സർഗാത്മക ചിത്രം
ബംഗളൂരു: സംസ്ഥാനത്ത് തെരുവ് നായ് ശല്യം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണത്തിനായി ഗ്രേറ്റർ ബംഗളൂരു അതോറിറ്റിയുടെ അഞ്ച് മുനിസിപ്പൽ കോർപറേഷനുകളുടെ 2026–27 ബജറ്റിൽ 45 കോടി രൂപ വകയിരുത്തി. തെരുവ് നായ് നിയന്ത്രണം, ക്ഷേമം, പൊതു സുരക്ഷ എന്നിവക്കായി ഇത്രയും വലിയ തുക നീക്കിവെക്കുന്നത് ആദ്യമായാണ്.
ഗ്രേറ്റർ ബംഗളൂരു അതോറിറ്റിക്ക് കീഴിലുള്ള അഞ്ച് കോർപറേഷനുകളില്‍ മൊത്തം 2.79 ലക്ഷം തെരുവ് നായ്ക്കളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവയില്‍ 2,670 തെരുവ് നായ്ക്കളെ കണ്ടെത്തിയത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികൾ, സ്പോർട്സ് കോംപ്ലക്സുകൾ തുടങ്ങിയവയില്‍ നിന്നാണ്. സർവേ പ്രകാരം നോർത്ത് കോർപറേഷന്- 875, വെസ്റ്റ് കോർപ്പറേഷന്- 591, സെൻട്രല്‍-504, ഈസ്റ്റ്-369, സൗത്ത് -331 എന്നിങ്ങനെയാണ് തെരുവ് നായ്ക്കളുടെ എണ്ണം. നിംഹാൻസ് കാമ്പസ്-90, ഐ.ഐ.എസ്.സി-80, ബംഗളൂരു സർവകലാശാല-51, കെ.എസ്.ആർ. റെയിൽവേ സ്റ്റേഷന്-42ഉം തെരുവ് നായ്ക്കളെ കണ്ടെത്തി. നഗരത്തിൽ ഏറ്റവും കൂടുതൽ തെരുവ് നായ്ക്കൾ നോർത്ത് കോർപറേഷനിലാണെന്ന് കണ്ടെത്തി.
വന്ധ്യകരണത്തിനായി 10 കോടി രൂപയും ഷെൽട്ടറുകൾക്കായി 15 കോടി രൂപയും ചെലവഴിക്കും. ഈസ്റ്റ് കോർപ്പറേഷന് 26.5 കോടി രൂപയും 500 നായ്ക്കളെ ഉൾക്കൊള്ളാൻ കഴിയുന്ന ഷെൽട്ടറിന് 12 കോടി രൂപയും വന്ധ്യംകരണത്തിന് ആറു കോടി രൂപയും അനുവദിച്ചു.
നോർത്ത് കോർപറേഷന് 11.8 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിൽ വന്ധ്യംകരണത്തിന് മൂന്നു കോടിയും സ്ഥിരം ഷെൽട്ടറുകൾക്ക് 3.8 കോടി രൂപയും നല്‍കും. ഷെൽട്ടറുകൾ, വെറ്ററിനറി ആശുപത്രികൾ, ശ്മശാനങ്ങൾ എന്നിവക്കായി സെൻട്രൽ കോർപറേഷന് അഞ്ച് കോടി രൂപ ലഭിച്ചു. വെസ്റ്റ് കോർപ്പറേഷന് 3.1 കോടി രൂപ അനുവദിച്ചു. ഫണ്ടിന്റെ 70 ശതമാനം വന്ധ്യംകരണത്തിനും നായ സൗഹൃദ പാർക്കുകൾക്കുമായി ഉപയോഗിക്കും.
സൗത്ത് കോർപറേഷൻ ബജറ്റ് വ്യക്തമാക്കിയിട്ടില്ലെങ്കിലും വന്ധ്യകരണ കേന്ദ്രങ്ങൾ സ്ഥാപിക്കുകയും മൊബൈൽ ശ്മശാന സേവനം ആരംഭിക്കാനും പദ്ധതിയുണ്ട്. ആനേക്കലിനടുത്തുള്ള ബിംഗിപുരയിൽ 500 നായ്ക്കൾക്കുള്ള ഷെൽട്ടറിനായി അഞ്ച് ഏക്കർ സ്ഥലം അനുവദിക്കുകയും നിർമാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. രണ്ടു കോടി രൂപയാണ് നിർമാണ ചെലവ്. നോർത്ത് കോർപറേഷനില്‍ രണ്ട് ഷെൽട്ടറുകൾ കൂടി നിർമിക്കാന്‍ പദ്ധതിയുണ്ട് ഇതില്‍ മേദരഹള്ളിയിൽ നിർമ്മാണം ആരംഭിച്ചു. വെസ്റ്റ് കോർപറേഷനില്‍ ഷെൽട്ടര്‍ നിര്‍മ്മാണം സുമനഹള്ളിയിലാണ് നടക്കുക.
തെരുവ് നായ നിയന്ത്രണ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ അഞ്ച് കോർപറേഷനുകളും ഉത്തരവാദികളാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.