മൈസൂരു കൊട്ടാരത്തിലെ തിരക്ക്

ക്രി​സ്മ​സ്, വാ​രാ​ന്ത്യ​അ​വ​ധി​; വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്ക്

ബംഗളൂരു: മൈസൂരുവിൽ വിനോദസഞ്ചാരികളുടെ തിരക്ക് കുത്തനെ ഉയർന്നു. ക്രിസ്മസ്, വാരാന്ത്യഅവധികൾ ചേർന്നുവന്നത് ആഘോഷിക്കുകയാണ് സഞ്ചാരികൾ. മൈസൂർ കൊട്ടാരം, മൃഗശാല, ചാമുണ്ടി ഹിൽ, സെന്റ് ഫിലോമിനാസ് പള്ളി എന്നിവയുൾപ്പെടെയുള്ള പ്രധാന ആകർഷണങ്ങളിൽ സന്ദർശകരുടെ തിരക്ക് അനുഭവപ്പെട്ടു. ഡിസംബർ 24ന് മൈസൂർ കൊട്ടാരത്തിൽ 15,816 സന്ദർശകർ എത്തിയതായാണ് ഔദ്യോഗിക കണക്ക്. ക്രിസ്മസ് ദിനമായ വ്യാഴാഴ്ച മാത്രം 21,513 വിനോദസഞ്ചാരികൾ കൊട്ടാരം സന്ദർശിച്ചു. മൃഗശാലയിലേക്ക് ക്രിസ്മസ് ദിനത്തിൽ 27,203 സന്ദർശകർ എത്തി.

                 മൃഗശാലക്ക് പുറത്തെ തിരക്ക്

ചാമുണ്ഡി കുന്നിലും ഭക്തരുടെ വൻ തിരക്ക് അനുഭവപ്പെട്ടു, ഇത് മണിക്കൂറുകളോളം നീണ്ട ക്യൂവിന് കാരണമായി. 100 രൂപ ടിക്കറ്റ് ആവശ്യമുള്ള പ്രത്യേക ദർശന ക്യൂപോലും ദിവസം മുഴുവൻ നിറഞ്ഞു. ക്രിസ്മസ് സമയത്ത് മറ്റൊരു സെന്റ് ഫിലോമിനാസ് പള്ളിയിലും തിരക്കേറി. പള്ളിയിലെ ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാനും പള്ളിയുടെ ചരിത്ര മഹത്വം ആസ്വദിക്കാനും ആയിരക്കണക്കിന് ആളുകളെത്തി.

ഗതാഗതക്കുരുക്ക് രൂക്ഷം

വിനോദസഞ്ചാരികളുടെ തിരക്ക് നഗരത്തിലെ ഗതാഗതക്കുരുക്ക് രൂക്ഷമാക്കി. മൈസൂർ കൊട്ടാരത്തിൽ പാർക്കിങ് ഏരിയകൾ രണ്ടും നിറഞ്ഞതിനാൽ വിനോദസഞ്ചാരികളുടെ വാഹനങ്ങൾ രാമാനുജ റോഡ്, ശങ്കർ മഠം റോഡ്, സമീപ പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് പാർക്ക് ചെയ്തത്. ഗൺ ഹൗസ് സർക്കിൾ, കോർപറേഷൻ സർക്കിൾ, ബസവേശ്വര സർക്കിൾ, കെ.ആർ.സർക്കിൾ, ചാമരാജ വാഡിയാർ സർക്കിൾ, ജയചാമരാജ വാഡിയാർ സർക്കിൾ (ഹാർഡിംഗെ സർക്കിൾ) എന്നിവയുൾപ്പെടെയുള്ള പ്രധാന ജങ്ഷനുകളിൽ രാവിലെമുതൽ രാത്രി വൈകുവോളം വാഹനങ്ങളുടെ നീണ്ടനിരയും രൂക്ഷമായ തിരക്കും അനുഭവപ്പെട്ടു.

മൈസൂരു നഗരത്തിലെ ഗതാഗത കുരുക്ക്

മംഗളൂരു തീരമേഖലയിലും സഞ്ചാരികളുടെ ബാഹുല്യം

മംഗളൂരു: രണ്ടാഴ്ചയായി ദക്ഷിണ കന്നട, ഉഡുപ്പി തീരദേശ ജില്ലകളിലും വിനോദസഞ്ചാര പ്രവർത്തനങ്ങൾ കുത്തനെ ഉയർന്നു. ജനുവരി പകുതി വരെ ഈ കുതിപ്പ് തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ പറഞ്ഞു. ഡിസംബർ ആദ്യ ആഴ്ച മുതൽ മറ്റ് ജില്ലകളിൽനിന്നും സംസ്ഥാനങ്ങളിൽനിന്നുമുള്ള സന്ദർശകരുടെ ഒഴുക്കിൽ ഗണ്യമായ വർധനയുണ്ടായി. ധർമസ്ഥല, കുക്കെ ശ്രീ സുബ്രഹ്മണ്യ, കട്ടീൽ, ശ്രീകൃഷ്ണ മഠം, കൊല്ലൂർ, മംഗളാദേവി, കുദ്രോളി, പൊളാളി, സൗത്തഡ്ക, ബപ്പനാട്, വേണൂർ, ഉള്ളാൾ തുടങ്ങിയ പ്രധാന മതകേന്ദ്രങ്ങളിൽ നല്ല തിരക്കാണ്. മറവാന്തെ, ജമാലബാദ് ഫോർട്ട്, എർമൈ, ദിദുപെ, കടംഗുണ്ടി വെള്ളച്ചാട്ടങ്ങൾ, പശ്ചിമഘട്ട മലനിരകൾ, മത്സ്യധാമ ന്നിവയുൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലും സന്ദർശകരുടെ എണ്ണം വർധിച്ചു.

