ബംഗളൂരു വിമാനത്താവളം
ബംഗളൂരു: ബംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനമാരംഭിച്ച ശേഷമുള്ള ആകെ യാത്രക്കാരുടെ എണ്ണത്തിൽ 40 കോടി എന്ന നാഴികക്കല്ല് പിന്നിട്ടു. ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ മൂന്നാമത്തെ വിമാനത്താവളമായ ഇവിടെ 2025-26 സാമ്പത്തിക വർഷത്തിൽ അന്താരാഷ്ട്ര യാത്രക്കാരിലും ചരക്കുനീക്കത്തിലും വൻ വളർച്ചയാണ് രേഖപ്പെടുത്തിയത്. വിമാനത്താവളത്തിന്റെ നടത്തിപ്പുകാരായ ബംഗളൂരു ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡ് പുറത്തുവിട്ട വിവരങ്ങളാണിത്. കർണാടക ചീഫ് സെക്രട്ടറി ശാലിനി രജനീഷിന്റെ അധ്യക്ഷതയിൽ ചേർന്ന ബി.ഐ.എ.എൽ. ഡയറക്ടർ ബോർഡിന്റെ 134ാമത് യോഗത്തിൽ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളും ഭാവി വികസന പദ്ധതികളും വിലയിരുത്തി.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മാത്രം 44.47 മില്യൺ യാത്രക്കാരാണ് കെംപെഗൗഡ വിമാനത്താവളം വഴി യാത്ര ചെയ്തത്. മുൻവർഷത്തെ അപേക്ഷിച്ച് 6.2 ശതമാനത്തിന്റെ വളർച്ചയാണിത്. ഇതിൽ അന്താരാഷ്ട്ര യാത്രികരുടെ എണ്ണത്തിലുണ്ടായ 23.9 ശതമാനത്തിന്റെ വർധനവാണ് വിമാനത്താവളത്തിന് കരുത്തായത്. ഇക്കാലയളവിൽ 7.23 മില്യൺ അന്താരാഷ്ട്ര യാത്രക്കാരും 37.24 മില്യൺ ആഭ്യന്തര യാത്രക്കാരും വിമാനത്താവളം ആശ്രയിച്ചു. നിലവിൽ ഇവിടെ നിന്ന് രാജ്യത്തിനകത്തെ 78 കേന്ദ്രങ്ങളിലേക്കും 34 അന്താരാഷ്ട്ര നഗരങ്ങളിലേക്കും നേരിട്ട് സർവിസുകളുണ്ട്.
വിമാന സർവിസുകളുടെ എണ്ണത്തിലും ഈ വർഷം വലിയ വർധനവുണ്ടായി. മുൻവർഷത്തെ അപേക്ഷിച്ച് 4.5 ശതമാനം വർധനവോടെ ആകെ വിമാന സർവിസുകൾ 2.8 ലക്ഷത്തിലെത്തി. പ്രതിദിനം ശരാശരി 769 വിമാന സർവിസുകൾ നടക്കുന്നുണ്ട്. ഒരു ദിവസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്ക് 837 സർവിസുകളാണ്. ഒരു ദിവസം വിമാനത്താവളം വഴി കടന്നുപോയ ഏറ്റവും ഉയർന്ന യാത്രക്കാരുടെ എണ്ണം 1.39 ലക്ഷമായതായും ഉയർന്നതായും ബി.ഐ.എ.എൽ. പ്രസ്താവനയിൽ വ്യക്തമാക്കി. ചരക്കുനീക്കത്തിലും വിമാനത്താവളം മികച്ച നേട്ടമുണ്ടാക്കി.
മുൻവർഷത്തെ അപേക്ഷിച്ച് ആറ് ശതമാനം വളർച്ചയോടെ 5.32 ലക്ഷം മെട്രിക് ടൺ ചരക്കാണ് ഇവിടെ കൈകാര്യം ചെയ്തത്. ഫാർമസ്യൂട്ടിക്കൽസ്, വേഗത്തിൽ കേടുവരുന്ന വസ്തുക്കൾ, ഓട്ടോ പാർട്സുകൾ, ഇലക്ട്രോണിക്സ്, ഇ-കോമേഴ്സ് എന്നീ മേഖലകളിലെ വർധിച്ച ആവശ്യകതയാണ് ഈ നേട്ടത്തിന് പിന്നിൽ. തുടർച്ചയായ അഞ്ചാം വർഷവും വേഗത്തിൽ കേടുവരുന്ന കാർഷിക ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ ഇന്ത്യയിലെ ഒന്നാം സ്ഥാനം ബംഗളൂരു വിമാനത്താവളം നിലനിർത്തി.
2025-26 വർഷത്തിൽ 60 മില്യൺ റോസാപ്പൂക്കളാണ് ഇവിടെനിന്നും കയറ്റി അയച്ചത്. മാമ്പഴ കയറ്റുമതിയിൽ കഴിഞ്ഞ അഞ്ച് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 12 ശതമാനം വളർച്ചയും രേഖപ്പെടുത്തി. യാത്രക്കാരുടെ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും ബംഗളൂരുവിനെ ദക്ഷിണേന്ത്യയിലെ പ്രധാന വ്യോമയാന ഹബ്ബാക്കി മാറ്റുന്നതിനുമുള്ള അടിസ്ഥാന സൗകര്യ വികസന പ്രോജക്ടുകളും ബോർഡ് യോഗം വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.