എൻഡോസൾഫാൻ പുനരധിവാസ സമുച്ചയത്തിന്റെ രൂപരേഖ
മംഗളൂരു: കാർക്കള താലൂക്കിലെ ബെയ്ലുരുവിൽ നിർമിക്കുന്ന എൻഡോസൾഫാൻ പുനരധിവാസ കേന്ദ്രത്തിന്റെ നിർമാണത്തിന് ഞായറാഴ്ച തറക്കല്ലിട്ടു. പുനരധിവാസത്തിൽ ഹൊസബെലക്കു സേവാ ട്രസ്റ്റിനെ ജില്ല ഭരണകൂടം സഹായിക്കുമെന്ന് ഉഡുപ്പി ജില്ല ഡെപ്യൂട്ടി കമീഷണർ കെ. വിദ്യാകുമാരി പറഞ്ഞു. മൂന്ന് നിലകളുള്ള പുനരധിവാസ കേന്ദ്രത്തിൽ എൻഡോസൾഫാൻ ദുരിതബാധിതരായി കിടപ്പിലായ 150 സ്ത്രീകളെ സംരക്ഷിക്കും.
ഉഡുപ്പി ജില്ലയിൽ ആകെ 1800 എൻഡോസൾഫാൻ ദുരിതബാധിതർക്കാണ് പ്രതിമാസ ഓണറേറിയം ലഭിക്കുന്നത്. 4,000 രൂപ പ്രതിമാസ ഓണറേറിയം ലഭിക്കുന്ന 60 ശതമാനത്തിലധികം വൈകല്യമുള്ള 1,200 ഇരകളും 20 ശതമാനം മുതൽ 60 ശതമാനം വരെ വൈകല്യമുള്ള 600ഓളം ഇരകളും പ്രതിമാസം 2,000 രൂപ ഓണറേറിയം സ്വീകരിക്കുന്നു. ഇരകളായ 1,200 പേരിൽ 250 ഓളം സ്ത്രീകളും കിടപ്പിലായവരാണ്. അവരുടെ കുടുംബാംഗങ്ങൾ ഈ ഇരകളെ പരിചരിക്കുന്നതിൽ പ്രശ്നം നേരിടുന്ന സാഹചര്യത്തിലാണ് പുനരധിവാസ സമുച്ചയം നിർമിക്കുന്നത്.
കേന്ദ്രത്തിന്റെ നടത്തിപ്പിനായി ട്രസ്റ്റിന് ഫണ്ട് അനുവദിക്കുന്നതിന് ജില്ല ഭരണകൂടം സംസ്ഥാന സർക്കാറിനോട് നിർദേശിച്ചിട്ടുണ്ടെന്ന് വിദ്യാകുമാരി മാധ്യമങ്ങളോട് പറഞ്ഞു. കിടപ്പിലായ എൻഡോസൾഫാൻ ദുരിതബാധിതരെ പരിചരിക്കുന്നതിന് സി.എസ്.ആർ ഫണ്ടുകളും തേടുന്നുണ്ട്. എൻഡോസൾഫാൻ ദുരിതബാധിതർക്കായി ഡേ കെയർ സെന്ററുകളില്ല. മൊബൈൽ ഹെൽത്ത് കെയർ യൂനിറ്റുകൾ വഴിയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ വഴിയും ഇരകൾക്ക് ഫിസിയോതെറപ്പി സേവനം ലഭിക്കുന്നുണ്ടെന്ന് ഡെപ്യൂട്ടി കമീഷണർ പറഞ്ഞു.
ജൂണോടെ സെന്ററിൽ താഴത്തെ നിലയുടെ നിർമാണം പൂർത്തിയാക്കി കിടപ്പുരോഗികളായ 50 സ്ത്രീകളെ പാർപ്പിക്കാനാണ് ട്രസ്റ്റ് ലക്ഷ്യമിടുന്നത്. ഒരു വർഷത്തിനുള്ളിൽ ശേഷിക്കുന്ന രണ്ട് നിലകളുടെ നിർമാണം പൂർത്തിയാക്കി 100 ഇരകളെ പാർപ്പിക്കും. പുതിയ കേന്ദ്രത്തിൽ അന്തേവാസികളെ തിരഞ്ഞെടുക്കാൻ സർക്കാർ ഡോക്ടർമാർ ഉൾപ്പെടെ വിദഗ്ധ സമിതി രൂപവത്കരിക്കും. ഞായറാഴ്ച നടന്ന ശിലാസ്ഥാപന ചടങ്ങിൽ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി തനുല തരുൺ, ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ ഫൗണ്ടേഷൻ പ്രസിഡന്റ് രവീന്ദ്രനാഥ് ഷാൻഭോഗ്, ട്രസ്റ്റിലെ മറ്റ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.