ബംഗളൂരു: നഗരത്തിലെ പൊതു ഗതാഗതം മെച്ചപ്പെടുത്തുന്നതിനും വായു മലിനീകരണം കുറക്കുന്നതിനും ലക്ഷ്യമിട്ട് ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (ബി.എം.ടി.സി) കൂടുതൽ ഇലക്ട്രിക് ബസുകൾ സർവിസിൽ ഉൾപ്പെടുത്തും. ഇതിന്റെ ഭാഗമായി ടാറ്റ മോട്ടോഴ്സിൽനിന്ന് 148 നോൺ-എ.സി ഇലക്ട്രിക് ബസുകൾ വാങ്ങിയതായി ബി.എം.ടി.സി അറിയിച്ചു. ഇതിൽ ആദ്യഘട്ടത്തിൽ നിരത്തിലെത്തിയ 10 ബസുകളുടെ ഫ്ലാഗ് ഓഫ് സംസ്ഥാന ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി നിർവഹിച്ചു.
ഇതോടെ ബംഗളൂരു നഗരത്തിലുടനീളം സർവിസ് നടത്തുന്ന ബി.എം.ടി.സി ഇലക്ട്രിക് ബസുകളുടെ എണ്ണം 1,436 ആയി. പുതിയ ബസുകൾ ഗ്രോസ് കോസ്റ്റ് കൺട്രാക്ട് (ജി.സി.സി) മോഡലിലാണ് സർവിസ് നടത്തുക. ഓരോ കിലോമീറ്ററിനും 41.01 രൂപ എന്ന നിരക്കിൽ 12 വർഷത്തെ കരാർ അടിസ്ഥാനമാക്കിയാണ് ബി.എം.ടി.സിക്കായി സർവിസ് നടത്തുക.
സ്ത്രീസുരക്ഷക്ക് 10 പാനിക് ബട്ടണുകൾ, അഗ്നിശമന അലാറം സംവിധാനവും വാഹന ട്രാക്കിങ് സംവിധാനവും അടക്കമുള്ളവ ഈ ബസുകളുടെ പ്രത്യേകതയാണ്. പി.എം ഇ-ബസ് സേവ പദ്ധതിയുടെ ഭാഗമായി, ഇനി 400 എ.സി ബസുകളും 4,100 നോൺ-എ.സി ബസുകളുംകൂടി നഗരത്തിലെത്തിക്കുമെന്ന് ബി.എം.ടി.സി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.