കേരള സമാജം ദൂരവാണിനഗർ സംഘടിപ്പിച്ച എം.ടി അനുസ്മരണത്തിൽ എഴുത്തുകാരൻ സുസ്മേഷ് ചന്ദ്രോത്ത് സംസാരിക്കുന്നു
ബംഗളൂരു: മലയാള ഭാവുകത്വത്തെ നാലു പതിറ്റാണ്ടു കാലം സ്വന്തം വിരൽത്തുമ്പിനാൽ നിയന്ത്രിച്ച പ്രതിഭയാണ് എം.ടി. വാസുദേവൻ നായരെന്ന് പ്രശസ്ത എഴുത്തുകാരൻ സുസ്മേഷ് ചന്ദ്രോത്ത് പറഞ്ഞു. കേരള സമാജം ദൂരവാണിനഗറിന്റെ ആഭിമുഖ്യത്തിൽ നടത്തിയ എം.ടി അനുസ്മരണത്തിന്റെ ഭാഗമായി ‘എം.ടിയുടെ സർഗാത്മക ആവിഷ്കാരങ്ങളിലെ മാനവികത’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തകഴി, കേശവദേവ്, ബഷീർ, പൊൻകുന്നം വർക്കി തുടങ്ങിയവരുടെ കഥകൾ എല്ലാവിധ ഉച്ചനീചത്വങ്ങൾക്കെതിരെയും അസംബന്ധങ്ങളും അനാശാസ്യങ്ങളുമായ ആചാരങ്ങൾക്കെതിരെയും വിരൽ ചൂണ്ടിയിരുന്നു. സമൂഹത്തിന്റെ പ്രശ്നങ്ങളാണ് സാഹിത്യത്തിന്റെ വിഷയമാകേണ്ടത് എന്ന നിലപാട് ശക്തി പ്രാപിച്ചുവന്ന കേരളത്തിൽ 1950കളിൽ മനുഷ്യ മനസ്സിലേക്കുള്ള ചുഴിഞ്ഞുനോട്ടവുമായാണ് എം.ടി കടന്നു വരുന്നത്. തനിക്ക് സുപരിചിതമായ ജീവിത പശ്ചാത്തലത്തിൽ എം.ടി നോക്കിയിരുന്നത് മനുഷ്യ മനസ്സിൽ ഒളിച്ചുവെച്ചിരിക്കുന്ന നിഗൂഢതകളിലേക്കാണ്.
ആ എഴുത്ത് മലയാളി സമൂഹത്തെ മൊത്തം സ്വാധീനിക്കുകയും മലയാളിയുടെ വായനാശീലത്തെ ഉയർത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ എല്ലാ കഥകളിലും പണം എന്ന രൂപകം കാണാം. പണം ഇല്ലായ്മ പല കഥകളുടെയും അടിത്തറയാണ്. എം.ടിയുടെ സിനിമകൾ വലിയ കലാപ സ്വഭാവമുള്ളവയല്ല. നിർമ്മാല്യം പോലെ മനുഷ്യർ നേരിടുന്ന പ്രശ്നങ്ങൾക്കെതിരെയുള്ള കലാപ സ്വഭാവമുള്ള ചലച്ചിത്രാവിഷ്കാരം മലയാളി ഭാവുകത്വത്തിന് ഇനിയും സ്വീകാര്യമായിത്തുടങ്ങിയിട്ടില്ല. ചങ്ങമ്പുഴക്ക് ശേഷം മലയാള സാഹിത്യത്തെ തന്റെ വിരൽത്തുമ്പിൽ നിർത്താൻ കഴിഞ്ഞ എഴുത്തുകാരനാണ് എം.ടിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബി.എസ് ഉണ്ണികൃഷ്ണൻ ചർച്ച ഉദ്ഘാടനം ചെയ്തു. ടി.എ. കലിസ്റ്റസ്, കെ.ആർ. കിഷോർ, സി.പി. രാധാകൃഷ്ണൻ, പി. ഗീത, ബാലകൃഷ്ണൻ നമ്പ്യാർ, വാസുദേവൻ, സ്മിത വത്സല, രതി സുരേഷ്, കെ. ചന്ദ്രശേഖരൻ നായർ എന്നിവർ സംവാദത്തിൽ പങ്കെടുത്തു.
സൗദ റഹിമാൻ, സുമ മോഹൻ, കെ. കൃഷ്ണമ്മ എന്നിവർ എം.ടി സിനിമകളിലെ ഗാനങ്ങൾ ആലപിച്ചു. അനുസ്മരണ യോഗത്തിൽ സമാജം പ്രസിഡന്റ് മുരളീധരൻ നായർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡെന്നിസ് പോൾ ആമുഖ പ്രഭാഷണം നടത്തി. സ്കൂൾ സെക്രട്ടറി ചന്ദ്രശേഖരക്കുറുപ്പ്, സമാജം ട്രഷറർ എം.കെ. ചന്ദ്രൻ എന്നിവർ പങ്കെടുത്തു. സാഹിത്യ വിഭാഗം കൺവീനർ സി. കുഞ്ഞപ്പൻ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.