ബംഗളൂരു: എ.ഐ.സി.സി സെക്രട്ടറിയും കർണാടക സർക്കാരിന്റെ ഗ്യാരണ്ടി കമ്മിറ്റി വൈസ് ചെയർമാനുമായ സൂരജ് ഹെഗ്‌ഡെ (55) ഞായറാഴ്ച രാത്രി അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ എന്നിവർ ഉൾപ്പെടെ അനുശോചനം അറിയിച്ചു.
'ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെ മുൻ ചുമതലക്കാരനായിരുന്ന ഹെഗ്‌ഡെ മുൻ മുഖ്യമന്ത്രി ദേവരാജ് അർസിന്റെ ചെറുമകനാണ്. എ.ഐ.സി.സി ഭാരവാഹി, കെ.പി.സി.സി വൈസ് പ്രസിഡന്റ്, സംസ്ഥാന ഗ്യാരണ്ടി കമ്മിറ്റി വൈസ് ചെയർമാൻ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ച എന്റെ പ്രിയപ്പെട്ട സഹപ്രവർത്തകൻ സൂരജ് ഹെഗ്‌ഡെയുടെ പെട്ടെന്നുള്ള വിയോഗത്തിൽ ഞാൻ ഇപ്പോഴും ഞെട്ടലിലാണ്. സംഘടനാ വൈഭവത്തിലൂടെയും പൊതുജന താത്പര്യത്തിലൂടെയും കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹം നൽകിയ സംഭാവനകൾ സമാനതകളില്ലാത്തതാണ്. പാർട്ടി പ്രവർത്തകരുമായി എപ്പോഴും മികച്ച ബന്ധം പുലർത്തിയിരുന്ന സജീവ നേതാവിനെ ഇന്ന് നമുക്ക് നഷ്ടപ്പെട്ടു' ഡി.കെ.ശിവകുമാർ പറഞ്ഞു.
ഹെഗ്‌ഡെയുടെ വിയോഗത്തിൽ കോൺഗ്രസ് നേതാവും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി ദുഃഖം രേഖപ്പെടുത്തി. ഇത് കോൺഗ്രസ് കുടുംബത്തിന് നികത്താനാകാത്ത വിയോഗമാണെന്നും രാഹുൽ ഗാന്ധി എക്സ്ൽ കുറിച്ചു. എ.ഐ.സി.സി. സെക്രട്ടറി എന്ന നിലയിൽ പാർട്ടിയെ സമർപ്പണത്തോടെ സേവിച്ച നേതാവായിരുന്നു ഹെഗ്‌ഡെയെന്ന് എ.ഐ.സി.സി. അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ഹെഗ്ഡെയുടെ ഭാര്യ:ശില്പ സൂരജ്. മക്കൾ:സമൃദ്ധ് എസ് ഹെഗ്ഡെ, വിശ്രുത് എസ് ഹെഗ്ഡെ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.