അരുൺ കുമാർ പുത്തില
മംഗളൂരു: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് സീറ്റ് നിർണയവുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രശ്നങ്ങൾ ബി.ജെ.പിയിൽ അടങ്ങുന്നില്ല. ദക്ഷിണ കന്നട ജില്ലയിലെ പുത്തൂർ മണ്ഡലത്തിൽ പാർട്ടി റെബൽ സ്ഥാനാർഥിയായിരുന്ന അരുൺ കുമാർ പുത്തിലയുടെ ഓഫിസിനുനേരെ പട്ടാപ്പകൽ അക്രമം.
ഹിന്ദു ജാഗരണവേദി നേതാവ് ദിനേശ് പഞ്ജികയുടെ നേതൃത്വത്തിൽ സംഘം വാളുകളുമായി വെള്ളിയാഴ്ച ഉച്ചയോടെയാണ് അഴിഞ്ഞാടിയത്. സംഭവവുമായി ബന്ധപ്പെട്ട് ശാന്തിഗോഡിലെ ദിനേശ് പഞ്ചിഗ (38), നരിമൊഗറുവിലെ എം. ഭവിത് (19), ബൊൽവറുവിലെ കെ. മൻവിത് (19), ആര്യപ്പുവിലെ എൻ. ജയപ്രകാശ് (18), ചിക്മൊഡനൂരിലെ സി. ചരൺ (23), ബന്നൂരിലെ വി. മനീഷ (23), പുത്തൂർ കസബയിലെ പി. വിനീത് (19), പ്രായപൂർത്തിയാകാത്ത രണ്ടു പേർ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. പുത്തിലയുടെ അനുയായി മനീഷ് കുളൈക്കെതിരെ കൊലവിളിയുമായാണ് സംഘം എത്തിയത്. ആ സമയം താൻ ഓഫിസിൽ ഇല്ലായിരുന്നുവെന്ന് മനീഷ് പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞു.
ബി.ജെ.പിയുടെ സിറ്റിങ് സീറ്റായിരുന്ന പുത്തൂർ മണ്ഡലത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി അശോക് കുമാർ റൈയാണ് 66,607 വോട്ടുകൾ നേടി വിജയിച്ചത്.ബി.ജെ.പി റെബലായി മത്സരിച്ച അരുൺ കുമാർ പുത്തില 62,458 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ബി.ജെ.പി സ്ഥാനാർഥി ആശ തിമ്മപ്പക്ക് 37,558 വോട്ടുകൾ മാത്രമേ ലഭിച്ചുള്ളൂ.പുത്തില പരിവാർ എന്ന സംഘടനയുണ്ടാക്കി മുന്നോട്ടുപോകുന്ന അരുൺ കുമാറും സംഘവും ദക്ഷിണ കന്നട ജില്ലയിൽ ബി.ജെ.പി ഔദ്യോഗിക പക്ഷത്തിന് വലിയ ഭീഷണിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.