ബംഗളൂരു: സംസ്ഥാനത്ത് മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ തടയാന്‍ ആന്റി നാർകോട്ടിക്സ് ടാസ്ക് ഫോഴ്സ് (എ.എൻ.ടി.എഫ്) രൂപവത്കരിച്ചു. പൊലീസ് വകുപ്പിന് കീഴിലായിരിക്കും 66 അംഗ യൂനിറ്റ് പ്രവര്‍ത്തിക്കുക. എ.ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ യൂനിറ്റിന് നേതൃത്വം നൽകും. സൈബർ കമാൻഡ് വിഭാഗം ഡി.ജി.പി പ്രണബ് മൊഹന്തിക്കാണ് കുറ്റകൃത്യങ്ങള്‍ നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയെന്ന് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.
ഡി.ജി ആന്‍ഡ് ഐ.ജി.പി എം.എ സലീമിനാണ് ടാസ്ക് ഫോഴ്സ് മേൽനോട്ട ചുമതല. എ.എൻ.ടി.എഫിന്റെ രൂപവത്കരണത്തിനായി 10 പുതിയ തസ്തികകള്‍ സൃഷ്ടിക്കുകയും 56 ജീവനക്കാരെ ആന്റി നക്സൽ ഫോഴ്സിൽ (എ.എൻ.എഫ്) നിന്ന് എടുക്കുകയും ചെയ്യും. സംസ്ഥാനത്ത് അവസാന മാവോവാദിയും കീഴടങ്ങിയ സാഹചര്യത്തിൽ നക്സൽ വിരുദ്ധ സേനയെ പിരിച്ചുവിടാൻ നേരത്തേ സർക്കാർ നീക്കം നടത്തിയിരുന്നു.
പുതുതായി സൃഷ്ടിച്ച തസ്തികകളിൽ രണ്ട് അഡീഷനൽ സൂപ്രണ്ടുമാർ, പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ടുമാർ, ഒരു അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റിവ് ഒഫിസർ, സെക്ഷൻ സൂപ്രണ്ട്, ജൂനിയർ അസിസ്റ്റന്റ്, ഫസ്റ്റ് ഡിവിഷൻ അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ, ക്ലർക്ക്, രണ്ട് പൊലീസ് ഇൻസ്പെക്ടർമാർ, നാല് പൊലീസ് സബ് ഇൻസ്പെക്ടർമാർ, 20 ഹെഡ് കോൺസ്റ്റബ്ൾ, 30 കോൺസ്റ്റബ്ൾ എന്നിവർ ഉൾപ്പെടും. കൂടാതെ കേസുകള്‍ വിശകലനം ചെയ്യുന്നതിനായി ഫോറന്‍സിക് വിദഗ്ധരുടെയും നിയമ വിദഗ്ധരുടെയും ഡേറ്റ അനലിസ്റ്റ്കളുടെയും സഹായം തേടും.
സംസ്ഥാനത്തുടനീളമുള്ള മയക്കുമരുന്ന് കടത്ത്, വിതരണം, ഉപയോഗം എന്നിവ തടയുന്നതിനായി നിർമിച്ച സേനയാണ് എ.എന്‍.ടി.എഫ് എന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന് മാധ്യമങ്ങളോട് പറഞ്ഞു. സംഘടിതമായി പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് ശൃംഖലകള്‍ കണ്ടെത്തുന്നതിനും തകര്‍ക്കുന്നതിനുമായി ജില്ലകള്‍, കേന്ദ്ര ഇന്റലിജൻസ് യൂനിറ്റുകള്‍ എന്നിവ തമ്മില്‍ ഏകോപിച്ചു പ്രവര്‍ത്തിക്കുകയാണ് ആന്റി നാർകോട്ടിക്സ് ടാസ്ക് ഫോഴ്സിന്റെ ലക്ഷ്യം.
എ.എൻ.ടി.എഫിന്റെ പ്രവര്‍ത്തനത്തിനായി സര്‍ക്കാര്‍ 2.77 കോടി രൂപ അനുവദിച്ചു. പൊതു ജനങ്ങൾ വിവരം അറിയിച്ചാലും ടാസ്ക് ഫോഴ്സ് നടപടിയെടുക്കുമെന്നും ഇത് സംബന്ധിച്ച നിർദേശം എല്ലാ സൂപ്രണ്ടുമാര്‍ക്കും ഇതിനകം നല്‍കിയെന്നും ആഭ്യന്തരമന്ത്രി ജി. പരമേശ്വര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.