പ്രതീകാത്മക ചിത്രം

യുവതിയെ ബലാത്സംഗം ചെയ്ത് വിഡിയോ പ്രചരിപ്പിച്ചു; മൂന്നുപേർ അറസ്റ്റിൽ

ബംഗളൂരു: ഹുബ്ബള്ളിയിൽ 35കാരിയെ രണ്ട് പുരുഷന്മാർ ചേർന്ന് ബലാത്സംഗം ചെയ്തതായി പരാതി. മൂന്നാമൻ രംഗം വിഡിയോകളും ഫോട്ടോകളും എടുത്ത് പ്രചരിപ്പിച്ചു. സംഭവത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തൊഴിലാളികളായ കെ. ശിവാനന്ദ് (31), സി. ഗണേഷ് (36) എന്നിവരെ ബലാത്സംഗക്കേസിലും എം. പ്രദീപിനെ (29) വിഡിയോകൾ പ്രചരിപ്പിച്ചതിനുമാണ് അറസ്റ്റ് ചെയ്തതെന്ന് ഹുബ്ബള്ളി-ധാർവാഡ് പൊലീസ് കമീഷണർ എൻ. ശശികുമാർ പറഞ്ഞു. വെള്ളിയാഴ്ച രാത്രി 11.30ന് ശേഷമാണ് സംഭവം നടന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.

അംബേദ്കർ ഗ്രൗണ്ടിൽനിന്ന് യുവതിയെ ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുപോയാണ് ആക്രമിച്ചത്. നിർബന്ധിച്ച് മദ്യം കുടിപ്പിക്കുകയും ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു. ഫോട്ടോകളും വിഡിയോകളും എടുത്ത് അംബേദ്കർ ഗ്രൗണ്ടിൽ തിരികെ ഇറക്കിവിട്ടു. പൊതുജനങ്ങൾക്ക് ഫോട്ടോകളും വിഡിയോകളും ലഭിക്കുകയും അധികാരികളെ അറിയിക്കുകയും ചെയ്തപ്പോഴാണ് സംഭവം പൊലീസ് അറിഞ്ഞത്.

പിന്നീട് ഹുബ്ബള്ളി നഗരത്തിൽനിന്ന് യുവതിയെ കണ്ടെത്തി. ആദ്യം ഇരയെ തിരിച്ചറിയാൻ കഴിഞ്ഞില്ല. ഒന്നരമാസമായി യുവതി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ക്ഷേത്രങ്ങൾക്ക് സമീപം താമസിച്ചിരുന്നുവെന്നും സിദ്ധാരൂഢ മഠത്തിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി കമീഷണർ പറഞ്ഞു. സ്വമേധയാ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ഇരയെ കണ്ടെത്തിയതിനുശേഷം ഔദ്യോഗികമായി പരാതി രേഖപ്പെടുത്തുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ ബലാത്സംഗത്തിനും വിവരസാങ്കേതിക നിയമത്തിലെ വ്യവസ്ഥകൾ പ്രകാരവും ഫോട്ടോകളും വിഡിയോകളും റെക്കോഡ് ചെയ്ത് പ്രചരിപ്പിച്ചതിനും കേസെടുത്തു. ഭർത്താവുമായുള്ള തർക്കത്തെതുടർന്ന് മറ്റൊരു ജില്ലയിൽനിന്ന് ഏകദേശം ഒന്നരമാസം മുമ്പ് യുവതി ഹുബ്ബള്ളിയിൽ എത്തിയതായി കമീഷണർ പറഞ്ഞു. ആ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭർത്താവ് ഇപ്പോൾ ശിവമോഗ ജയിലിലാണ്.

ശിവാനന്ദിനും ഗണേഷിനും സംഭവത്തിൽ പങ്കുണ്ടെന്ന് അറിഞ്ഞതിനെത്തുടർന്ന് ഓൾഡ് ഹുബ്ബള്ളി പ്രദേശത്തെ ചില താമസക്കാർ അവരെ ആക്രമിക്കുകയും മുടി മുറിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ശിവാനന്ദ് നൽകിയ പരാതിയെത്തുടർന്ന് പ്രത്യേക കേസ് രജിസ്റ്റർ ചെയ്യുകയും നാല് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.

Tags:    
News Summary - Three arrested for raping a woman and circulating a video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.