ബംഗളൂരു: നിയമനിർമാണ കൗൺസിൽ പ്രതിപക്ഷ നേതാവ് ചളവടി നാരായണ സ്വാമിക്ക് കലബുറഗി ചിത്താപൂരിൽ ഒരു സംഘം കോൺഗ്രസ് പ്രവർത്തകരുടെ മർദനമേറ്റെന്ന ബി.ജെ.പി ആരോപണത്തിന് പിന്നാലെ പ്രതിഷേധവും വാക്പോരും കനക്കുന്നു. സംഭവത്തിന് പിന്നിൽ ചിത്താപൂർ എം.എൽ.എ കൂടിയായ മന്ത്രി പ്രിയങ്ക് ഖാർഗെ രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ‘കലബുറഗി ചലോ’ റാലി നടത്തി.
റാലിയിൽ സംസാരിക്കവെ കലബുറഗി ഡെപ്യൂട്ടി കമീഷണർ ഫൗസിയ താരാനൂമിനെതിരെ ബി.ജെ.പി എം.എൽ.സിയും നിയമനിർമാണ കൗൺസിലിലെ പ്രതിപക്ഷ ചീഫ് വിപ്പുമായ എൻ. രവികുമാർ നടത്തിയ വർഗീയ പരാമർശം വൻ വിവാദമായി. ജില്ല ഡെപ്യൂട്ടി കമീഷണർ പാകിസ്താനിൽനിന്ന് വന്നയാളെ പോലെയാണ് പെരുമാറുന്നതെന്നായിരുന്നു ബി.ജെ.പി നേതാവിന്റെ വിമർശനം. സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസ് പാർട്ടിയുടെ സ്വാധീനത്താലാണ് ജില്ല ഭരണകൂടം പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
‘കലബുറഗി ഡെപ്യൂട്ടി കമീഷണർ ഓഫിസിന് (കലക്ടറേറ്റ്) സ്വാതന്ത്ര്യം നഷ്ടപ്പെട്ടിരിക്കുന്നു. അവർ (കോൺഗ്രസ്) എന്താണോ പറയുന്നത്, അതാണ് മാഡം (ഡെപ്യൂട്ടി കമീഷണർ) കേൾക്കുന്നത്. എനിക്കറിയില്ല, അവർ പാകിസ്താനിൽനിന്ന് വന്നതാണോ അതോ ഇവിടത്തെ ഐ.എ.എസ് ഓഫിസറാണോ എന്ന്...’- ഇതായിരുന്നു രവികുമാറിന്റെ പ്രസ്താവന. ബി.ജെ.പി നേതാവിന്റെ പരാമർശത്തിനെതിരെ സമൂഹത്തിന്റെ നാനാതുറയിൽനിന്ന് പ്രതിഷേധമുയർന്നു.
കേണൽ സോഫിയ ഖുറൈശിക്കെതിരായ മധ്യപ്രദേശ് മന്ത്രിയായ ബി.ജെ.പി നേതാവ് നടത്തിയ വർഗീയ പരാമർശം സംബന്ധിച്ച കേസ് സുപ്രീംകോടതി വരെയെത്തിയതിന്റെ അലയൊലി അടങ്ങുംമുമ്പാണ് മുസ്ലിമായതിന്റെ പേരിൽ ഐ.എ.എസ് ഓഫിസർക്കെതിരെ മറ്റൊരു ബി.ജെ.പി നേതാവിന്റെ വർഗീയ പരാമർശമുയരുന്നത്. പ്രസ്താവനക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം വിമർശനമുയർന്നു. കർണാടകയിലെ സിവിൽ സൊസൈറ്റി ഗ്രൂപ്പുകളും പ്രതിഷേധിച്ചു. ഡെപ്യൂട്ടി കമീഷണർക്കെതിരായ പ്രസ്താവന അവമതിപ്പുണ്ടാക്കുന്നതും വർഗീയവുമാണെന്ന് സംഘടനകൾ കുറ്റപ്പെടുത്തി.
അതേസമയം, ചിത്താപൂർ വിഷയത്തിൽ ഡെപ്യൂട്ടി കമീഷണർക്ക് ഒരു പങ്കുമില്ലെന്നാണ് വിവരം. ബി.ജെ.പി അനാവശ്യ പ്രകോപനമുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. ബി.ജെ.പിയുടേത് മനഃപൂർവമുള്ള ശ്രമമാണെന്നും പ്രദേശത്ത് വർഗീയ സംഘർഷം സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും മന്ത്രി ശരൺ പ്രകാശ് പാട്ടീൽ കുറ്റപ്പെടുത്തി. തന്റെ ഡ്യൂട്ടി നിർവഹിക്കുന്ന ഒരു ഉദ്യോഗസ്ഥക്കെതിരെ അത്തരമൊരു പരാമർശം നടത്തിയത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
മന്ത്രി പ്രിയങ്ക് ഖാർഗെയെ ലക്ഷ്യം വെച്ചാണ് ബി.ജെ.പി നീക്കം. സംഭവത്തെക്കുറിച്ച് പ്രതികരിച്ച ബി.ജെ.പി നേതാവ് സി.ടി. രവി, പ്രിയങ്ക് ഖാർഗെക്കതിരെ രൂക്ഷ വിമർശനമുന്നയിച്ചു. ‘ജനാധിപത്യത്തിൽ ഏകാധിപത്യം വിലപ്പോവില്ലെന്നും നൈസാം ഭരണകാലം കഴിഞ്ഞുപോയെന്നും സി.ടി. രവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.