അസിം പ്രേംജി സർവകലാശാലയിൽ (എ.പി.യു) എ.ബി.വി.പി പ്രവർത്തകർ നടത്തിയ ഗുണ്ട ആക്രമണത്തിനെതിരെ വസ്തുതാന്വേഷണ റിപ്പോർട്ടുമായി മനുഷ്യാവകാശ-വിദ്യാർഥി കൂട്ടായ്മ നടത്തിയ വാര്‍ത്തസമ്മേളനത്തിൽനിന്ന്
ബംഗളൂരു: അസിം പ്രേംജി സർവകലാശാലയിൽ (എ.പി.യു) എ.ബി.വി.പി പ്രവർത്തകർ നടത്തിയ ഗുണ്ട ആക്രമണത്തിനിടെ, സ്വന്തം വിദ്യാർഥികൾക്ക് സംരക്ഷണം നൽകുന്നതിൽ സർവകലാശാല അധികൃതർ പൂർണമായി പരാജയപ്പെട്ടതായി വസ്തുതാന്വേഷണ റിപ്പോർട്ട്. അക്രമികൾക്കെതിരെ നടപടിയെടുക്കുന്നതിന് പകരം സമാധാനപരമായി പ്രതിഷേധിച്ച മറ്റു വിദ്യാർഥികളെ സർവകലാശാല വേട്ടയാടുകയാണെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. പി.യു.സി.എൽ-കർണാടക, ബഹുത്വ കർണാടക, നാവിദ്ദു നില്ലദിദ്രെ തുടങ്ങിയ വിവിധ മനുഷ്യാവകാശ-വിദ്യാർഥി കൂട്ടായ്മകൾ സംയുക്തമായി തയാറാക്കിയ റിപ്പോർട്ട് ബംഗളൂരു പ്രസ് ക്ലബിൽ വാർത്ത സമ്മേളനത്തിൽ പുറത്തുവിട്ടു.
ഭരണഘടന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്ന വാഗ്ദാനം സർവകലാശാല ലംഘിച്ചതായി ശാസ്ത്രജ്ഞനും അക്കാദമിഷ്യനുമായ സുവ്രത് രാജു, പി.യു.സി.എൽ പ്രസിഡന്‍റ് അരവിന്ദ് നാരായൺ, മധു ഭൂഷൺ എന്നിവർ വാർത്തസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഫെബ്രുവരി 24നാണ് ഇരുപതോളം എ.ബി.വി.പി പ്രവർത്തകർ അസിം പ്രേംജി സർവകലാശാല കാമ്പസിലേക്ക് അതിക്രമിച്ചു കയറിയത്. കാമ്പസിലെ പൊതുമുതൽ നശിപ്പിച്ച അക്രമിസംഘം വിദ്യാർഥികളെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
കാമ്പസിലെ ‘സ്പാർക്ക്-എ.പി.യു’ എന്ന വിദ്യാർഥി കൂട്ടായ്മ അന്ന് വൈകുന്നേരം നടത്താനിരുന്ന വായനാക്കൂട്ടത്തിനെതിരെയായിരുന്നു ആക്രമണം. കശ്മീരിലെ കുനൻ-പോഷ്പോറ കൂട്ടബലാത്സംഗത്തെയും സൈന്യത്തിന്‍റെ അതിക്രമങ്ങളെയും കുറിച്ചുള്ള ചർച്ചയായിരുന്നു വായനാക്കൂട്ടത്തിന്‍റെ വിഷയം. തുടർന്ന് അക്രമികളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും സർവകലാശാല സെക്യൂരിറ്റി ചീഫിന്‍റെ പരാതിയിൽ എ.ബി.വി.പി പ്രവർത്തകർക്കെതിരെ എഫ്.ഐ.ആർ (Cr. No: 0051/2026) രജിസ്റ്റർ ചെയ്യുകയും ചെയ്തു. എന്നാൽ തൊട്ടുപിന്നാലെ അതേ ദിവസം രാത്രി സർവകലാശാല രജിസ്ട്രാറുടെ പരാതിയിൽ, ‘സ്പാർക്ക്-എ.പി.യു’ കൂട്ടായ്മക്കെതിരെയും പൊലീസ് കേസ് (Cr. No.: 0052/2026) എടുത്തു.
