ഖാദർ
മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ മുൻ മംഗളൂരു സിറ്റി പൊലീസ് കമീഷണർക്കും ജില്ല പൊലീസ് സൂപ്രണ്ടിനും എതിരെ ഉന്നതതല അന്വേഷണം ആരംഭിക്കണമെന്ന് കർണാടക നിയമസഭ സ്പീക്കർ യു.ടി. ഖാദർ സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു. വ്യാഴാഴ്ച മംഗളൂരു സർക്യൂട്ട് ഹൗസിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മംഗളൂരു എം.എൽ.എയായ ഖാദർ.
എല്ലാ ഐ.പി.എസ് ഉദ്യോഗസ്ഥർക്കും ഒരേ യോഗ്യതയുണ്ടെങ്കിലും അവർ നിയമം നടപ്പാക്കുന്ന രീതി വ്യത്യസ്തമാണെന്ന് ഖാദർ പറഞ്ഞു. ദക്ഷിണ കന്നടയിലേക്ക് വിന്യസിച്ചിരിക്കുന്ന ഉദ്യോഗസ്ഥർ വിദ്വേഷ പ്രസംഗങ്ങൾ, വർഗീയ പ്രകോപനങ്ങൾ, സമൂഹമാധ്യമങ്ങളിലെ പ്രകോപനപരമായ പോസ്റ്റുകൾ എന്നിവക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമായിരുന്നു.
നിർഭാഗ്യവശാൽ, മുൻ ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ പരാജയപ്പെട്ടു, അതിനാൽ വിശദമായ അന്വേഷണം ആവശ്യമാണ്. ഓൺലൈനിലൂടെയും പ്രസംഗങ്ങളിലൂടെയും വിദ്വേഷം വളർത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ താൻ ഹജ്ജ് യാത്രക്ക് പുറപ്പെടും മുമ്പ് അന്നത്തെ കമീഷണർക്കും എസ്.പിക്കും വ്യക്തമായി നിർദേശം നൽകിയിരുന്നതായി ഖാദർ വെളിപ്പെടുത്തി. എന്നാൽ, നിയമപരമായ പരിമിതികൾ ചൂണ്ടിക്കാട്ടി രണ്ട് ഉദ്യോഗസ്ഥരും നിസ്സഹായത പ്രകടിപ്പിക്കുകയായിരുന്നു. പുതിയ ഉദ്യോഗസ്ഥർ കർശനമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
ഏകദേശം 60 ശതമാനം വിദ്വേഷ ഉള്ളടക്കവും ഇപ്പോൾ നിയന്ത്രിക്കപ്പെട്ടു. അക്രമത്തിന് പ്രേരിപ്പിക്കാനോ കൊലപാതകം നടത്താനോ ആർക്കും അവകാശമില്ല. അത്തരം പ്രവൃത്തികൾ സാർവത്രികമായി അപലപിക്കപ്പെടണം. എല്ലാ ഉദ്യോഗസ്ഥരും നിയമം ഏകീകൃതമായി പാലിക്കണം. അത്തരം നടപ്പാക്കലിനെ നയിക്കാൻ സർക്കാർ ഒരു സ്റ്റാൻഡേഡ് ഓപറേറ്റിങ് നടപടിക്രമം സ്ഥാപിക്കണം. മംഗളൂരുവിൽ അടുത്തിടെയുണ്ടായ സംഭവങ്ങൾ ദൗർഭാഗ്യകരവും ജില്ലയിലെ സാമുദായിക ഐക്യത്തിന് ഹാനികരവുമാണെന്ന് ഖാദർ വിശേഷിപ്പിച്ചു. ‘സമാധാനം വളർത്തുക എന്നതാവണം നമ്മുടെ ലക്ഷ്യം. അഭിപ്രായവ്യത്യാസങ്ങൾ സ്വീകാര്യമാണ്. പക്ഷേ, അവ സംഭാഷണത്തിലൂടെ പരിഹരിക്കണം.
ഐക്യം സംരക്ഷിക്കേണ്ടത് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ മാത്രമല്ല, ഓരോ പൗരന്റെയും സിവിൽ സമൂഹ സംഘടനയുടെയും ഉത്തരവാദിത്തമാണ്. മതപരമായ പഠിപ്പിക്കലുകൾ ഒരിക്കലും മനസ്സിനെയോ ശരീരത്തെയോ ദ്രോഹിക്കാനുള്ള ആയുധങ്ങളായി മാറരുത്. പകരം അവ രോഗശാന്തിയും സമാധാനവും പ്രദാനം ചെയ്യണ’മെന്ന് ഖാദർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.