ യാത്ര നിരീക്ഷിക്കുകയായിരുന്നു

പരിശോധനയുടെ ഭാഗമായി ഭൂപസാന്ദ്രയിൽ നിന്ന് ഹെബ്ബാളിലേക്ക് പോവുകയായിരുന്ന ബി.എം.ടി.സി ബസിലാണ് ഭൈരതി സുരേഷ് കയറിയത്. രണ്ട് ടിക്കറ്റുകൾ ആവശ്യപ്പെട്ട അദ്ദേഹം 100 രൂപയുടെ നോട്ട് നൽകി. എന്നാൽ ടിക്കറ്റ് തുകയായ 12 രൂപ കൃത്യമായി നൽകാൻ കണ്ടക്ടർ ആവശ്യപ്പെട്ടു. തന്‍റെ കൈവശം ചില്ലറയില്ലെന്ന് മന്ത്രി മറുപടി നൽകിയപ്പോൾ, തിരികെ നൽകാൻ തന്റെ പക്കലും ചില്ലറയില്ലെന്നും കൃത്യമായ തുക നൽകാൻ കഴിയില്ലെങ്കിൽ ബസിൽ നിന്ന് ഇറങ്ങണമെന്നും കണ്ടക്ടർ ആവശ്യപ്പെടുകയായിരുന്നു.

മുഖം മറച്ചതിനാൽ മന്ത്രിയെ കണ്ടക്ടർ തിരിച്ചറിഞ്ഞില്ല. തന്‍റെ പദവി വെളിപ്പെടുത്താനോ തർക്കിക്കാനോ നിൽക്കാതെയാണ് ഭൈരതി സുരേഷ്  ബസിൽ നിന്ന് ഇറങ്ങിയത്. യാത്രക്കാരോടുള്ള ബി.എം.ടി.സി ജീവനക്കാരുടെ മോശം പെരുമാറ്റത്തെ കുറിച്ച് നിരവധി പരാതികൾ ഉ‍യർന്നു വന്നിരുന്നു. ഇതിന്‍റെ സത്യാവസ്ഥ  അറിയാനാണ് മന്ത്രി മുഖം മറച്ച് മിന്നൽ പരിശോധന നടത്തിയത്.

രണ്ട് മണിക്കൂർ നീണ്ട മിന്നൽ പരിശോധന

വൈകുന്നേരം 7.10 മുതൽ രാത്രി 9.10 വരെ ഏകദേശം രണ്ട് മണിക്കൂറോളം മിന്നൽ പരിശോധന നീണ്ടുനിന്നു. ഈ സമയത്തിനുള്ളിൽ ജയമഹൽ, ടി.വി ടവർ, ആർ.ടി നഗർ, സി.ബി.ഐ റോഡ്, ഹെബ്ബാൾ, മാന്യത ടെക് പാർക്ക്, നാഗവാര, ഹെന്നൂർ, ഹെന്നൂർ ബന്ദെ, ഭൈരതി ബന്ദെ, ഗെദ്ദലഹള്ളി തുടങ്ങി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ മന്ത്രി സഞ്ചരിച്ചു. പരിശോധനയുടെ ഭാഗമായി ജയമഹൽ, ഹെന്നൂർ ഡിപ്പോകളുമായി ബന്ധപ്പെട്ട സ്ഥലങ്ങളും അദ്ദേഹം സന്ദർശിച്ചു.

പരിശോധനക്കിടെ ബി.എം.ടി.സി ഡിപ്പോകളുടെ പ്രവർത്തനവും മന്ത്രി വിലയിരുത്തുകയും ദൈനംദിന സർവിസുകളെക്കുറിച്ചുള്ള വിവരങ്ങൾ ഉദ്യോഗസ്ഥരിൽ നിന്ന് ശേഖരിക്കുകയും ചെയ്തു. ഡിപ്പോ മാനേജ്‌മെന്‍റ് പൊതുവായി അവലോകനം ചെയ്ത അദ്ദേഹം, യാത്രക്കാരുമായി നേരിട്ട് സംസാരിച്ച് അവരുടെ പരാതികൾ കേട്ടു. ടിക്കറ്റുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ, കൃത്യമായി ടിക്കറ്റ് നൽകാതിരിക്കൽ, ചില്ലറ നൽകാൻ വിസമ്മതിച്ച് കണ്ടക്ടർമാർ യാത്രക്കാരെ ബുദ്ധിമുട്ടിക്കൽ തുടങ്ങി നിരവധി വീഴ്ചകൾ പരിശോധനയിൽ കണ്ടെത്തിയതായാണ് റിപ്പോർട്ട്.

പരിശോധനക്ക് ശേഷം, യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയ ജീവനക്കാരെ മന്ത്രി ചോദ്യം ചെയ്യുകയും ടിക്കറ്റ് വിതരണത്തിലും ചില്ലറ നൽകുന്നതിലും വീഴ്ച വരുത്തിയ കണ്ടക്ടർമാർക്ക് കർശന മുന്നറിയിപ്പ് നൽകുകയും ചെയ്തു. പ്രശ്നങ്ങളെ അതീവ ഗൗരവത്തോടെ കാണാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയ അദ്ദേഹം, വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കാൻ ആവശ്യപ്പെട്ടു. പരിശോധനയിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ചില ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യാൻ ശുപാർശ ചെയ്തതായും റിപ്പോർട്ടുണ്ട്.

Tags:    
News Summary - conductor asked minister to get off from bus for not giving money change

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.