ബംഗളൂരുവിൽ നടന്ന ദേശീയ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പിൽ മെഡലുമായി കെ.വി. ഗിരീഷ് കുമാർ
ബംഗളൂരു: ബംഗളൂരുവിൽ നടന്ന ദേശീയ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പിൽ ഒരു സ്വര്‍ണ മെഡലടക്കം തിളക്കമാര്‍ന്ന നേട്ടവുമായി ബംഗളൂരു മലയാളി ലോക പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടി. നെക്സസ് ശാന്തിനികേതനിൽ നടന്ന ദേശീയ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പിലാണ് കണ്ണൂർ പാടിയോട്ടുചാൽ കരിപ്പോട് സ്വദേശിയും ബംഗളൂരുവിൽ സ്ഥിരതാമസക്കാരനുമായ കെ.വി. ഗിരീഷ് കുമാറിന്റെ നേട്ടം. 12 സംസ്ഥാനങ്ങളിൽ നിന്നുള്ള താരങ്ങൾ മത്സരത്തിൽ പങ്കെടുത്തു.
മാസ്റ്റേഴ്സ് 70 കിലോ (ലെഫ്റ്റ് ഹാൻഡ്) വിഭാഗത്തിൽ സ്വര്‍ണവും മാസ്റ്റേഴ്സ് 70 കിലോ (റൈറ്റ് ഹാന്‍ഡ്) വിഭാഗത്തിൽ വെള്ളിയും നേടിയാണ് തുടര്‍ച്ചയായി ദേശീയ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പിൽ ഗിരീഷ് തിളങ്ങിയത്. ബോർഡ് ഓഫ് കൺട്രോൾ ഫോർ ആം റെസ്ലിങ് ഇൻ ഇന്ത്യയുടെ ആഭിമുഖ്യത്തിൽ കർണാടക ആം റെസ്ലിങ് അസോസിയേഷന്റെ ആതിഥേയത്വത്തിലാണ് ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ് നടന്നത്. വിജയിയായതോടെ നവംബറിൽ അസര്‍ബൈജാനിൽ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിൽ ഗിരീഷ്കുമാര്‍ ഇടം നേടി. എന്നാൽ, ലോകവേദിയിലെ മത്സരത്തിന് ചെലവേറെയാണെന്നതിനാൽ ഗിരീഷിന്റെ സ്വപ്നത്തിനു മേൽ സാമ്പത്തിക പ്രയാസം കരിനിഴലായി നിൽക്കുകയാണ്.
സ്പോണ്‍സര്‍മാരുടെ പിന്തുണ ലഭിച്ചാലേ മത്സരത്തിൽ പങ്കെടുക്കാൻ യാത്ര തിരിക്കാനാവൂ. തുടര്‍ച്ചയായി നാലാം തവണയാണ് ദേശീയ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പിൽ ഗിരീഷ്കുമാര്‍ മെഡൽ നേടുന്നത്. 2022, 2023 വര്‍ഷങ്ങളിലെ ദേശീയ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പുകളിൽ സ്വര്‍ണ മെഡലുകളും 2024ൽ രണ്ട് വെങ്കല മെഡലുകളും നേടിയിട്ടുണ്ട്. 2023ല്‍ മലേഷ്യയിൽ നടന്ന ലോക ചാമ്പ്യന്‍ഷിപ്പിൽ അഞ്ചാം സ്ഥാനവും നേടി. ഇത് രണ്ടാം തവണയാണ് ഗിരീഷ് കുമാര്‍ ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനൊരുങ്ങുന്നത്.
കണ്ണൂർ തായമ്പത്ത് നാരായണന്റെയും അമൃതവല്ലിയുടെയും മകനായ ഗിരീഷ് കുമാർ ബംഗളൂരു അൾസൂരിലാണ് താമസം. ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബിസിനസ് മാനേജരായി ജോലിചെയ്യുന്ന ഗിരീഷ് കഴിഞ്ഞ അഞ്ചു വര്‍ഷത്തിലധികമായി പഞ്ചഗുസ്തിയിൽ പരിശീലനം നടത്തുന്നുണ്ട്. എൻ.കെ. സൗമ്യയാണ് ഭാര്യ. ഗീതാഞ്ജലി, നരെയ്ൻ മാധവ് എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.