തുടർന്ന് സർവകലാശാല രൂപവത്കരിച്ച പ്രത്യേക അച്ചടക്ക സമിതി എട്ട് വിദ്യാർഥികളെയും ചില അധ്യാപകരെയും വിചാരണ ചെയ്യുകയും, മേയ് എട്ടിന് ഒരു വിദ്യാർഥിനിയെ രണ്ട് വർഷത്തേക്ക് സസ്പെൻഡ് ചെയ്യുകയും ചെയ്തു. കാമ്പസിൽ ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന വിവരം മുൻകൂട്ടി അറിഞ്ഞിട്ടും സർവകലാശാല പ്രതിരോധ നടപടികൾ സ്വീകരിച്ചില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അക്രമം തടയാൻ ആവശ്യമായ പൊലീസ് സജ്ജീകരണവും ഉണ്ടായിരുന്നില്ല.
എ.ബി.വി.പിയുടെ ആക്രമണത്തെ പരസ്യമായി അപലപിക്കാൻ സർവകലാശാല തയാറായില്ലെന്നും കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പൊലീസിൽ സമ്മർദം ചെലുത്തിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. തങ്ങളുടെ അവകാശങ്ങൾക്കായി നിലകൊണ്ട ‘സ്പാർക്ക്- എ.പി.യു’ വിദ്യാർഥി കൂട്ടായ്മക്കെതിരെ കേസ് കൊടുത്ത അസിം പ്രേംജി സർവകലാശാല നടപടി തെറ്റാണെന്ന് അധ്യാപകരും വിദ്യാർഥികളും ഒരുപോലെ വിശ്വസിക്കുന്നു.
സുരക്ഷ വർധിപ്പിക്കാനെന്ന പേരിൽ കാമ്പസിൽ ഏർപ്പെടുത്തിയ നിരീക്ഷണ സംവിധാനങ്ങൾ വിദ്യാർഥികളിൽ ഭീതി പടർത്താനാണ് ഉപകരിച്ചത്. സ്വതന്ത്രമായ ചിന്തയെയും സംവാദങ്ങളെയും സർവകലാശാല ഭയപ്പെടുകയാണ്. രാജ്യത്തെ പ്രമുഖ സർവകലാശാലകളായ ജെ.എൻ.യു, ബി.എച്ച്.യു, ജാദവ്പുർ യൂനിവേഴ്സിറ്റി എന്നിവിടങ്ങളിൽ നടക്കുന്നതുപോലെ സ്വതന്ത്ര ചിന്തകളെ അടിച്ചമർത്താനുള്ള ആസൂത്രിത നീക്കത്തിന്‍റെ ഭാഗമാണ് എ.ബി.വി.പിയുടെ ഈ അക്രമമെന്നും വസ്തുതാന്വേഷണ റിപ്പോർട്ട് കുറ്റപ്പെടുത്തി.
‘സ്പാർക്ക്-എ.പി.യു’ കൂട്ടായ്മക്കെതിരെ സർവകലാശാല നൽകിയ എല്ലാ പരാതികളും ഉടൻ പിൻവലിക്കണമെന്നും സസ്പെൻഡ് ചെയ്ത വിദ്യാർഥിനിയുടെ സസ്പെൻഷൻ എത്രയും വേഗം റദ്ദാക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെട്ടു. വിദ്യാർഥികളുടെ പ്രവർത്തനങ്ങൾക്കുമേൽ ഏർപ്പെടുത്തിയ അനാവശ്യ നിയന്ത്രണങ്ങൾ നീക്കണം. വിദ്യാർഥികൾക്കെതിരെയുള്ള കേസ് പൊലീസ് അവസാനിപ്പിക്കുകയും അക്രമം നടത്തിയ എ.ബി.വി.പി ഗുണ്ടകൾക്കെതിരെ ഭാരതീയ ന്യായ സംഹിത പ്രകാരം കർശന നടപടി സ്വീകരിക്കുകയും വേണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.