ഈശ്വർ ഖാന്ദ്രേ
ബംഗളൂരു: ഹൈകമാൻഡ് ഏൽപിക്കുന്ന ഏതൊരു ഉത്തരവാദിത്തവും വിശ്വസ്തതയോടെ ഏറ്റെടുക്കുമെന്ന് മുൻ മന്ത്രി ഈശ്വർ ഖാന്ദ്രേ പറഞ്ഞു. സിദ്ധരാമയ്യ രാജിവെച്ചതിനെത്തുടർന്ന് കർണാടകയിൽ പുതിയ മന്ത്രിസഭ രൂപവത്കരിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്കിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഉപമുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം തന്നെ അറിയിച്ചിട്ടില്ലെന്നും അന്തിമ തീരുമാനം കോൺഗ്രസ് ഹൈകമാൻഡിന്‍റെതാണെന്നും പറഞ്ഞു. സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര എം.എൽ.സി എന്ന നിലയിൽ ധാരാളം നല്ല പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട്.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ പാർട്ടിയെ അധികാരത്തിലെത്തിക്കാൻ അദ്ദേഹം കഠിനമായി പ്രയത്നിച്ചു. സിദ്ധരാമയ്യയുടെ മകനും എം.എൽ.സിയുമായ യതീന്ദ്ര സിദ്ധരാമയ്യയെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു ഖാന്ദ്രേ. പുതിയ മന്ത്രിസഭയിൽ പ്രാതിനിധ്യം ആവശ്യപ്പെട്ട് വിവിധ സമുദായങ്ങളിൽ നിന്നുള്ള സമ്മർദ്ദം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈശ്വർ ഖാന്ദ്രേയുടെ പരാമർശങ്ങൾ. മുതിർന്ന കോൺഗ്രസ് നേതാവ് കെ.എച്ച്. മുനിയപ്പയെ ഉപമുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് മദാര മഹാസഭയുടെയും നിരവധി ദലിത് സംഘടനകളുടെയും നേതാക്കൾ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
ലിംഗായത്ത് നേതാക്കളും അനുയായികളും ഖാന്ദ്രേയുടെ സ്ഥാനാർഥിത്വത്തെ പിന്തുണച്ചു. സർക്കാറിന്‍റെ നേതൃത്വ ഘടനയെക്കുറിച്ചുള്ള നിർണായക തീരുമാനങ്ങൾ ചർച്ച ചെയ്യാൻ കെ.സി. വേണുഗോപാലും രൺദീപ് സിങ് സുർജേവാലയും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ പ്രധാന കൂടിയാലോചനകൾ നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.