ബംഗളൂരു: ചതുർ ദ്രാവിഡ ഭാഷാ നിഘണ്ടുവിന്റെ ഓൺലൈൻ പതിപ്പായ ‘സമം’ ലോഞ്ചിങ്ങ് ഏപ്രിൽ ഏഴിന് നടക്കും. മലയാളം മിഷൻ കർണാടക ചാപ്റ്ററും ഇൻഡിക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിക്കുന്ന ചടങ്ങ് ഉച്ചക്ക് 2.30 ന് ദൊംലൂരിലെ ബാംഗ്ലൂർ ഇൻറർനാഷനൽ സെൻററിൽ ആരംഭിക്കും.
മലയാളം- കന്നഡ - തമിഴ് - തെലുഗു എന്നീ ഭാഷകളിലുള്ള ചതുർ ദ്രാവിഡഭാഷാ നിഘണ്ടുവിന്റെ രചയിതാവായ ഞാറ്റ്യേല ശ്രീധരനെയും 10 ലക്ഷത്തിലധികം വാക്കുകൾ ഉൾപ്പെട്ട ഇംഗ്ലീഷ് - മലയാളം തിസോറസിന്റെ രചയിതാവ് ഇ.കെ. കുറുപ്പ് എന്നിവരെ ചടങ്ങിൽ ആദരിക്കും.
ഇ.കെ. കുറുപ്പിന്റെ തിസോറസിനെ ഓളം ഓൺലൈൻ ഡിക്ഷനറിയിലേക്ക് ചേർക്കുന്നതിന്റെ പ്രഖ്യാപനവും ‘സമം’ ചതുർ ദ്രാവിഡഭാഷാ ഓൺലൈൻ നിഘണ്ടുവിന്റെ നാലു ഭാഷകളിലുള്ള ഉള്ളടക്കം പ്രൂഫ് റീഡ് ചെയ്യുവാൻ ഇൻഡിക് ഡിജിറ്റൽ ആർകൈവ് ഫൗണ്ടേഷനും മലയാളം മിഷൻ കർണ്ണാടക ചാപ്റ്ററും ചേർന്നുള്ള സംയുക്ത ബൃഹത് പദ്ധതിയുടെ പ്രഖ്യാപനവും നടക്കും.
ഞാറ്റ്യേല ശ്രീധരൻ, ഇ.കെ. കുറുപ്പ് എന്നിവർക്കു പുറമെ, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാക്കളായ സുധാകരൻ രാമന്തളി, കെ.കെ. ഗംഗാധരൻ, ഭാഷാ കമ്പ്യുട്ടിങ് വിദഗദൻ സന്തോഷ് തോട്ടിങ്ങൽ, സാഹിത്യകാരൻ ടി.പി. വിനോദ്, മലയാളം മിഷൻ കർണാടക ചാപ്റ്റർ പ്രസിഡന്റ് കെ. ദാമോദരൻ, സെക്രട്ടറി ഹിത വേണുഗോപാലൻ തുടങ്ങിയവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.