ബംഗളൂരു: വൈദ്യുതി ബിൽ കുടിശ്ശിക ഈടാക്കുന്നതിന് ചാമുണ്ഡേശ്വരി വൈദ്യുതി വിതരണ കോർപറേഷൻ (സി.ഇ.എസ്.സി) പ്രത്യേക കാമ്പയിൻ ആരംഭിച്ചു. 8,053 കണക്ഷനുകളിൽനിന്നായി 40.69 കോടി രൂപയുടെ കുടിശ്ശിക ഈടാക്കുന്നതിന് സീനിയർ, ജൂനിയർ ഉദ്യോഗസ്ഥർ ഉൾപ്പെടെ 5,000ലധികം സി.ഇ.എസ്.സി ജീവനക്കാരെ നിയോഗിച്ചു. മൂന്ന് മാസത്തിലേറെയായി വൈദ്യുതി ബില്ലുകൾ അടക്കാത്ത ഉപഭോക്താക്കളെയാണ് ലക്ഷ്യമിടുന്നത്.
കുടിശ്ശിക ഈടാക്കാൻ സംഘം വീടുകൾ സന്ദർശിക്കും. ഉപഭോക്താക്കൾക്ക് സ്ഥലത്തോ ഏതെങ്കിലും സി.ഇ.എസ്.സി പേയ്മെന്റ് കിയോസ്കിലോ പണമടക്കാം. കുടിശ്ശിക അടക്കാതെയിരുന്നാൽ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കപ്പെടുമെന്നും അധികൃതർ പറഞ്ഞു. ജ്യോതിനഗർ സബ് ഡിവിഷനിൽ ജൂനിയർ ലൈൻ സ്റ്റാഫ്, ടെക്നിക്കൽ പേഴ്സനൽ, റവന്യൂ അക്കൗണ്ടന്റുമാർ, ഇന്റേണൽ ഓഡിറ്റ് സ്റ്റാഫ്, എൽ.ടി റേറ്റിങ് ഇൻസ്പെക്ടർമാർ, വിജിലൻസ് സ്ക്വാഡ് അംഗങ്ങൾ എന്നിവരുൾപ്പെടെ 24 ബാച്ച് ജീവനക്കാരെ ഡ്രൈവിനായി രൂപവത്കരിച്ചിട്ടുണ്ട്.
നിയമപ്രകാരം നിശ്ചിത കാലയളവിനുശേഷവും കുടിശ്ശിക അടക്കാതിരുന്നാൽ അവശ്യ സേവനങ്ങൾ ഒഴികെയുള്ള വൈദ്യുതി കണക്ഷനുകൾ വിച്ഛേദിക്കപ്പെടും. ഉപഭോക്താക്കൾ കുടിശ്ശിക വേഗത്തിൽ അടച്ചുതീർത്ത് അധികാരികളുമായി സഹകരിക്കണമെന്ന് സി.ഇ.എസ്.സി മാനേജിങ് ഡയറക്ടർ മുനിഗോപാൽ രാജു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.