മംഗളൂരു: ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബംഗളൂരു-മംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് പച്ച സിഗ്നലിലേക്ക്. ഹാസൻ-മംഗളൂരു റെയിൽവേ ലൈനിലെ പുതുതായി വൈദ്യുതീകരിച്ച സകലേശ്പൂർ-സുബ്രഹ്മണ്യ ചുരം റോഡ് സെക്ഷനിൽ പരീക്ഷണ ഓട്ടങ്ങൾ ആരംഭിക്കുന്നതോടെ പ്രീമിയം ട്രെയിൻ സർവിസ് ആരംഭിക്കുന്നതിനുള്ള അവസാന സാങ്കേതിക തടസ്സം നീങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.
റെയിൽവേ മന്ത്രാലയത്തിന്റെ ഗുണനിലവാര, മാനദണ്ഡ വിഭാഗമായ റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേഡ്സ് ഓർഗനൈസേഷന്റെ (ആർ.ഡി.എസ്.ഒ) ഉന്നതതല സംഘം ജൂൺ ഒന്ന് മുതൽ വിപുലമായ പരീക്ഷണ ഓട്ടങ്ങൾ ആരംഭിക്കും. ഇത് വിജയകരമായി പൂർത്തിയാക്കി അംഗീകാര റിപ്പോർട്ട് റെയിൽവേ മന്ത്രാലയത്തിന് സമർപ്പിച്ചാൽ ബംഗളൂരു-മംഗളൂരു വന്ദേ ഭാരത് എക്സ്പ്രസിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
മംഗളൂരു സന്ദർശിച്ച റെയിൽ സഹമന്ത്രി വി. സോമണ്ണ ബംഗളൂരു-മംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ജൂണിൽ ആരംഭിക്കാനാവുമെന്ന് പറഞ്ഞു. ആർ.ഡി.എസ്.ഒ പരീക്ഷണങ്ങളുടെ ഫലത്തിനും തുടർന്നുള്ള മന്ത്രാലയത്തിന്റെ അനുമതിക്കും റെയിൽവേ ഉദ്യോഗസ്ഥർ ഇപ്പോൾ കാത്തിരിക്കുകയാണ്.സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ മൈസൂരു ഡിവിഷനിലെ ഡിവിഷനൽ റെയിൽവേ മാനേജർ (ഡി.ആർ.എം) മുദിത് മിത്തൽ പറയുന്നതനുസരിച്ച് ആർ.ഡി.എസ്.ഒ ടീം ജൂൺ ഒന്ന് മുതൽ പരീക്ഷണ പ്രവർത്തനങ്ങൾ ആരംഭിക്കും. വൈദ്യുതീകരിച്ച വിഭാഗത്തിന്റെ പ്രകടനവും സുരക്ഷയും വിലയിരുത്തുന്നതിനായി വ്യത്യസ്ത ലോഡ് അവസ്ഥകളുള്ള പാസഞ്ചർ, ചരക്ക് റേക്കുകൾ ഉൾപ്പെടെ വിവിധതരം ട്രെയിൻ സെറ്റുകൾ റൂട്ടിൽ പ്രവർത്തിപ്പിക്കും. പരീക്ഷണ പ്രക്രിയക്ക് ഏകദേശം ആഴ്ച എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു,
പുതുതായി വൈദ്യുതീകരിച്ച ചുരം സെക്ഷനിൽ ഇലക്ട്രിക് ലോക്കോമോട്ടീവ് ഉപയോഗിച്ച് വലിച്ചിടുന്ന ഒഴിഞ്ഞ പാസഞ്ചർ റേക്ക് ഉൾപ്പെടുന്ന ട്രയൽ റൺ അടുത്തിടെ വിജയകരമായി നടത്തി. ഹാസൻ-മംഗളൂരു പാതയിലെ 55 കിലോമീറ്റർ സകലേശ്പുർ-സുബ്രഹ്മണ്യ റോഡ് സ്ട്രെച്ച് ഇന്ത്യയിലെ ഏറ്റവും സാങ്കേതികമായി വെല്ലുവിളി നിറഞ്ഞ റെയിൽവേ സെക്ഷനുകളിലൊന്നായി കണക്കാക്കപ്പെടുന്നു. ഈ പാതക്ക് 50 ൽ ഒന്ന് എന്ന നിരക്കിൽ കുത്തനെയുള്ള ചരിവ് ഉണ്ട്, ഓരോ 50 മീറ്റർ ദൂരത്തിലും ട്രാക്ക് ഒരു മീറ്റർ ഉയരുന്നു. മണ്ണിടിച്ചിലിന് സാധ്യത കൂടുതലുള്ളതും 57 തുരങ്കങ്ങൾ, 258 പാലങ്ങൾ, 108 കൂർത്ത വളവുകൾ എന്നിവയുള്ളതുമായ ഇത് വൈദ്യുതീകരണത്തെ സങ്കീർണമായ എൻജിനീയറിങ് ദൗത്യമാക്കി മാറ്റുന്നു. 300 കിലോമീറ്റർ മൈസൂരു-ഹാസൻ-മംഗളൂരു സെക്ഷൻ, 47 കിലോമീറ്റർ ഹാസൻ-അർസിക്കരെ റൂട്ട്, 45 കിലോമീറ്റർ കടൂർ-ചിക്കമഗളൂരു ലൈൻ എന്നിവയുൾപ്പെടെ ഏകദേശം 400 കിലോമീറ്റർ റെയിൽവേ ലൈനുകൾ ഉൾക്കൊള്ളുന്ന വൈദ്യുതീകരണ കരാർ 2021 ആഗസ്റ്റിൽ നൽകി.
പദ്ധതിക്ക് തുടക്കത്തിൽ 461.23 കോടി രൂപ കണക്കാക്കിയിരുന്നെങ്കിലും റെയിൽ മന്ത്രാലയം 2026 മാർച്ചിൽ ചെലവ് 729.28 കോടിയായി പരിഷ്കരിച്ചു. ഇതിൽ 93.55 കോടി രൂപ 2023 ഡിസംബറിനും 2025 ഡിസംബറിനും ഇടയിൽ സകലേശ്പൂർ-സുബ്രഹ്മണ്യ റോഡ് ചുരം സെക്ഷൻ വൈദ്യുതീകരിക്കുന്നതിന് മാത്രമായി ചെലവഴിച്ചു. റൂട്ടിലെ ഓവർഹെഡ് വൈദ്യുതീകരണ അടിസ്ഥാന സൗകര്യങ്ങൾ മണിക്കൂറിൽ 120 കിലോമീറ്റർ വരെ ട്രെയിൻ വേഗതയെ പിന്തുണക്കുന്ന തരത്തിലാണ് രൂപകൽപന ചെയ്തതെന്ന് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.