ബംഗളൂരു : കല്യാണ കർണാടക മേഖലയിലെ ആരോഗ്യ സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി കർണാടക സർക്കാർ ‘ആരോഗ്യ ആവിഷ്കാര’പദ്ധതി ആരംഭിച്ചു. 440.63 കോടി രൂപയുടെ പദ്ധതികൾ ഈ മേഖലക്ക് സമർപ്പിച്ചു. സംസ്ഥാനത്തെ ഏറ്റവും പിന്നോക്കം നിൽക്കുന്ന ജില്ലകൾ ഉൾപ്പെടുന്ന കല്യാണ കർണാടക മേഖലയിലെ ആരോഗ്യ സേവനങ്ങൾ ശക്തിപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
എ.ഐ.സി.സി പ്രസിഡന്റും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ, മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു എന്നിവർ യാദ്ഗിറിൽ സംയുക്തമായി പദ്ധതി ഉദ്ഘാടനം ചെയ്തു. കല്യാണ കർണാടക റീജനൽ ഡെവലപ്മെന്റ് ബോർഡ് (കെ.കെ.ആർ.ഡി.ബി) വഴിയാണ് പദ്ധതി ആരംഭിക്കുന്നത്. ബഞ്ചാര ഭവന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു.
കല്യാണ കർണാടകയിലെ ഏഴ് ജില്ലകളുടെ വികസനത്തിനായി മൂന്ന് വർഷത്തിനുള്ളിൽ 13,000 കോടി രൂപ തന്റെ സർക്കാർ അനുവദിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെ.കെ.ആർ.ഡി.ബിക്ക് പ്രതിവർഷം 5,000 കോടി രൂപ അനുവദിക്കുമെന്ന് തെരഞ്ഞെടുപ്പിൽ ഞങ്ങൾ വാഗ്ദാനം ചെയ്തിരുന്നു. ആ വാഗ്ദാനം പാലിച്ചുകൊണ്ട് ഇതിനകം 13,000 കോടി രൂപ നൽകിയിട്ടുണ്ട്. ഇതിൽ 5,300 കോടി ഇതിനകം ചെലവഴിച്ചു. കെ.കെ.ആർ.ഡി.ബിക്കുള്ള ഈ ധനസഹായത്തിന് പുറമെ, മറ്റ് വികസന പരിപാടികൾക്കായി വകുപ്പ് തിരിച്ചുള്ള ധനസഹായവും സംസ്ഥാന സർക്കാർ നൽകുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.