മംഗളൂരു: ബെൽത്തങ്ങാടിയിൽ നിന്നുള്ള വ്യവസായ സംരംഭകൻ സുദീപ് റൈയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭാര്യ സൗമ്യ ഷെട്ടിയെ (28) പൊലീസ് അറസ്റ്റ് ചെയ്തു. മാർച്ച് 24 ന് മംഗളൂരുവിലെ ആശുപത്രിയിലായിരുന്നു റൈയുടെ അന്ത്യം. പുത്തൂരിലെ നെല്യാടി സ്വദേശിയായ സുദീപ് റൈയും കാർക്കളയിലെ കാജെ നിവാസിയും പുത്തൂർ സബ് രജിസ്ട്രാർ ഓഫീസിലെ ജീവനക്കാരിയുമായ സൗമ്യ ഷെട്ടിയും ഫെബ്രുവരി 17 ന് രജിസ്റ്റർ വിവാഹത്തിൽ ഏർപ്പെട്ടു. വിവാഹശേഷം ദമ്പതികൾ കാർക്കളയിലെ ജോദുരാസ്റ്റെയിലുള്ള കാജെയിലെ ബംഗ്ലെ ഗുഡ്ഡെയിൽ താമസം തുടങ്ങി.സുദീപ് റൈയുടെ പിതാവ് ദാമോദർ റൈ നൽകിയ പരാതിയിൽ നിന്നാണ് കേസ് ആരംഭിച്ചത്.
സൗമ്യ ഷെട്ടി തന്റെ മകനെ മാനസികമായി പീഡിപ്പിച്ചുവെന്നും ഇത് ഒടുവിൽ ആത്മഹത്യയിലേക്ക് നയിച്ചുവെന്നും ആരോപിച്ചായിരുന്നു ഇത്. മാർച്ച് 17 ന് കഡബ താലൂക്കിൽ പൂജക്ക് പോകുന്നതിനിടെ സൗമ്യ ഷെട്ടി സുദീപ് റൈയെയും മാതാവിനേയും തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു. ഈ ഏറ്റുമുട്ടലിനിടെ സുദീപ് റൈയെ അവർ അധിക്ഷേപിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തുവെന്ന് പരാതിയിൽ പറഞ്ഞു.
സംഭവത്തിന് ശേഷം സുദീപ് റൈ കാർക്കളയിലേക്ക് മടങ്ങി. മാർച്ച് 22 ന് വിഷം കഴിച്ചതിനെത്തുടർന്ന് മംഗളൂരുവിലെ ഒരു ആശുപത്രിയിൽപ്രവേശിപ്പിച്ചു വച്ച റൈ ചികിത്സക്കിടെ മരിച്ചു. ദാമോദർ റൈയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കാർക്കള ടൗൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഏപ്രിൽ ഒന്നിന് ജില്ല പൊലീസ് സൂപ്രണ്ട് ഹരിറാം ശങ്കർ അന്വേഷണം കാർക്കള ടൗൺ പൊലീസ് ഇൻസ്പെക്ടർ മഞ്ചപ്പ ഡിആറിന് കൈമാറി. നീണ്ട അന്വേഷണത്തിനും തെളിവെടുപ്പിനും ശേഷം ഞായറാഴ്ച സൗമ്യ ഷെട്ടിയെ അറസ്റ്റ് ചെയ്തു. തുടർന്ന് കോടതിയിൽ ഹാജരാക്കി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കേസിൽ അന്വേഷണം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.