ഉച്ചില ബടപ്പാടി, സോമേശ്വർ, ഉള്ളാൾ, ബെംഗ്രെ, തണ്ണീർഭാവി, തണ്ണീർഭാവി ബ്ലൂ ഫ്ലാഗ് ബീച്ച്, പനമ്പൂർ, ചിത്രപുര, ഹൊസബെട്ടു, ഇഡ്യ, സൂറത്ത്കൽ, ശശിഹിത്‌ലു, മാൽപെ എന്നിവിടങ്ങളിലെ ബീച്ചുകളിലുംതിരക്കേറി. ഈ വർഷം മാത്രം 80 ലക്ഷത്തിലധികം വിനോദസഞ്ചാരികൾ ഈ മേഖലയിലെ ബീച്ചുകൾ സന്ദർശിച്ചു. മംഗളൂരുവിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസുകളിലെ യാത്രക്കാരുടെ എണ്ണവും വർധിച്ചു. ക്രിസ്മസിന് വിവിധ സ്ഥലങ്ങളിൽ നിന്ന് നഗരത്തിലേക്ക് 40ൽ അധികം ബസുകൾ അധിക സർവീസ് നടത്തി. കോർപറേഷന് സാധാരണയായി പ്രതിദിനം 1.30 കോടി രൂപയാണ് വരുമാനം. ക്രിസ്മസ് ദിനത്തിൽ ഇത് 1.60 കോടി രൂപയിലെത്തി. സ്വകാര്യ ബസ് ഓപറേറ്റർമാരും അധിക സർവീസ്നടത്തി.

ഒരാഴ്ചയായി രണ്ട് ജില്ലകളിലുമുള്ള ഹോട്ടലുകൾ, സർവീസ് അപ്പാർട്മെന്റുകൾ, റിസോർട്ടുകൾ, ഹോംസ്റ്റേകൾ എന്നിവ തിരക്കിലാണ്. മംഗളൂരുവിൽ മാത്രം 70ൽ അധികം മിഡ്-റേഞ്ച്, ബജറ്റ് താമസ സൗകര്യങ്ങളുണ്ട്.ഇവയെല്ലാം വർഷാവസാന കാലയളവിലേക്ക് ബുക്ക് ചെയ്തിട്ടുണ്ട്. ബീച്ച് റിസോർട്ടുകളിലും ഹോംസ്റ്റേകളിലും ഏതാണ്ട് എല്ലാം നിറഞ്ഞു. ദക്ഷിണ കന്നട ജില്ലയിൽ വിനോദസഞ്ചാരികളുടെ എണ്ണം വർഷം തോറും ക്രമാനുഗതമായി വർധിക്കുകയാണ്. 2020ൽ ജില്ലയിൽ 1.33കോടിസന്ദർശകരെത്തി. 2021ൽ 1.03കോടിയും 2022ൽ 1.31കോടിയും2023ൽ 3.28കോടിയും2024ൽ 5.06കോടിയും2025ൽ ഇതുവരെ മൂന്ന് കോടിയിലധികം സന്ദർശകരെത്തി.

ഉഡുപ്പി ജില്ലയിൽ എല്ലായിടത്തും വിനോദസഞ്ചാരികൾ എത്തുന്നുണ്ട്. ടൂറിസം വകുപ്പിന്റെ കണക്കുകൾ പ്രകാരം, പ്രതിദിനം ലക്ഷം മുതൽ ഒന്നര ലക്ഷം വരെ ആളുകൾ ജില്ലയിൽ എത്തുന്നു. മറ്റ് ജില്ലകളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നുമുള്ള ഭക്തരും വിനോദസഞ്ചാരികളും മാൽപെ ബീച്ചും ശ്രീകൃഷ്ണ മഠവും സന്ദർശിക്കുന്നുണ്ട്. സാധാരണയായി ഡിസംബറിൽ വിനോദസഞ്ചാരികളുടെ വരവിൽ വർധനവുണ്ടാകുമെങ്കിലുംഈ വർഷം സമീപ വർഷങ്ങളെ അപേക്ഷിച്ച് എണ്ണം കൂടുതലാണെന്ന് അധികൃതർ പറയുന്നു.

ഒരാഴ്ചയായി ഉഡുപ്പി ജില്ലയിൽ പ്രതിദിനം ശരാശരി ലക്ഷത്തിലധികം വിനോദസഞ്ചാരികൾ എത്തുന്നുണ്ട്.പ്രതിമാസം 25 മുതൽ 30 ലക്ഷം വരെ സന്ദർശകരാണിത്. 2024 നവംബർ, ഡിസംബർ മാസങ്ങളിൽ പ്രതിമാസം ഏകദേശം 20 മുതൽ 25 ലക്ഷം വരെ വിനോദസഞ്ചാരികൾ ജില്ല സന്ദർശിച്ചതായാണ് കണക്ക്.

Tags:    
News Summary - Christmas, weekend vacation; tourist rush

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.