കവർച്ചക്കാർ രക്ഷപ്പെട്ട കാർ ഡ്രൈവർ കേരള-കർണാടക അതിർത്തിയിലെ തലപ്പാടി ടോൾ ബൂത്തിൽ ചുങ്കം നൽകുന്നതിന്റെ സി.സി ടി.വി ദൃശ്യം. കാർ സീറ്റുകൾ ശൂന്യമായത് കാണാം
മംഗളൂരു: കോട്ടേക്കർ കാർഷിക സഹകരണ ബാങ്ക് കെ.സി റോഡ് ശാഖയിൽ നടന്ന കവർച്ചയുമായി ബന്ധപ്പെട്ട് മൂന്നു പ്രതികളെ പൊലീസ് പിടികൂടി.
മുരുകൻ (30), ജയ്സ്വ എന്ന പ്രകാശ് (35) മണിവർണൻ (36) എന്നിവരെയാണ് തമിഴ്നാട്ടിലെ തിരുനെൽവേലിയിൽനിന്ന് പിടികൂടിയതെന്ന് മംഗളൂരു സിറ്റി പൊലീസ് കമീഷണർ അനുപം അഗർവാൾ അറിയിച്ചു. പ്രതികളെ മംഗളൂരുവിൽ എത്തിച്ച് ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തും. രണ്ടു വാളുകൾ, രണ്ട് പിസ്റ്റളുകൾ, തോക്ക് ബാഗുകൾ എന്നിവയുൾപ്പെടെ ആയുധങ്ങളും കണ്ടെടുത്തു.
ഉള്ളാൾ പൊലീസ് സ്റ്റേഷൻ പരിധിയിൽ കാർഷിക സഹകരണ ബാങ്ക് കെ.സി റോഡ് ശാഖയിൽ വെള്ളിയാഴ്ച കവർച്ച നടത്തി രക്ഷപ്പെട്ട സംഘം രണ്ടായി പിരിഞ്ഞതായി പൊലീസിന് സൂചന ലഭിച്ചിരുന്നു. ബാങ്കിൽനിന്ന് പുറത്തേക്ക് വന്ന ആറംഗ സംഘം സഞ്ചരിച്ച ചാര നിറത്തിലുള്ള കാർ തലപ്പാടി ടോൾ ബൂത്തിലൂടെ കാസർകോട് ഭാഗത്തേക്ക് പോയപ്പോൾ ഡ്രൈവർ ഉൾപ്പെടെ രണ്ടോ മൂന്നോ പേർ മാത്രമേയുള്ളൂ. കാർ ഡ്രൈവർ ചുങ്കം നൽകുന്ന ദൃശ്യം സി.സി ടി.വിയിൽ പതിഞ്ഞിരുന്നു. ഇതിൽ സീറ്റ് ഒഴിഞ്ഞുകിടക്കുന്നത് കാണാം.
ആറംഗ സംഘത്തിൽ നാലുപേർ ബാങ്കിൽ പ്രവേശിക്കുകയും രണ്ടുപേർ പുറത്ത് കാവൽ നിൽക്കുകയും ചെയ്തായിരുന്നു കവർച്ച നടത്തിയത്. അകത്ത് കയറിയവർ ഹിന്ദിയും കാവൽ നിന്നവർ കന്നടയിലുമാണ് സംസാരിച്ചിരുന്നത്.
രക്ഷപ്പെട്ട ശേഷമുള്ള യാത്രയിൽ രണ്ടായി പിരിഞ്ഞ് മറ്റൊരു വാഹനത്തിൽ കയറിയെന്നാണ് പൊലീസ് നിഗമനം. തുടക്കത്തിൽ പൊലീസ് ചാര നിറത്തിലുള്ള കാറിന്റെ സഞ്ചാരമാണ് സി.സി ടി.വി കാമറകളിൽ പരിശോധിച്ചത്. ഈ കാറാവട്ടെ തലപ്പാടി ടോൾ ബൂത്തിലൂടെ കേരളത്തിലേക്ക് കടന്ന് മഞ്ചേശ്വരം ഹൊസങ്കടി-മിയപദവ്-ആനക്കല്ല് വഴി കർണാടകയിൽ തിരികെ പ്രവേശിക്കുകയും ചെയ്തു. 19 കിലോ സ്വർണവും 11.70 ലക്ഷം രൂപയും കവർന്നതായാണ് കണക്ക്. കർണാടകയിൽ സമീപ വർഷങ്ങളിലെ ഏറ്റവും വലിയ കവർച്ചയാണിത്.
സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 20 ട്രേകളിൽ 13 എണ്ണത്തിലെ സ്വർണമാണ് കവർന്നത്. പ്രത്യേക അറയിൽ സൂക്ഷിച്ചിരുന്ന ബാക്കിയുള്ള ഏഴ് ട്രേകൾ സ്പർശിച്ചിട്ടില്ല. സ്വർണവും പണവും നിറച്ച ചാക്ക് കാറിൽ കയറ്റാൻ പാടുപെടുന്നത് സമീപത്തെ കെട്ടിടത്തിൽനിന്നുള്ള സി.സി ടി.വി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. നിക്ഷേപകർക്ക് ആശങ്ക വേണ്ടെന്ന് ബാങ്ക് പ്രസിഡന്റ് കൃഷ്ണ ഷെട്ടി പറഞ്ഞു. ഇടപാടുകാരുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ബാങ്ക് പ്രതിജ്ഞാബദ്ധമാണ്. അന്വേഷണം പുരോഗമിക്കുന്നു. മോഷ്ടിച്ച വസ്തുക്കളുടെ കൃത്യമായ മൂല്യം ഉടൻ സ്ഥിരീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.