ബംഗളൂരു: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ സത്യപ്രതിജ്ഞാ ലംഘനം നടത്തുന്നുവെന്നും അദ്ദേഹം രാജി വെക്കണമെന്നും മനുഷ്യാവകാശ സംഘടനയായ പീപ്പിൾസ് യൂനിയൻ ഫോർ സിവിൽ ലിബർട്ടീസ് (പി.യു.സി.എൽ) ആവശ്യപ്പെട്ടു. ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനകൾ നിയമത്തിനെതിരാണ്. മുസ്‌ലിം, ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്കെതിരെ മുഖ്യമന്ത്രി തുടർച്ചയായി ശത്രുതയുളവാക്കുന്ന പ്രയോഗം നടത്തുന്നത് മതേതരത്വം, തുല്യത എന്നിവക്കെതിരാണ്. മുഖ്യമന്ത്രിക്കെതിരെ പരാതി നൽകിയ സാമൂഹിക പ്രവർത്തകൻ ഹർഷ് മന്ദറെ കേസുകളിൽ കുടുക്കി ഭീഷണിപ്പെടുത്തുന്ന നടപടിയെ സംഘടന ശക്തമായി അപലപിച്ചു. എല്ലാവരെയും തുല്യമായി കാണുമെന്ന സത്യപ്രതിജ്ഞയാണ് ശർമ ലംഘിച്ചത്. ഒരു ജനവിഭാഗത്തെ മാത്രം അരികുവത്കരിക്കുകയും അവർക്കെതിരെ അക്രമത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒരാൾക്ക് ആ സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന് പി.യു.സി.എൽ പ്രസിഡന്‍റ് കവിത ശ്രീവാസ്തവയും ജനറൽ സെക്രട്ടറി ഡോ. വി. സുരേഷും പറഞ്ഞു. ഭരണഘടന വ്യവസ്ഥ അനുസരിച്ചാണോ അസമിലെ ഭരണമെന്ന് ഉറപ്പാക്കാൻ ആർട്ടിക്കിൾ 355 പ്രകാരം കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നും മുഖ്യമന്ത്രിയെ തല്‍സ്ഥാനത്തുനിന്ന് നീക്കാൻ പ്രധാനമന്ത്രി തയാറാകണമെന്നും പി.യു.സി.എൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.