കൊക്രോച്ച് ജനതാ പാർട്ടി; പ്രതിഷേധ പ്രകടനം ഇന്ന്, പൊലീസ് ജാഗ്രതയിൽ


ബംഗളൂരു: ഞായറാഴ്ച ടൗൺ ഹാളിന് സമീപം കൊക്രോച്ച് ജനതാ പാർട്ടി കർണാടക ആഹ്വാനം ചെയ്ത സമാധാനപരമായ മനുഷ്യച്ചങ്ങല പരിപാടിയുമായി ബന്ധപ്പെട്ട സമൂഹമാധ്യമ സന്ദേശങ്ങൾ പങ്കെടുക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നതിനെതിരെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി ബംഗളൂരു പൊലീസ്. പ്രതിഷേധ പ്രകടനം നടത്താന്‍ അനുമതി നൽകിയിട്ടില്ലെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

പരിപാടി നടത്താൻ അനുമതി തേടി ഏതെങ്കിലും വ്യക്തിയോ സംഘടനയോ രാഷ്ട്രീയ പാർട്ടിയോ അപേക്ഷ സമർപ്പിച്ചിട്ടില്ലെന്നും വേദി ഉപയോഗിക്കുന്നതിന് പൊലീസോ ജി.ബി.എ അധികാരികളോ അനുമതി നൽകിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. 2022 ആഗസ്റ്റ് ഒന്നിലെ കർണാടക ഹൈകോടതിയുടെ ഉത്തരവ് അനുസരിച്ച് ഫ്രീഡം പാർക്ക് ഒഴികെയുള്ള സ്ഥലങ്ങളിൽ പ്രതിഷേധങ്ങൾ, കുത്തിയിരിപ്പ് പ്രകടനങ്ങൾ, റാലികൾ എന്നിവ അനുവദനീയമല്ലെന്ന് പൊലീസ് പറഞ്ഞു. ഉത്തരവ് ലംഘിച്ച് ടൗൺ ഹാളിന് മുന്നിൽ നടക്കുന്ന ഏതൊരു ഒത്തുചേരലും കോടതി നിർദേശങ്ങളുടെ ലംഘനത്തിന് തുല്യമാണ്. ഫേസ്ബുക്ക്, വാട്ട്‌സ്ആപ്, ഇൻസ്റ്റഗ്രാം, ട്വിറ്റർ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെ വൈറൽ സന്ദേശം ഫോർവേഡ് ചെയ്യുകയോ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുക്കുകയോ ചെയ്യരുതെന്ന് പൊലീസ് പൊതുജനങ്ങളോട് നിർദേശിച്ചു.

ഞായറാഴ്ച രാവിലെ 11 ന് ബംഗളൂരുവിലെ ടൗൺ ഹാളിൽ സമാധാനപരമായി നടക്കുന്ന മനുഷ്യച്ചങ്ങലയിൽ പങ്കെടുത്ത് ‘ഓൺലൈനിൽ മാത്രമല്ല, തെരുവുകളിലും പാറ്റകളുടെ ശക്തി; കാണിക്കാൻ ആഹ്വാനം ചെയ്യുകയും ഇവിടെ നേതാക്കളില്ല, നമ്മൾ തന്നെയാണ് നേതാക്കള്‍. ഇവിടെ ഒരു സംഘടനയുമില്ല. കൈകോർക്കുന്ന ആളുകൾ തന്നെയാണ് സംഘടന എന്നുമുള്ള പോസ്റ്റ് ആണ് വൈറലായത്.

ഇന്ത്യയിലെ ജെന്‍സി നയിക്കുന്ന കൊക്രോച്ച് ജനത പാർട്ടിയുടെ(സി.ജെ.പി)സ്ഥാപകന്‍ അഭിജീത് ദിപ്കെയാണ്. സോഷ്യൽ മീഡിയയിൽ വൻ കോളിളക്കം സൃഷ്ടിച്ച കൊക്രോച്ച് ജനതാ പാർട്ടി എന്ന ആക്ഷേപഹാസ്യ ഡിജിറ്റൽ സംഘടനയുടെ 'എക്സ്' അക്കൗണ്ട് വ്യാഴാഴ്ച ഇന്ത്യയിൽ തടഞ്ഞു. രാജ്യസുരക്ഷക്ക് ഭീഷണിയാണ് എന്ന ചൂണ്ടിക്കാട്ടി ഐ.ബി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. തൊട്ടുപിന്നാലെ കൊക്രോച്ച് ഇൗസ് ബാക്ക് എന്ന പേരില്‍ തുടങ്ങിയ അക്കൗണ്ടും സാമൂഹ മാധ്യമത്തില്‍ മുന്നേറ്റം തുടരുന്നു. കര്‍ണാടക ഘടകത്തിന്‍റെ പേരില്‍ ബംഗളൂരുവില്‍ ആഹ്വാനം ചെയ്ത മനുഷ്യച്ചങ്ങല തന്‍റെ അറിവോടെയല്ലെന്ന് അഭിജീത് പറഞ്ഞു. 

Tags:    
News Summary - Cockroach Janata Party; Protest demonstration today, police on alert

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.