നിയമസഭ സീറ്റ് വഞ്ചന കേസ്: ഹാലശ്രീ സ്വാമി ജുഡീഷ്യൽ കസ്റ്റഡിയിൽ; കർണാടകക്ക് പുറത്ത് സഞ്ചാരം കാഷായം വെടിഞ്ഞ വേഷത്തിൽ

മംഗളൂരു:കർണാടക നിയമസഭ സീറ്റ് വാഗ്ദാനം ചെയ്ത് കോടികൾ വാങ്ങി വഞ്ചിച്ചു എന്ന കേസിലെ മൂന്നാം പ്രതി അഭിനവ ഹാലശ്രീ സ്വാമിയെ ബംഗളൂരു അഡീ.സിറ്റി മെട്രൊപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി 10 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ പൊലീസിന് കൈമാറി.തിങ്കളാഴ്ച ഒഡീഷയിൽ നിന്ന് അറസ്റ്റ് ചെയ്ത പ്രതിയെ ബുധനാഴ്ചയാണ് കോടതിയിൽ ഹാജരാക്കിയത്.പ്രതി കഴിഞ്ഞ ശനിയാഴ്ച സമർപ്പിച്ച മുൻകൂർ ജാമ്യഹരജി പരിഗണിക്കുന്നത് കോടതി ഈ മാസം 29ലേക്ക് മാറ്റി. ഉഡുപ്പി ജില്ലയിലെ ബൈന്തൂർ സ്വദേശിയായ വ്യവസായി ഗോവിന്ദ ബാബു പൂജാരിയിൽ നിന്ന് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ

ബൈന്തൂർ മണ്ഡലം സീറ്റ് വാഗ്ദാനം ചെയ്ത് കോടികൾ വാങ്ങി വഞ്ചിച്ചു എന്ന കേസിലെ കൂട്ടുപ്രതിയാണ് ഹിറെ ഹഡഗളി ഹാലസ്വാമി മഠത്തിലെ സ്വാമി.മുഖ്യ പ്രതി സംഘ്പരിവാർ നേതാവ് ചൈത്ര കുന്താപുര ഉൾപ്പെടെ മറ്റു പ്രതികളെ ബംഗളൂരു ക്രൈം ബ്രാഞ്ച് സംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

കർണാടകക്ക് പുറത്ത് കാഷായം വെടിഞ്ഞ് ടീഷർട്ടും പാന്റ്സും ധരിച്ച് താടി രോമവും മുടിയും വെട്ടിച്ചെറുതാക്കി സഞ്ചരിച്ച സ്വാമിയെ പെട്ടെന്ന് തിരിച്ചറിയാൻ ബുദ്ധിമുട്ടായിരുന്നു എന്ന് ഒഡീഷയിൽ അറസ്റ്റ് നടത്തിയ ക്രൈംബ്രാഞ്ച് സംഘം പറഞ്ഞു. ടൗണുകൾ മാറി മാറി ബസിലും തീവണ്ടിയിലും യാത്ര ചെയ്ത പ്രതി വ്യത്യസ്ത സിംകാർഡ് ഉപയോഗിച്ചാണ് മൊബൈൽ ഫോണിൽ പലരേയും ബന്ധപ്പെട്ടത്.വിജയനഗര ജില്ലയിലെ ആശ്രമം വിടും മുമ്പ് ഏതാനും സിംകാർഡുകൾ കരുതിയിരുന്നു.ഈ മാസം 12ന് മുഖ്യ പ്രതി ചൈത്ര ഉഡുപ്പി ശ്രീകൃഷ്ണ മഠം പരിസരത്ത് നിന്ന് അറസ്റ്റിലായതോടെ യായിരുന്നു സ്വാമി ഒളിവിൽ പോയത്.രണ്ട് ഫോണുകൾ കൈയിലുണ്ടായിരുന്നു.ടവർ പിന്തുടർന്ന് ഒരിടത്ത് പൊലീസ് എത്തുമ്പോഴേക്കും ആ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ആളുകളെ ബന്ധപ്പെട്ട് ടൗൺ മാറിയിട്ടുണ്ടാവും.

പ്രതി ഫോണിൽ ബന്ധപ്പെട്ടു കൊണ്ടിരുന്ന ഡ്രൈവർ നിംഗരാജുവിൽ നിന്നാണ് ഹൈദരാബാദിലേക്കും ഒഡീഷയിലേക്കും പോയതായി വിവരം ലഭിച്ചത്.ഞായറാഴ്ച സ്വാമി തെലങ്കാനയിലായിരുന്നു .ഒഡീഷയിൽ ഒരു ഹോട്ടലിൽ ഉണ്ടെന്ന് മൊബൈൽ ടവർ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിൽ മനസ്സിലായി അവിടെ എത്തിയപ്പോഴേക്കും മുങ്ങിയിരുന്നു.തുടർന്ന് ലഭിച്ച സൂചനയിൽ ഒഡീഷ പൊലീസ് സഹായത്തോടെ കടകിൽ ട്രയിൻ യാത്രക്കിടെയാണ് തിങ്കളാഴ്ച രാത്രി 9.30തോടെ പിടികൂടിയത്.അവിടെ നടപടികൾ പൂർത്തിയാക്കി ട്രയിൻ മാർഗ്ഗം കർണാടകയിലേക്ക് കൊണ്ടുവന്നു.

Tags:    
News Summary - Chaitra Kundapura cheating case: Abhinava Halashree sent to 10-day CCB custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.