ബംഗളൂരു: ബൃഹത് ബംഗളൂരു മഹാനഗര പാലികെയെ (ബി.ബി.എം.പി) ഗ്രേറ്റർ ബംഗളൂരു അതോറിറ്റിക്ക് അഞ്ചു വ്യത്യസ്ത മുനിസിപ്പൽ കോർപറേഷനുകളാക്കി മാറ്റി വികേന്ദ്രീകരിക്കുന്നതിന് മുന്നോടിയായി പൊതുജനാഭിപ്രായം തേടുന്നു. ഭരണപരമായി മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഗ്രേറ്റർ ബംഗളൂരു അതോറിറ്റി രൂപവത്കരിച്ചത്. കഴിഞ്ഞദിവസം ഇതു സംബന്ധിച്ച ഉത്തരവ് നഗരവികസന വകുപ്പ് പുറത്തിറക്കിയിരുന്നു. ഇതു പ്രകാരം, ബംഗളൂരു സൗത്ത്, ബംഗളൂരു നോർത്ത്, ബംഗളൂരു സെൻട്രൽ, ബംഗളൂരു വെസ്റ്റ്, ബംഗളൂരു ഈസ്റ്റ് എന്നീ അഞ്ച് കോർപറേനുകളായാണ് ബി.ബി.എം.പിയെ വിഭജിക്കുക.
നിലവിൽ ബി.ബി.എം.പിക്ക് കീഴിലുള്ള എട്ടു സോണുകൾ പുനഃസംഘടിപ്പിച്ചശേഷം ഈ കോർപറേഷനുകൾക്കായി വീതിച്ചു നൽകും. ചില നിയമസഭ മണ്ഡലങ്ങൾ രണ്ടോ മൂന്നോ കോർപറേഷനുകൾക്ക് കീഴിൽ ചിലപ്പോൾ വന്നേക്കും. മുമ്പ് ബി.ബി.എം.പിക്ക് കീഴിൽ 198 വാർഡുകളാണുണ്ടായിരുന്നത്. കഴിഞ്ഞ ഭരണകാലത്ത് ഇത് 243 വാർഡുകളാക്കി പുനഃക്രമീകരിച്ചു. കോൺഗ്രസ് എം.എൽ.എമാരുടെ പരിധിയിലെ വാർഡുകളെ ദോഷകരമായി ബാധിക്കുന്ന വിധത്തിലായിരുന്നു ബി.ജെ.പിയുടെ വിഭജനം. എന്നാൽ, സിദ്ധരാമയ്യ കോൺഗ്രസ് സർക്കാർ വന്നതോടെ വാർഡുകളുടെ എണ്ണം 243ൽനിന്ന് 225 ആയി കുറച്ചു.
ബി.ബി.എം.പി അഞ്ചു കോർപറേഷനുകളാക്കി തിരിക്കുന്നത് സംബന്ധിച്ച് പൊതുജനങ്ങൾക്ക് അഭിപ്രായങ്ങളും എതിർപ്പുകളും നിർദേശങ്ങളും അറിയിക്കാം. ഒരു മാസത്തിനകം പൊതുജനങ്ങളുടെ പ്രതികരണമറിയിക്കണമെന്നും എല്ലാ അഭിപ്രായങ്ങളും അന്തിമ തീരുമാനത്തിന് മുമ്പായി സർക്കാർ ചർച്ച ചെയ്യുമെന്നും ഇതുസംബന്ധിച്ച ഉത്തരവിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.