ബംഗളൂരു: കർണാടകയിൽ സ്വകാര്യ ധനകാര്യ കമ്പനികളുമായി ബന്ധപ്പെട്ട ഏറ്റവും കൂടുതൽ പീഡന കേസുകൾ ഉത്തര കന്നട ജില്ലയിൽനിന്നാണെന്ന് റിപ്പോർട്ട്. ഇതുവരെ 25 എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഹാവേരി, തുമകുരു ജില്ലകളിൽ 12 കേസുകൾ വീതവും ഗഡഗ് ജില്ല ഒമ്പത് കേസുകളുമായി മൂന്നാം സ്ഥാനത്തും. ഉഡുപ്പിയിൽ ആറും മാണ്ഡ്യ, ബെലഗാവി എന്നിവിടങ്ങളിൽ അഞ്ച് കേസുകൾ വീതവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പൊലീസ് കണക്കുകൾപ്രകാരം 2023നും 2025നും ഇടയിൽ സംസ്ഥാനത്തുടനീളം ആകെ 111 സാമ്പത്തിക പീഡന കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 272 പ്രതികളെ അറസ്റ്റ് ചെയ്തു. ഇത്തരം പീഡനങ്ങളുമായി ബന്ധപ്പെട്ട് 32 പേർ ആത്മഹത്യ ചെയ്തിട്ടുണ്ട്. 2023ൽ എട്ട്, 2024ൽ ഏഴ്, 2025ൽ ഇതുവരെ 17 എന്നിങ്ങനെയാണ് മരണങ്ങൾ. 50,000 രൂപ മുതൽ അഞ്ച് ലക്ഷം രൂപ വരെയുള്ള ചെറുകിട വായ്പകളുടെ ഇരകൾ, റിക്കവറി ഏജന്റുമാരുടെ കടുത്ത സമ്മർദത്തിന് വിധേയരായി.
അമിതമായ പലിശ അടച്ചുകൊണ്ട് മുതലിനേക്കാൾ കൂടുതൽ തിരിച്ചടച്ചതിനുശേഷവും പലരും യഥാർഥ വായ്പ തുക വീണ്ടും തിരിച്ചടക്കാൻ പീഡിപ്പിക്കപ്പെട്ടു. തിരിച്ചടവ് വൈകുന്നത് ആക്രമണാത്മകമായ തുടർനടപടികൾക്കും പീഡനത്തിനും പല കേസുകളിലും പൊതുജനങ്ങളെ അപമാനിക്കുന്നതിനും ഇടയാക്കും. വാഹനങ്ങൾ, വീടുകൾ, മറ്റു സ്വത്തുക്കൾ എന്നിവ ബലപ്രയോഗത്തിലൂടെ പിടിച്ചെടുക്കുകയും കടം വാങ്ങിയവരെ പരസ്യമായി അപമാനിക്കുകയും ചെയ്തു. ഇത് ചിലരെ കടുത്ത നടപടികളിലേക്ക് നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.