പ്രതീകാത്മക ചിത്രം

ജനസാന്ദ്രതയുള്ള നഗരങ്ങളിൽ ബംഗളൂരുവും; ജനസംഖ്യ ഒരു കോടിയിലെത്തിയെന്ന് ഐക്യരാഷ്ട്രസഭ റിപ്പോർട്ട്

ബംഗളൂരു: ഐക്യരാഷ്ട്രസഭയുടെ പുതിയ റിപ്പോർട്ടായ ‘വേൾഡ് അർബനൈസേഷൻ പ്രോസ്‌പെക്റ്റ്‌സ് 2025: സമ്മറി ഓഫ് റിസൾട്ട്‌സ്’പ്രകാരം ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള 10 നഗരങ്ങളിൽ ബംഗളൂരു ഇടം നേടി. ഒരു കോടിയോ അതിൽ കൂടുതലോ ജനസംഖ്യയുള്ള നഗരങ്ങളെയാണ് മെഗാസിറ്റിയായി കണക്കാക്കുന്നത്.

1975ൽ എട്ട് നഗരങ്ങളായിരുന്നു ഈ ഗണത്തിലുണ്ടായിരുന്നത്. 2025ൽ അത് 33 ആയി ഉയർന്നു. അതിൽ 19 എണ്ണം ഏഷ്യയിലാണ്. 2050 ആകുമ്പോഴേക്കും 37 ആയി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോർട്ട് പറഞ്ഞു. അഡിസ് അബാബ (ഇത്യോപ്യ), ഡാർ എസ് സലാം (യുനൈറ്റഡ് റിപ്പബ്ലിക് ഓഫ് തൻസനിയ), ഹാജിപൂർ (ഇന്ത്യ), ക്വാലാലംപൂർ (മലേഷ്യ) തുടങ്ങിയ നഗരങ്ങളിലെ ജനസംഖ്യ ഒരു കോടി കവിയുമെന്ന് പ്രതീക്ഷിക്കുന്നു.

ലോകത്തിലെ ഏറ്റവും തിരക്കേറിയ 50 നഗരങ്ങളിൽ 12 എണ്ണം ഇന്ത്യയിലാണെന്ന് യു.എൻ സാമ്പത്തിക സാമൂഹിക വകുപ്പ് പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. ചതുരശ്ര കിലോമീറ്ററിൽ ഏകദേശം 30,000 ആളുകളുമായി മുംബൈ ആഗോളതലത്തിൽ മുന്നിലാണ്. മുംബൈ, സൂറത്ത്, അഹ്മദാബാദ്, ബംഗളൂരു എന്നീ നാല് ഇന്ത്യൻ നഗരങ്ങൾ ആദ്യ പത്തിൽ ഇടം നേടിയിട്ടുണ്ട്. ബംഗളൂരുവിൽ മാത്രം ചതുരശ്ര കിലോമീറ്ററിന് 20,000 ൽ കൂടുതൽ ജനസാന്ദ്രതയുണ്ട്.

ലോകത്തിലെ 820 കോടി ജനസംഖ്യയുടെ 45ശതമാനവും ഇപ്പോൾ നഗരപ്രദേശങ്ങളിലാണ് താമസിക്കുന്നതെന്ന് റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു. തിരിച്ചറിഞ്ഞ 33 മെഗാസിറ്റികളിൽ അഞ്ചെണ്ണവും ഇന്ത്യയിലാണ്. ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ബംഗളൂരു എന്നിവയാണ് ഈ നഗരങ്ങൾ. നഗരങ്ങളുടെ എണ്ണത്തിൽ ചൈനയെക്കാൾ കൂടുതലാണിത്. അവിടെ നാലെണ്ണം.

ആഗോളതലത്തിൽ ഏകദേശം 42 കോടി ആളുകളുമായി ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള നഗരമായി ജകാർത്ത മുന്നിലാണ്. 37 കോടിയുമായി ധാക്കയും 33 കോടിയുമായി ടോക്യോയും തൊട്ടുപിന്നിലുണ്ട്. മൂന്ന് കോടി ജനങ്ങളുള്ള ഇന്ത്യയിലെ ന്യൂഡൽഹിയും 22 കോടി ജനങ്ങളുള്ള കൊൽക്കത്തയും ആദ്യ പത്തിൽ ഇടം നേടി. ആദ്യ പത്തിൽ ഏഷ്യൻ നഗരത്തിന് പുറത്തുള്ള ഏക നഗരം കൈറോ (ഈജിപ്ത്) ആണ്. ബ്രസീലിൽ നടക്കുന്ന യു.എൻ കാലാവസ്ഥ ഉച്ചകോടിയോടനുബന്ധിച്ചാണ് റിപ്പോർട്ട് പുറത്തിറങ്ങിയത്.

Tags:    
News Summary - Bengaluru among the most densely populated cities; population reaches 10 million, says United Nations report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.